നമ്മളറിയാതെ നമ്മളില്‍ പൊതുബോധം ഇടപെട്ടു കൊണ്ടേയിരിക്കും. പൊതുബോധം എന്നു പറയുമ്പോള്‍ പൊതുവെയുള്ള ബോധം തന്നെ. എന്നാലത് താല്‍പര്യത്തിന്റെ നീതിസാരത്തില്‍ ന്യൂനപക്ഷ അധികാര വര്‍ഗങ്ങളുടെ ബോധമായിരിക്കും. പൊതുബോധത്തെ നിര്‍ണയിക്കാനും നിയന്ത്രിക്കാനും കഴിയുന്ന സാമൂഹ്യ വിഭാഗങ്ങളുടെ ഇച്ഛയും അഭിലാഷങ്ങളുമായിരിക്കും ഇത്തരത്തില്‍ സമൂഹത്തില്‍ പൊതുവല്‍ക്കരിക്കപ്പെടുക.
എന്നാല്‍ ചില അവസരങ്ങളില്‍ ഇത്തരം ബോധങ്ങള്‍ ഉരുക്കഴിച്ച് രംഗത്തെത്തും. അതിന്റെ വര്‍ഗ/വര്‍ണ ബോധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. അത്തരത്തിലൊരു അവസരത്തിനാണ് ബോധപൂര്‍വ്വമല്ലെങ്കിലും മമ്മൂട്ടി ഒരു ഇടപെടലിലൂടെ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. മമ്മൂട്ടി ന്യായീകരിക്കപ്പെടണോ അതോ അബ്ദു റബ്ബ് ന്യായീകരിക്കപ്പെടേണ്ടതോ എന്നതിനേക്കാള്‍ നിലവിളക്കുപോലുള്ള സാസംകാരിക ചിഹ്നങ്ങളില്‍ വര്‍ണ/വര്‍ഗ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അത്തരത്തില്‍ തന്നെയാണ് നിലവിളക്ക് മതവുമായി ബന്ധമില്ലാത്തതാണെന്ന മമ്മൂട്ടിയുടെ ഉപദേശവും നിലവിളക്ക് കൊളുത്തില്ലെന്ന അബ്ദുറബ്ബിന്റെ നിഷേധവും ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ന്യായങ്ങളും പ്രതി ന്യായങ്ങളുമായി ഫേസ്ബുക്ക് നിലവിളക്ക് എന്ന സാംസ്‌കാരിക ചിഹ്നത്തെയും അതുപോലുള്ള മറ്റ് സാംസ്‌ക്കാരിക ചിഹ്നങ്ങളുടെയും ഇടപെടലുകളെ മലര്‍ക്കെ തുറക്കുന്നു. അതുകൊണ്ട് തന്നെ അത്തരത്തിലൊരു സംവാദത്തെ ക്രമീകരിക്കേണ്ടതും ഒരുമിച്ചുള്ള വായന സാധ്യമാക്കേണ്ടതും ഞങ്ങളുടെ കടമയാണെന്ന് മനസിലാക്കിക്കൊണ്ട് പ്രസ്തുത സംവാദത്തിലേയ്ക്ക്…
നിലവിളക്ക്: നിഷിദ്ധവും നിര്‍ബന്ധവുമാകുമ്പോള്‍
നാമൂസ് പെരുവള്ളൂര്‍
“കൊളുത്താനും കൊളുത്താതിരിക്കാനും സ്വാതന്ത്ര്യമുണ്ട്” എന്ന് ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്ന എളുപ്പമല്ല ഇവിടെ നമ്മെ നയിക്കേണ്ടത്.
സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ ആചാര/അനുഷ്ടാന/വിശ്വാസ പ്രമാണങ്ങളും മറ്റും സമൂഹത്തിലെ വ്യവഹാര തലങ്ങളെയെല്ലാം സ്വാധീനിക്കുക സ്വാഭാവികം. ഒരു സമൂഹത്തിന്റെ “ബോധ നിര്‍മ്മിതി” ഇപ്രകാരമാണ്. ഇങ്ങനെ ഉണ്ടാകുന്നതോ ഉണ്ടാക്കപ്പെടുന്നതോ ആയ പൊതുബോധത്തെ നിലനിറുത്താനും മറ്റുള്ളവര്‍ക്ക് മേല്‍ നിര്‍ബന്ധിക്കാനും അവിടത്തെ ഭൂരിപക്ഷമാകുന്ന ഈ “ആധിപത്യ വര്‍ഗ്ഗം” നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. കാലം ചെല്ലവേ… അതത്രയും സമൂഹത്തില്‍ ഉറച്ചു പോവുകയും ജനത “പൈതൃകം” എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും.
ഇത് നിലനിറുത്തേണ്ടത് ഈ ആധിപത്യവര്‍ഗ്ഗത്തിന്റെ ആവശ്യമാകയാല്‍ അവര്‍ ശ്രദ്ധാലുക്കളും മര്‍ദ്ദകരും വിധികര്‍ത്താക്കളുമാവും. അത്തരമൊരു ശ്രദ്ധയും മര്‍ദ്ദനവും തീര്‍പ്പും “വിളക്ക് കൊളുത്തല്‍” വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലും !കാണാം.
എങ്കില്‍, ഇതൊരു സാംസ്‌കാരിക ആധിപത്യമാണ്. ചിഹ്നങ്ങളെയും അടയാളങ്ങളെയും ചൂണ്ടിയുള്ള തിട്ടൂരം പാസ്സാക്കലുകള്‍.
