കാര്‍ഷികനിയമം പിന്‍വലിച്ച് മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയുടെത് വലിയ മനസ്; 'പ്രധാനമന്ത്രി ധിക്കാരി' പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി സത്യപാല്‍ മാലിക്
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന്റെ പിറ്റേന്ന് വിശദീകരണവുമായി മേഘാലയ ഗവര്‍ണറും ബി.ജെ.പി നേതാവുമായ സത്യപാല്‍ മാലിക്.
താന്‍ പറഞ്ഞത് മാധ്യമങ്ങളും പ്രതിപക്ഷവും വളച്ചൊടിച്ചതാണെന്നും പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞിട്ടില്ലെന്നുമാണ് ഗവര്‍ണര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.
കര്‍ഷക സമരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ധിക്കാരം കാരണം ആ കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നെന്നുമായിരുന്നു ഹരിയാനയിലെ ഒരു ചടങ്ങില്‍ വെച്ച് ഗവര്‍ണര്‍ പറഞ്ഞത്.
”പ്രധാനമന്ത്രിയെ ചിലര്‍ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചിരുക്കുകയാണ്. നിങ്ങള്‍ വേവലാതിപ്പെടേണ്ട. ആളുകളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കൂ,”
എന്ന് അമിത് ഷാ പറഞ്ഞതായി സത്യപാല്‍ മാലിക് പറയുന്നതും പരിപാടിയുടെ വീഡിയോ ദൃശ്യത്തില്‍ നിന്നും വ്യക്തമായിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ ഇത് നിഷേധിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രശംസിക്കുകയാണ് താന്‍ ചെയ്തതെന്നാണ് സത്യപാല്‍ മാലിക് പ്രതികരിച്ചത്.
”കര്‍ഷകര്‍ക്ക് വേണ്ടി അദ്ദേഹം എടുത്ത നടപടിയെ പൊതുവേദിയില്‍ വെച്ച് പ്രശംസിക്കുകയും അഭിനന്ദിക്കുകയുമാണ് ഞാന്‍ ചെയ്തത്. കര്‍ഷകര്‍ നിയമത്തെ പിന്തുണക്കുന്നില്ല എന്ന് മനസിലാക്കിയപ്പോള്‍ അത് പിന്‍വലിക്കാനും മാപ്പ് പറയാനുമുള്ള മനസ് അദ്ദേഹം കാണിച്ചു,”
ഗവര്‍ണര്‍ പ്രതികരിച്ചു.
അമിത് ഷായെക്കുറിച്ച് താന്‍ പറഞ്ഞതും വളച്ചൊടിച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഗവര്‍ണര്‍ പറഞ്ഞു.
”ഷാ പ്രധാനമന്ത്രിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ആളുകളുമായി കൂടിക്കാഴ്ച നടത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു.
സത്യത്തില്‍ അമിത് ഷാ എന്നോട് ചോദിച്ചത്, ഞാന്‍ എന്തിനാണ് ഇങ്ങനെ പ്രസ്താവനകള്‍ നടത്തുന്നതെന്നാണ്. എന്നാല്‍, കര്‍ഷകര്‍ മരിച്ചുവീഴുന്നത് അനുവദിക്കരുതെന്നും സര്‍ക്കാര്‍ ഇതിന് ഒരു പരിഹാരം കാണേണ്ടതുണ്ടെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കി,” സത്യപാല്‍ മാലിക് വിശദീകരിച്ചു.
ഹരിയാനയിലെ ദാദ്രിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗവര്‍ണറുടെ വിവാദപരാമര്‍ശം.
”കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഞാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍, അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ആ സംസാരം വാക്കുതര്‍ക്കത്തിലെത്തി. അദ്ദേഹം ധിക്കാരത്തോടെയാണ് പെരുമാറിയത്.
നമ്മുടെ 500ഓളം കര്‍ഷകര്‍ മരിച്ചു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചത്, അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നായിരുന്നു. അതെ, കാരണം നിങ്ങളാണ് നേതാവ് എന്ന് ഞാന്‍ മറുപടി നല്‍കി.
അങ്ങനെ ഞാന്‍ അദ്ദേഹവുമായി വാക്കുതര്‍ക്കത്തിലെത്തി. അമിത് ഷായെ കാണാന്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഞാന്‍ കണ്ടു,” എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
സാഹചര്യം എന്തുതന്നെയായാലും താന്‍ കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്നും സത്യപാല്‍ മാലിക് പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ രാജ്യസഭയില്‍ ഇത് ഉയര്‍ത്തിക്കാണിച്ചിരുന്നു.
കാര്‍ഷിക നിയമങ്ങളുടെ വിഷയത്തില്‍ തന്നെ മുമ്പും സത്യപാല്‍ മാലിക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. നവംബറില്‍ ജയ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ, വൈകാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് വഴങ്ങി കൊടുക്കേണ്ടി വരും എന്നദ്ദേഹം പറഞ്ഞിരുന്നു.
ബി.ജെ.പി നേതാവ് കൂടിയായ സത്യപാല്‍ മാലിക് 2012ല്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായും നിയമിക്കപ്പെട്ടിട്ടുണ്ട്. അതിന് ശേഷം ബിഹാറിന്റെയും പിന്നീട് ജമ്മു കശ്മീര്‍, ഗോവ സംസ്ഥാനങ്ങളുടെയും ഗവര്‍ണര്‍ പദവിയിലിരുന്നിട്ടുണ്ട്.