ഫേസ്ബുക്കിന്റെ പ്രതിനിധികളെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്താന്‍ തീരുമാനം; ശശി തരൂരിനെ കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്ന് ബി.ജെ.പി അംഗങ്ങള്‍
ന്യൂദല്‍ഹി: ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്തും.
അടുത്ത മാസം രണ്ടിന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ പ്രതിനിധികളോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആദ്യമായിട്ടാണ് ആരോപണങ്ങളെ തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ഇത്തരത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തുന്നത്. പൗരാവകാശ സംരക്ഷണവും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ ഫേസ്ബുക്കിന്റെ അഭിപ്രായം തേടുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നോട്ടീസില്‍ പറയുന്നുണ്ട്.
അതേസമയം ശശി തരൂര്‍ എം.പിയെ പാര്‍ലമെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നാനവശ്യപ്പെട്ട് ബി.ജെ.പി എം.പിയും കമ്മറ്റിയംഗവുമായ നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി.
തന്റെ രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കായി തരൂര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചുവെന്നും പാര്‍ലമെന്റ് സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ബിജെപിയെ ലക്ഷ്യമിട്ടതായും ദുബെ നാല് പേജ് വരുന്ന കത്തില്‍ ആരോപിച്ചു.
നേരത്തെ ശശി തരൂര്‍ ദുബെയ്‌ക്കെതിരെ രംഗത്ത് എത്തിയതിന് പിന്നാലെയാണിത്. ഫേസ്ബുക്കിന്റെ തെറ്റായ നടപടി ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പാനല്‍ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച തീരുമാനത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍, ”അജണ്ടയെക്കുറിച്ച് അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഒന്നും ചെയ്യാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന് അധികാരമില്ല” എന്ന് ദുബെ ട്വിറ്ററില്‍ നടത്തിയ പ്രസ്താവനയെ ശശി തരൂര്‍ ശക്തമായി എതിര്‍ത്തു.
ഫേസ്ബുക്കിന്റെ തെറ്റായ നടപടികളും വിദ്വേഷ പ്രചരണവും തെറ്റായ വാര്‍ത്തകളുടെ വ്യാപനവും തടയുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് വ്യക്തത തേടുന്നതിന് ഒരു കമ്മിറ്റി യോഗം വിളിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ദുബെ അവഹേളിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് തരൂര്‍ പറഞ്ഞത്.
നിഷികാന്ത് ദുബെയുടെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റ് അംഗം ചെയര്‍മാന്‍ എന്നീ നിലയില്‍ തന്റെ സ്ഥാനത്തെ മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥാപനത്തിനാണ് അപമാനമുണ്ടാക്കിയിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.