ഒരു വശത്ത് കാര്യങ്ങിങ്ങനെ പുരോഗമിക്കുമ്പോള്‍ മറുവശത്ത് “കൊളുത്തില്ല” എന്ന് നിഷേധിക്കുന്നിടത്തും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലുള്ള തീര്‍പ്പിന് വിധേയപ്പെടുകയാണ്. അല്ലാതെകണ്ട് കാലങ്ങളോളമായി ഉറച്ചുപോയ ഒരു ബോധത്തിലെ അനീതിയും അയുക്തിയും അചരതയും ബോധ്യപ്പെട്ടുള്ള കുടഞ്ഞെറിയല്‍ അല്ല. അങ്ങനെയായിരുന്നേല്‍, “കൊളുത്തില്ല” എന്നത് ഒരു സാംസ്‌കാരിക പോരാട്ടമാകുമായിരുന്നു. എന്നാലിതില്‍ അടങ്ങിയിട്ടുള്ളത് സാംസ്‌കാരിക അടിമത്തമാണ്. അതുത്പാദിപ്പിക്കുന്നതോ അസഹിഷ്ണുതയും. സാംസ്‌കാരിക ആധിപത്യത്തിന് ശ്രമിക്കുന്നത് പോലെത്തന്നെയാണ് അവക്ക് അടിമപ്പെടുന്നതും.
കൊളുത്തില്ല എന്നതും എന്താ കൊളുത്തിയാല്‍ എന്നതും അത്ര നിഷ്‌കളങ്കമല്ല എന്ന് ചുരുക്കം. ഇവിടെയാണ് വിളക്ക് കൊളുത്തല്‍ പോലുള്ള മതാചാരങ്ങളിലെ നിഷിദ്ധവും നിര്‍ബന്ധവും എത്രകണ്ട് പ്രതിലോമകരവും അപകടകരവുമാണെന്ന് മനസ്സിലാകുന്നത്.
തീര്‍ച്ചയായും നിലവിളക്ക്/പൂജ തുടങ്ങിയ മതാചാര നിര്‍ബന്ധങ്ങളിലെ സാംസ്‌കാരികാധിപത്യവും അടിമത്തവും ഒരു ബഹുസ്വര ജീവിതത്തില്‍ നിരന്തരം ചോദ്യം ചെയ്യപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്.
അത്രയും ശക്തമായി നിലകൊള്ളേണ്ട ഒന്നാണ്, പൊതു ഇടങ്ങളില്‍ ഇത്തരം സാംസ്‌കാരികാധിപത്യങ്ങളെ ചെറുത്ത് മതേതര സൈ്വര്യജീവിതം സാധ്യമാക്കുക എന്നത്. ഈ ചര്‍ച്ചകളൊക്കെയും അതിലേക്കുള്ള ശ്രമങ്ങളാവട്ടെ…
ഏഴു തിരിയിട്ട നെയ്‌വിളക്ക് ഹൈന്ദവയുടെ ആവശ്യം; അത് നിഷേധിക്കാന്‍ റബ്ബിനും അവകാശമുണ്ട്
അജയ് കുമാര്‍
പഴയ ടോണിക്ക് കുപ്പിയിയുടെ അടപ്പില്‍ ഒരു തുളയിട്ട് പഴയ കൈലിമുണ്ട് കീറി തെറുത്ത് തിരിയാക്കി ഉപയോഗിക്കുന്ന മണ്ണെണ്ണ വിളക്കാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മിക്കവാറും സാധാരണക്കാരുടെ വിളക്കെല്ലാം അങ്ങനെതന്നെ. അത് കത്തിച്ചാല്‍ ഉത്ഘാടനം നടക്കില്ല ! ഏഴു തിരിയിട്ട നെയ്‌വിളക്ക് വേണം എന്നത് സവര്‍ണ്ണ ഹൈന്ദവയുടെ ആവശ്യമാണ്, അതുപറ്റില്ല എന്ന് പറയാന്‍ ശ്രീമാന്‍ റബ്ബിന് അവകാശം ഉണ്ട്
പിന്‍കുറിപ്പ് :
മമ്മൂട്ടിയെയും, കൂടെ അഭിനയിച്ച സകല സ്ത്രീകളെയും തെറിവിളിച്ചു എന്ന് മാത്രമല്ല , സിനിമ തന്നെ ഹറാം ആണെന്ന് ഉത്‌ഘോഷിക്കുന്ന അക്രോശങ്ങളിലൂടെ എന്താണോ , റബ്ബ് പല വേദിയില്‍ നിരാകരിച്ച നിലവിളക്ക്, ഈ വേദിയിലും കൊണ്ടുവേച്ചവര്‍ ഉദ്ദേശിച്ചത് അത് നടന്നു !
അടുത്ത പേജില്‍ തുടരുന്നു
അബ്ദുറബ്ബുമാര്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല
കെ.എ ഷാജി
ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് കടുത്ത അതിജീവന വെല്ലുവിളികള്‍ നേരിടുന്ന സമകാലിക സാഹചര്യത്തില്‍ പോലും നിലവിളക്കുകൊളുത്തല്‍ ആണ് മുസ്‌ലിം സമുദായം നേരിടുന്ന ഏക വെല്ലുവിളിയെന്ന് വിശ്വസിക്കുന്ന അബ്ദുറബ്ബുമാര്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല. എന്നാല്‍ ഞങ്ങളുടെ വിളക്ക് സെക്യുലര്‍ വിളക്ക് ആണെന്നും അത് കത്തിച്ചാലേ ഇന്ത്യയില്‍ ജീവിക്കാനാവൂ എന്നും ചിലര്‍ ഫേസ്ബുക്കില്‍ കൃത്യമായി വ്യംഗിപ്പിക്കുന്നുണ്ട്.
വാസ്തവത്തില്‍ മണ്ണെണ്ണ വിളക്കിന്റെ അത്രപോലും അന്ധകാരം കളയാന്‍ നിലവിളക്കിന് കഴിയില്ല. കുറേ വെളിച്ചെണ്ണ കത്തിച്ച് കളയുക മാത്രമാണ് ഏകനേട്ടം. സെറ്റ് സാരി ഉടുത്ത് ഹൈഹീല്‍ഡ് ചെരിപ്പിട്ട് നിലവിളക്കു കത്തിക്കാനുള്ള ഉപവിളക്കുമായി ഇടറി ഇടറി വന്ന യുവതിയോട് ഒരു തീപ്പെട്ടി തന്നാല്‍ പോരായിരുന്നോ എന്ന് ചോദിച്ചത് സഖാവ് ഇ.കെ നായനാര്‍ ആയിരുന്നു.
