കീവ്: ഉക്രൈന്‍- റഷ്യ യുദ്ധത്തില്‍ മരണ സംഖ്യ ഉയരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ നൂറിലധികം പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതില്‍ 40ല്‍ അധികവും ഉക്രൈന്റെ സൈനിക വിഭാഗത്തില്‍ നിന്നുള്ളവരാണ്.
മരിച്ചവരില്‍ പത്ത് പേര്‍ സാധാരണ പൗരന്മാരാണ്. റഷ്യയുടെ ഭാഗത്തുനിന്നുള്ള 50 സൈനികരെ വധിച്ചുവെന്ന് ഉക്രൈനും അവകാശപ്പെട്ടു.
ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
യുദ്ധത്തോടൊപ്പം വന്‍ സൈബര്‍ അറ്റാക്കും റഷ്യ ഉക്രൈനെതിരെ നടത്തുന്നുണ്ട്. വ്യോമ താവളങ്ങള്‍ അടക്കമുള്ള തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ ഒക്കെയും റഷ്യ തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്.
ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന് മേലെ വന്നുവീഴുന്ന മിസൈലുകള്‍, ഓരോ നിലകളിലായി സ്ഫോടനങ്ങള്‍, കത്തുന്ന മുറികളില്‍നിന്നും ഓടുന്ന ആളുകള്‍ തുടങ്ങിയതിന്റെ വീഡിയോകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
എന്നാല്‍, റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് ഉക്രൈന്‍. ഉക്രൈന്റെ സൈന്യവും റഷ്യയ്‌ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ക്രമറ്റോര്‍സ്‌ക് മേഖലയില്‍ റഷ്യയുടെ ആറാമത്തെ വിമാനം നശിപ്പിച്ചതായി ഉക്രൈന്‍ വ്യക്തമാക്കി.