വീണ്ടും വിളക്ക് കൊളുത്തിക്കുന്ന സാഡിസ്റ്റുകള്‍
ഹഡ്‌സണ്‍ എസ്.ജി
കുറച്ച് വര്‍ഗീയ പുരോഗമന വാദികള്‍ ഈ നാടിനെ പുരോഗമിപ്പിച്ചേ അടങ്ങൂ. മുസ്‌ലിം ലീഗ് നേതാക്കള്‍ നിലവിളക്ക് കൊളുത്തുന്നതില്‍ ഉളള വിയോജിപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. വീണ്ടും അവരെ കൊണ്ടു വിളക്ക് കൊളുത്തിയാലെ അടങ്ങു എന്ന് വാശിപിടിക്കുന്നവര്‍ സാഡിസ്റ്റുകള്‍ ആണ്. അപകടകരമായ വര്‍ഗീയ കോമരങ്ങള്‍ ആണ്…
വീണ്ടും കരിന്തിരി കത്തിക്കൊണ്ടിരിക്കുന്ന മനസ്സുകള്‍
നാസര്‍ കുന്നും പുറത്ത്
ജവാഹര്‍ ലാല്‍ നെഹ്‌റുവിനെ കുറിച്ച് ഒരു സംഭവം എവിടെയോ വായിച്ചിട്ടുണ്ട്. അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിനെ ഏതോ കപ്പല്‍ നീറ്റിലിറക്കാന്‍ വേണ്ടി ക്ഷണിച്ചു. സാധാരണ കപ്പലിന്റെ പള്ളയില്‍ തേങ്ങ ഉടച്ചു ആ വെള്ളം പള്ളയില്‍ ഒഴുക്കിയാണ് ഈ കര്‍മ്മം ചെയ്യാറുള്ളത്. എന്നാല്‍ നെഹ്‌റു ഇത് ചെയ്യാന്‍ വിസമ്മതിച്ചു കൊണ്ട് കൊടുത്ത തേങ്ങ പുള്ളി തിരിച്ചയച്ചു, ദേശീയപതാക വീശി കപ്പല്‍ നീറ്റിലിറക്കി. നെഹ്‌റുവിന്റെ സ്വഭാവം വച്ച് സംഗതി സത്യമായിരിക്കാന്‍ ആണ് സാധ്യത. നമ്മുടെ നാട്ടില്‍ ഓരോ നിലവിളക്ക് വിവാദവും ഉണ്ടാകുമ്പോള്‍ ഇത്തരം ചില ചരിത്ര സംഭവങ്ങള്‍ ഓര്‍മ്മവരും.
എന്താണ് നിലവിളക്ക്, അത് മതേതരം ആണോ, അതുകൊണ്ടാണോ മതേതരത്വം ഉണ്ടാകുന്നത്, പ്രകാശം പരത്തുക എന്ന മഹത്തായ കര്‍മ്മം ആണോ ഇതു ചെയ്യുന്നത്, എന്നീ രീതിയില്‍ ചര്‍ച്ചകള്‍ വഴി തിരിഞ്ഞു പോകാറുണ്ട്.
ആചാരപരമായും, അനുഷ്ഠാനപരമായും നിലവിളക്ക് ഒരു സവര്‍ണ്ണ ഹൈന്ദവ ബിംബം തന്നെയാണ്. സവര്‍ണ്ണ സംസ്‌കൃതിയുടെ ഭാഗം ആയ നിലവിളക്ക് ഇല്ലാതെ അവരുടെ ആരാധനകളോ, ആചാരങ്ങളോ പൂര്‍ത്തിയാവില്ല. കേരളത്തിലാണെങ്കില്‍ പിന്നോക്ക വിഭാഗം പൊതുവേ നിലവിളക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു പോലും ആയിട്ടില്ല. അവരുടെ ആരാധനാ മൂര്‍ത്തികളുടെ മുമ്പില്‍ നിലവിളക്കല്ല. മണ്‍ചെരാതില്‍ തിരിയിട്ടാണ് അവര്‍ ആരാധന നടത്തിയിരുന്നത്.
നിലവിളക്കിനെ വിക്കി ഇങ്ങനെ വിശദീകരിക്കുന്നു:
അനുഷ്ഠാനം എന്ന നിലയില്‍ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേക നിയമങ്ങളുമുണ്ട് ലോഹമിശ്രിതമായ ഓടുകൊണ്ട് നിര്‍മിച്ച നിലവിളക്കാണ് പൂജാകര്‍മങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തില്‍ ബ്രഹ്മ മുഹൂര്‍ത്തത്തിലും വൈകിട്ട് വിഷ്ണുഹൂര്‍ത്തമായ ഗോധൂളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം.
വിളക്കിലെ തിരികള്‍ തെളിക്കുന്നതിനും പ്രത്യേക ചിട്ടകള്‍ കല്‍പിക്കപ്പെട്ടിരുന്നു. പ്രഭാതത്തില്‍ കിഴക്കോട്ടും പ്രദോഷത്തില്‍ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളില്‍ അഞ്ചോ, ഏഴോ തിരികള്‍ തെളിക്കാം. അമര്‍ത്യര്‍, പിതൃക്കള്‍, ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, യക്ഷോവരന്മാര്‍, രാക്ഷസന്മാര്‍ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാര്‍.
കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തില്‍ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കരുതെന്നും നിയമമുണ്ട്. തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് സങ്കല്‍പം.
തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രിക കര്‍മങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗല്യപ്രശ്‌നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്. ഈ രീതിയില്‍ ഉള്ള എല്ലാ ആചാരങ്ങളെയും, അനുഷ്ഠാന ക്രമങ്ങളെയും അനുസരിച്ചാണ് നിലവിളക്ക് കൊളുത്താറുള്ളത്.
എന്താണ് അബ്ദുറബ്ബിന്റെ പ്രശ്‌നം?
അബ്ദുറബ്ബ് ഒരു മുസ്‌ലിം ലീഗ് മന്ത്രിയാണ്. അങ്ങേര്‍ നിലവിളക്ക് കത്തിക്കുന്ന ഫോട്ടോ തിരഞ്ഞെടുപ്പില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന ഭയം ആവാം ഇതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. മമ്മൂട്ടി ഒരു നടന്‍ എന്ന നിലയില്‍ വര്‍ഷങ്ങളായി സിനിമാ പൂജകളില്‍ പങ്കെടുക്കുന്ന ഒരാള്‍ ആയതിനാല്‍ അദ്ദേഹത്തിനു ഇതില്‍ പ്രശ്‌നം ഒന്നും തോന്നിക്കാണില്ല.
രണ്ടു വ്യക്തികളുടെ സാഹചര്യങ്ങള്‍ രണ്ടാണ്, ജീവിത വീക്ഷണവും രണ്ടാണ്. മമ്മൂട്ടിക്ക് വിളക്ക് കത്തിക്കാന്‍ തോന്നിയ പോലെ തന്നെ റബ്ബിനു വിളക്ക് കത്തിക്കാതിരിക്കാന്‍ തോന്നാനും ഉള്ള അവകാശവും കാരണവും ഉണ്ട്. കേരളത്തിലെ പിന്നോക്ക ഹൈന്ദവരുടെ പോലും ചിഹ്നം അല്ലാത്ത ഒരു വിളക്ക് കത്തിക്കാതിരുന്നു എന്നത് കൊണ്ട് തകര്‍ന്നു പോകുന്ന ഒന്നാണ് മതേതരത്വം എന്ന് ഞാന്‍ കരുതുന്നില്ല.
ഒരു ചടങ്ങ് തുടങ്ങുമ്പോള്‍ അസ്സലാമു അലൈക്കും എന്ന് പറഞ്ഞു തുടങ്ങണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ മറ്റൊരാള്‍ക്ക് അതിനു സൗകര്യമില്ല എന്ന് പറഞ്ഞത് കൊണ്ട് മതേതരത്വം തകരുമോ. അവിടെ “അസ്സലാമു അലൈക്കും” എന്ന വാക്കിനു നിനക്ക് നന്മ ഉണ്ടാവട്ടെ എന്നാണ് എന്ന ന്യായീകരണം കൊണ്ട് വരുന്നത് പോലെ തന്നെയേ ഉള്ളൂ നിലവിളക്ക് കൊണ്ട് മനസ്സിന് പ്രകാശം നല്‍കുകയാണ് എന്ന തരത്തില്‍ വ്യാഖാന ഫാക്ടറി തുറക്കുന്നതും.
അടുത്ത പേജില്‍ തുടരുന്നു
നിലവിളക്ക് കൈവിട്ടു പോയ കാര്യം അറിഞ്ഞില്ല അല്ലേ… അല്ലാഹുവാണത്രെ.. അല്ലാഹു
ഷഹബാസ് അമന്‍
അല്ലാഹു അവരോടു പറയുന്നു:
“”ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലുമുള്ളതെല്ലാം അവന്റെതാണ്.മണ്ണിന്നടിയിലുള്ളതും””
അപ്പോള്‍ അവര്‍ :
“”അത് പള്ളിയില്‍ പറഞ്ഞാ മതി. നിലവിളക്ക് കൈവിട്ടു പോയ കാര്യം അറിഞ്ഞില്ല അല്ലേ… അല്ലാഹുവാണത്രെ.. അല്ലാഹു””
കൊളുത്താന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അത് ചെയ്യാതിരിക്കാനുള്ള അവകാശമുണ്ട്.
ടി.സി രാജേഷ് സിന്ധു
പൊതുചടങ്ങുകളിലും മറ്റും ഈശ്വര പ്രാര്‍ത്ഥനയുടെ സമയത്ത് എഴുന്നേറ്റു നില്‍ക്കുന്നത് എനിക്കു ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, ചിലപ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എഴുന്നേറ്റു നില്‍ക്കേണ്ടി വരാറുണ്ടുതാനും. എഴുന്നേറ്റില്ലെങ്കില്‍തന്നെ, എഴുന്നേല്‍ക്കുന്നവരെ ഞാന്‍ അലോസരപ്പെടുത്താറുമില്ല. അതുപോലെ തന്നെയാണ് ഉദ്ഘാടനങ്ങള്‍ക്ക് നിലവിളക്കു കൊളുത്തുന്നതും. കൊളുത്താന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അത് ചെയ്യാതിരിക്കാനുള്ള അവകാശമുണ്ട്. അതിനെ അംഗീകരിച്ചേ മതിയാകൂ.
കുറഞ്ഞപക്ഷം, സര്‍ക്കാര്‍ പൊതു ചടങ്ങുകളിലെങ്കിലും ഈശ്വരപ്രാര്‍ത്ഥനയും നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനങ്ങളും ഒഴിവാക്കാനുള്ള ആര്‍ജ്ജവമാണ് സംഘാടകര്‍ കാട്ടേണ്ടത്.
വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശം അബ്ദു റബ്ബിനും ഉണ്ട്.
അഫ്‌സു കട്ടിയം
വിദ്യാഭ്യാസ മന്ത്രി എന്ന നിലക്ക് എല്ലാം തികഞ്ഞ ഒരു വിവരംകെട്ടവന്‍ ആണെങ്കിലും അയാളുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശം അയാള്‍ക്ക് ഉണ്ട്. വിളക്ക് കത്തിക്കുന്നതിലെ ശരിയും തെറ്റും ചൂണ്ടി കാണിച്ചായിരുന്നില്ല വേദിയില്‍ മമ്മൂട്ടി “ആള്‍” ആവേണ്ടിയിരുന്നത്. എവിട്രാ ഹമുക്കെ കുട്ടികള്‍ക്ക് പഠിക്കേണ്ട പുസ്തകങ്ങള്‍ എന്ന് ചോദിക്കാമായിരുന്നൂ… എന്ത് തോന്നിവാസമാണ് മണ്ണുണ്ണി റബ്ബേ നിങ്ങള് വിദ്യാഭ്യാസ വകുപ്പില് കാണിച്ച് കൂട്ടുന്നത് എന്ന് ചോദിക്കാമായിരുന്നൂ…. അങ്ങനെ പലതും ചോദിക്കാമായിരുന്നൂ മമ്മൂക്കയ്ക്ക് .
വലിയ വര്‍ഗീയവാദിയായ മന്ത്രി ആണ് നിലവിളക്ക് കൊളുത്താന്‍ മടിക്കുന്ന അബ്ദുള്‍ റബ്ബ്
ജോര്‍ജ് ഫ്രീമാന്‍
കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയായ മന്ത്രി ആണ് നിലവിളക്ക് കൊളുത്താന്‍ മടിക്കുന്ന അബ്ദുള്‍ റബ്ബ്..
സകല കള്ളന്‍മാരും പെണ്ണ് പിടുത്തക്കാരും ഇയാളുടെ പുറകിലെ വരൂ… അത്രക്ക് വിഷമാണിയാള്‍ കേരള സമൂഹത്തിന് നല്‍കുന്നത്..
മണ്ണില് പണിയെടുത്ത ജനതയുടെ ആഘോഷങ്ങളില്‍ ഉരല്‍പുറത്ത് കത്തിച്ച ആ വിളക്കാ പ്രകാശം
പി.ടി ജാഫര്‍
എന്റെ അമ്മേ….നിലവിളക്ക് കത്തിച്ചാല് ഒരു ചുക്കും വരാനില്ല ഇവിടെ.. അതെ ഇല്ല. ഇവിടെ നോമ്പ് എടുക്കാത്ത എനിക്കും ഒരു ചുക്കും വരാനില്ല, നിസ്‌കരിക്കാത്തോനും ഇല്ല. അപ്പോ അത് ചെയ്യോണല് വിശ്വാസത്തിന്റെ പുറത്തല്ലെ.. ശരി അവര് അങ്ങനെ ചെയ്യട്ടെ. അല്ലാത്തോര് ചെയ്യേണ്ട അതന്നെ.. അയിന്നിപ്പോ വേദവാക്യം പുലമ്പി ശരിപെടുത്തണോ.. മാണ്ടാന്നന്റെ അഭിപ്രായം.
പന്നി ഹറാം ആയോരാ. അങ്ങനെ പലജാതി വിശ്വാസങ്ങള് പലര്‍ക്കും ഉണ്ടാവും. ഒന്നില്ലെങ്കില് വിശ്വാസത്തെ എപ്പോഴും ചോദ്യം ചെയ്യുക, അല്ലാതെ നയത്തില് ചില വരേണ്യ വിശ്വാസങ്ങളെ ജനകീയമാക്കുന്നത് തികച്ചും ബ്രാഹ്മണിക്കലാണ്. അല്ലെങ്കില് എന്തിനാണ് നിലവിളക്ക് , വെളിച്ചം ഇപ്പോ ആവശ്യത്തിനില്ലെ,, അല്ല പണ്ട് പൂര്‍വികര്‍ കരണ്ട് ഇല്ലാത്തോണ്ട് ഇത്തരം വിളക്ക് കത്തിക്കാറുണ്ട്. ആ അനുസ്മരണം ആണെങ്കില് മണ്ണെണ്ണ വിളക്കാണ് കത്തിക്കേണ്ടത്..
മണ്ണില് പണിയെടുത്ത ജനതയുടെ ആഘോഷങ്ങളില്‍ ഉരല്‍പുറത്ത് കത്തിച്ച ആ വിളക്കാ പ്രകാശം ചൊരിഞ്ഞത്. അവരുടെ കുരവയാണ് സംഗീതം പൊഴിച്ചത്. അല്ലാതെ തമ്പ്രാക്കന്മാരുടെ നടുമുറ്റത്ത് മാത്രം കത്തിക്കണ നിലവിളക്കോ..വാദ്യങ്ങളോ ആയിരുന്നില്ല. എന്റെ പക്ഷം ഉദ്ഘാടനത്തിന് ഇത്തരം വിളക്ക് കത്തിക്കാതെ നേരെ കാര്യത്തിലേക്ക് കിടക്കാം. ഇത്തരം അല്‍പത്തര പ്രഹസനങ്ങള് എന്ന മാറ്റണം.
NB: പണ്ട് ജേണലിസം അക്കാദമിയില്, ഇത്തരം വിളക്ക് കത്തിക്കുമ്പോള് പിന്നിലിരുന്ന് പുച്ഛിക്കാന്‍ പരിശീലിച്ച ഞങ്ങള് സുഹൃത്തുക്കളെ നോക്കി മുഖം കറുപ്പിച്ച ചില അധ്യാപകരോടും പറയുന്നു. ഞങ്ങള് അത്തരം കപട നാടകങ്ങളെ പൊളിച്ചെഴുതുമ്പോഴും… നിങ്ങള് അപ്പോഴും പിന്നോട്ട് ഓടുന്ന വണ്ടിക്ക് പിറകെ മുന്നോട്ട് ഓടുകയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
നിലവിളക്ക് കൊളുത്തല്‍, യോഗ തുടങ്ങിയവയ്ക്ക് എതിരെ മത തിവ്രവാദ നിലപാടില്‍ മുസ്‌ലിം ലീഗ്.
അനില്‍ കെ പത്തനംതിട്ട
യു.എന്നിന്റെ ആഭിമുഖ്യത്തില്‍ യോഗ ദിനം ആചരിക്കുന്നു .
117 രാജ്യങ്ങള്‍ അതില്‍ പങ്കാളി ആകുന്നു .
ഗള്‍ഫില്‍ സര്‍കാരിന്റെ പങ്കാളിത്തത്തോടെ ഷേക്കുമാര്‍ അടക്കം പങ്കെടുത്ത് യോഗ ദിനം.
നിലവിളക്ക് കൊളുത്തല്‍, യോഗ തുടങ്ങിയവയ്ക്ക് എതിരെ മത തിവ്രവാദ നിലപാടില്‍ മുസ്‌ലിം ലീഗ്.
എന്നിട്ടും മതേതര പാര്‍ട്ടി എന്ന് അവകാശവാദം !
ഇത്തരം തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ നിര്‍ത്തണം
നിലവിളക്ക് ആര്‍ക്കും കൊളുത്താം എന്നതുപോലെ തന്നെയാണ് ഒരാള്‍ക്ക് കൊളുത്താതിരിക്കാനുള്ള അവകാശവും !
രഞ്ജിത്ത് പി തങ്കപ്പന്‍
നിലവിളക്ക് ആര്‍ക്കും കൊളുത്താം എന്നതുപോലെ തന്നെയാണ് ഒരാള്‍ക്ക് കൊളുത്താതിരിക്കാനുള്ള അവകാശവും !
അത് സമ്മതിക്കുന്നു ! ഒപ്പം അതിനു പറയുന്ന കാരണത്തെ അപഹസിക്കുകയും ചെയ്യുന്നു ! അന്യ മതവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ആചാരങ്ങളും അവ പബ്ലിക് ആയി ഉപയോഗിക്കുന്നു എങ്കില്‍ കൂടി അത്രയ്ക്ക് തൊട്ടുകൂടാന്‍ വയ്യാത്തത് ആണെങ്കില്‍ മേലില്‍ അന്യ മത വിശ്വാസികളെ പങ്കെടുപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകളില്‍ നോമ്പ് തുറകളില്‍ പോകില്ല എന്ന് കൂടി പ്രഖ്യാപിക്കുക !
പോരാ തങ്ങളുടെ മതപരമായ് വിവാഹങ്ങള്‍ക്ക് , മരണ ചടങ്ങുകള്‍ക്ക് അന്യ മതസ്ഥര്‍ വരരുതെന്നുകൂടി പറയുക !! അങ്ങനെ എന്തിലെല്ലാം സ്വന്തം മത ബോധം മുറുക്കെ ഇതുപോലെ പിടിക്കാന്‍ കഴിയുമോ അവിടെല്ലാം പിടിക്കുക ….. അവ ആഭാസം ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത് എങ്കിലും തീര്‍ച്ചയായും അതിനും ഇവിടെ ഇടമുണ്ട്… ഇടമുണ്ടാവണം… അതാണ് ജനാധിപത്യം..!
പക്ഷെ മിനിമം അവനവന്‍ മുറുക്കെ പിടിക്കുന്ന തത്വങ്ങള്‍ എല്ലാത്തിലും ഉപയോഗിക്കാന്‍ എങ്കിലും ശീലിക്കുക.. കാപട്യത്തില്‍ കള്ളം അരുത്.
നിലവിളക്കും വിശ്വാസവും..
മുഹമ്മദ് അഷ്‌റഫ് ഒലവട്ടൂര്‍
ഇങ്ങിനെ ഉല്‍പത്തി തിരഞ്ഞു പോയാല്‍ ഇവിടെയുള്ള പലതും ഉപേക്ഷിക്കേണ്ടി വരും.. എല്ലാറ്റിനും കാണും ഇത്തരം ഒരു ഭാരതീയ ചരിത്രമോ ഐതീഹ്യമോ ഒക്കെ.. ഭാരതീയ സംസ്‌കാരം എന്നുള്ളത് വെറും ഒരു മതസംസ്‌കാരം മാത്രമല്ല.. വെളിച്ചം കൊണ്ട് ഒരു ചടങ്ങ് ആരംഭിക്കുന്നു എന്നുളളത് ഒരു ഭാരതീയ കേരളീയ മതേതര സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്…
ഓണത്തിനും മറ്റു ആഘോഷങ്ങള്‍ക്കും കാണും ഇത് പോലെ ദൈവീക മണമുള്ള ഐതീഹ്യങ്ങള്‍… സംഘാടകര്‍ പോലും ഇതൊരു മതേതര ചടങ്ങ് എന്നതിനപ്പുറം ഒരു മത ഘടകം ഇതില്‍ കാണാറില്ല.. ഹിന്ദു മതവും ഇന്ത്യന്‍ സംസ്‌കാരവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഹിന്ദു ഘടകങ്ങള്‍ പൊതു ഘടകമാകുക സ്വാഭാവികമാണ്..
അത് പടിഞ്ഞാറ് പോയാല്‍ ക്രിസ്ത്യനും അറബ് നാടുകളില്‍ പോയാല്‍ ഇസ്‌ലാമും ആയി മാറും എന്ന വ്യത്യാസമുണ്ട്… ഒരു പൊതുബോധത്തില്‍ ലയിച്ചതിനെ ഇത്രമാത്രം ഉല്‍പത്തി തിരഞ്ഞു ശിര്‍ക്കും തൌഹീദും ഉണ്ടാക്കണോ… ഒരു ചടങ്ങിനെ വിളക്ക് കത്തിച്ചു ആരംഭിക്കുക എന്നതിനപ്പുറം അതില്‍ സൃഷ്ടിയും ആരാധനയും ദൈവവും കൊണ്ട് വരണോ..
സംഘാടകര്‍ക്ക് പോലും ഇത്തരം ഒരു വിശ്വാസം ഇല്ല. അങ്ങിനെ ഒരു ഐതീഹത്യ കുറിച്ച് ചിന്തയുമില്ല… നിലവിളക്ക് അമ്പലത്തില്‍ മാത്രമല്ല പഴയ പള്ളിയിലും മഖാമുകളിലും കാണാം.. പള്ളികളുടെ മിനാരങ്ങളുടെ ഉല്‍പത്തി ഗവേഷണം നടത്തിയാല്‍ അത് ക്രൈസ്തവ മതത്തിലേക്കും റോമിലെക്കും എത്തിച്ചേരും.. കേരളത്തിലെ കലാരൂപങ്ങള്‍ ഒട്ടു മിക്കതും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതാണ്.. മുട്ടിച്ചിറ പള്ളിയിലും മമ്പുറം മഖാമിലും കാണിക്കയിട്ട് തുടങ്ങുന്ന കളിയാട്ടക്കാവ് ഉത്സവവും അതിനു തുടക്കമിട്ട മമ്പുറം തങ്ങളും നമ്മുടെ മുമ്പിലുണ്ട്..
ഒരു നിലവിളക്ക് കൊളുത്തുമ്പോള്‍ അതിന്റെ ദുര്‍ബലമായ ഐതീഹ്യങ്ങളിലെക്കും ചരിത്രത്തിലെക്കും ഗവേഷണം നടത്തി ശിര്‍ക്കും തൌഹീദും കണ്ടെത്തുന്നവര്‍ അത് വിശ്വാസത്തില്‍ കളങ്കം സംഭവിക്കുന്നതിനെ ഭയന്നാണെങ്കില്‍ ആയിക്കോട്ടെ.. ഇനി സവര്‍ണ്ണ ബിംബങ്ങളെ നേരിടാനാണെങ്കില്‍ അതും ആവാം.. പക്ഷെ എന്തിനാണ് നിലവിളക്ക് മാത്രം ഇങ്ങിനെ ഇടക്കിടക്ക് കത്തിച്ചു നിറുത്തുന്നത്..
അടുത്ത പേജില്‍ തുടരുന്നു
തിരുത്താന്‍ മമ്മൂട്ടിയാരെടെയ് ?
ശ്യാം
തിരുത്താന്‍ മമ്മൂട്ടിയാരെടെയ് ? താനിനി കൂളിംഗ് ഗ്ലാസ് വെക്കണ്ടാന്ന് മമ്മൂട്ടിയോട് പറഞ്ഞാല്‍ അയാളു സമ്മതിക്ക്യോ? താന്‍ ഇക്കണ്ട കൂതറപ്പടങ്ങളിലൊന്നും അഭിനയിക്കാതെ വല്ല സ്റ്റാന്റേഡുള്ള പടങ്ങളിലും അഭിനയിക്കെടേയ് എന്ന് പറഞ്ഞാല്‍ അയാളനുസരിക്ക്യോ?
മറ്റുള്ളവന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈയിടാനും നിലവിളക്ക് കൊളുത്തല്‍ പോലുള്ള എന്നോ വലിച്ചെറിയേണ്ട ഹൈന്ദവ മതാചാരങ്ങളനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കാനും മമ്മൂട്ടിയ്‌ക്കെന്താണധികാരം?
അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇയാളാരുവാ??
നിലവിളക്ക്…
മനോജ് സി.ആര്‍
അത് കൊളുത്തി എനിക്ക് ഉദ്ഘാടനം ചെയ്യാന്‍ കഴിയില്ലെന്നു ഒരു മന്ത്രിക്ക് പറയാനുള്ള അവകാശമുണ്ട്. നിലവിളക്ക് എന്നത് ഹൈന്ദവ ചിഹ്നമായി അയാള്‍ കരുതുന്നുവെങ്കില്‍ അത് ചെയ്യാതിരിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്..
ഇത്തരം പഴഞ്ചന്‍ രീതികള്‍ മാറുകയും പുതിയ രീതികള്‍ കണ്ടെത്തുകയുമാണു വേണ്ടത്.. എല്ലാ മനുഷ്യര്‍ക്കും ആഘോഷമാകുന്ന രീതികള്‍..
ഒന്നെങ്കില്‍ ഒരു കളര്‍ ബള്‍ബ് തെളിച്ചുകൊണ്ടോ… അല്ലെങ്കില്‍ ഒന്നു കൂവി വിളിച്ചുകൊണ്ടോ ഉദ്ഘാടിക്കാം.. ഈ ഉദ്ഘാടനം എന്ന പരിപാടി തന്നെ മഹാബോറാണു… കഴിയുമെങ്കില്‍ മന്ത്രിമാര്‍ അതില്‍ നിന്നും മാറിനില്ക്കുക.. എത്രമാത്രം പണമാണു ഉദ്ഘാടിക്കാന്‍ ചെലവഴിക്കുന്നത്..
അതുകൊണ്ട് മനുഷ്യനു ഉപകാരപ്പെടുന്നത് വല്ലതും ചെയ്യുക..!
എന്നോട് വീട്ടില്‍ അതൊന്നു കത്തിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ അത് ചെയ്യില്ല.. വേണംച്ചാല്‍ വെളിച്ചം കാണാന്‍ ഒരു മണ്ണെണ്ണ വിളക്ക് കത്തിക്കാം..!
പാവപ്പെട്ടവന്റെ വിളക്ക്..!
നിലവിളക്ക് മതേതരത്വത്തിന്റെ അടയാളമായി ഇത് വരെ തോന്നിയില്ല.
ലിജിത്ത് ജി പയ്യന്നൂര്‍
നിലവിളക്ക് മതേതരത്വത്തിന്റെ അടയാളമായി ഇത് വരെ തോന്നിയില്ല… അത് ആര് കൊളുത്തിയാലും ഇല്ലെങ്കിലും…. ഒരാള്‍
കൊളുത്തുന്നത് പോലെ മറ്റൊരാള്‍ക്ക് കൊളുത്താതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.. അതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരും..
റബ്ബ് പൊതു ഇടങ്ങളില്‍ ചോദ്യം ചെയ്യപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം… അത് പക്ഷേ നില വിളക്കിന്റെ പേരിലാകരുത്.. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വെളിച്ചം കെടുത്തിയതിന്റെ പേരിലാവണം….
ഏതായാലും റബ്ബിന്റെ സഹായത്താല്‍ മമ്മുട്ടിക്ക് നഷ്ടമായ മതേതര പ്രതിശ്ചായ തിരിച്ചു കിട്ടിയിരിക്കുന്നു.
താജുദ്ദീന്‍ പൊതിയില്‍
മമ്മുട്ടി കയിച്ചിലായി; മൂപ്പരെ മതേതരനായും ഉത്തമ ഭാരതീയനായും ദേശഭക്തര്‍ അംഗീകരിച്ചിരിക്കുന്നു. ഗുജറാത്തില്‍ ഡീ.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് കലാപം സംഭവിക്കില്ലായിരുന്നു എന്ന് പറഞ്ഞപ്പോള്‍ മമ്മുട്ടി ആദ്യം അനഭിമതനായി.
അമ്മ മഠത്തിലെ മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്! കൈരളി ചാനല്‍ അവരുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്തപ്പോള്‍ അങ്ങിനെ ചെയ്തത് ചാനല്‍ ചെയര്‍മാന്‍ മമ്മുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നും അത് മമ്മുട്ടിയുടെ ഇസ്‌ലാമിക അജണ്ടയുടെയും ഹൈന്ദവ വിരുദ്ധതയുടെയും തെളിവാണ് എന്നുമായിരുന്നു പുതിയ കണ്ടെത്തല്‍. ശേഷം മമ്മുട്ടിയുടെ നെഞ്ചത്ത് പൊങ്കാല മഹോത്സവം തന്നെ.
മമ്മുട്ടിയുടെ മൂന്നാം തിരുമുറിവ് ആലിനും അശോകമരത്തിനും പകരം മാവും പ്ലാവും നട്ടുപിടിപ്പിച്ചു കൂടെ എന്ന് മമ്മുട്ടി ചോദിച്ചപ്പോളായിരുന്നു. “ഹൈന്ദവ” മരങ്ങളെ അപമാനിച്ച “മുസ്‌ലിം” മമ്മൂട്ടിക്ക് ദേശഭക്തരില്‍ നിന്ന് അന്നും കണക്കിന് കിട്ടി.
ഏതായാലും റബ്ബിന്റെ സഹായത്താല്‍ മമ്മുട്ടിക്ക് നഷ്ടമായ മതേതര പ്രതിശ്ചായ തിരിച്ചു കിട്ടിയിരിക്കുന്നു. സര്‍വ സ്തുതിയും റബ്ബിനത്രേ!
മമ്മൂട്ടി വിളക്ക് കൊളുത്തട്ടെ; അബ്ദുറബ്ബ് വിളക്ക് കൊളുത്താതിരിക്കട്ടെ
സുവീഷ് ഏങ്ങണ്ടിയൂര്‍
മമ്മൂട്ടിയുടെ ഇസ്‌ലാം വിശ്വാസം, നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റുകാണുന്നില്ലെങ്കില്‍ മമ്മൂട്ടി വിളക്ക് കൊളുത്തിക്കോട്ടേ, അത് പോലെ മന്ത്രി അബ്ദുറബ്ബ്‌ന് വിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് തോന്നുന്നുവെങ്കില്‍ അദ്ദേഹത്തിനു നിലവിളക്ക് കത്തിക്കാതെയിരിക്കാനുമുള്ള സ്വതന്ത്ര്യമുണ്ട് (അബ്ദുറബ്ബ്, പരീക്ഷ എഴുതാത്തവരെയും പത്താംക്ലാസ് കടത്തിയെന്നതൊക്കെ വേറെ വിഷയം)
അല്ലെങ്കില്‍ തന്നെ യുക്തിസമമായി വിശകലനം ചെയ്താല്‍ ഇതിലൊക്കെ വല്ല അര്‍ത്ഥവുമുണ്ടോ, മമ്മൂട്ടി അന്യസ്ത്രീകളെ സ്പര്‍ശിച്ചുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്നത് ഖുറാനിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇസ്ലാമിക വിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ കഴിയും. കോടിക്കണക്കിനു രൂപകിട്ടുന്നത് കൊണ്ട് ആ ഇസ്ലാമിക വിരുദ്ധത മമ്മൂട്ടിയങ്ങ് കണ്ണടച്ച് കളയും അത്രതന്നെ. എന്തായാലും അബ്ദുറബ്ബ് മമ്മൂട്ടിയോട് സിനിമയില്‍ അഭിനയിക്കരുത് എന്ന് പറഞ്ഞില്ലല്ലോ..!
ഇനിയിപ്പോ, മുസ്‌ലിംങ്ങള്‍ ആനയെയൊക്കെവെച്ച് നേര്‍ച്ച നടത്തുന്നതുപോലെ ഒരു ചന്ദ്രക്കല നിലവിളക്കിനു മുകളില്‍ ഫിറ്റ് ചെയ്യ്ത് അത് ഇസ്ലാമികമാക്കിയാല്‍, ഇപ്പോള്‍ ബഹളം വെക്കുന്ന ഹര്‍ഷഭാരതക്കാര്‍ പറയും, അതാ നമ്മുടെ സംസ്‌കാരം മോഷണം നടത്തിയിരിക്കുന്നു, നായയോട്ട് തിന്നേംഇല്ല പയ്യിനെകൊണ്ട് തീറ്റിക്കേം ഇല്ല എന്ന് പറഞ്ഞപോലെയാ ഈ സംഘികളുടെ കാര്യങ്ങള്‍.
വിശ്വാസത്തിന്റെ കാര്യത്തില്‍ അത് ഇങ്ങനെയാണെങ്കില്‍ മറ്റേത് അങ്ങനെയാവണ്ടേ എന്നൊക്കെ ചോദിച്ചാല്‍ ഒരെത്തും പിടിയും കിട്ടുകയില്ല , അതുകൊണ്ടല്ലേ നമ്മള്‍ ഇതിനെ “വിശ്വാസം ” എന്ന് വിളിക്കുന്നത്.
ആര്‍ക്കും ശല്യമില്ലാത്ത, ഇന്ത്യന്‍ ജനധിപത്യം അനുവദിച്ചു കൊടുക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ആരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ അവരെ വെറുതെ വിടുക. ആചാരങ്ങളെ standardize ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഈ ചിത്രത്തില്‍ കാണുന്ന പോലെയും നിലവിളക്ക് ഉണ്ട്.