ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പരാജയപ്പെട്ട് സൗത്ത് ആഫ്രിക്ക പുറത്തായിരിക്കുകയാണ്. ലാഹോറില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 50 റണ്‍സിനാണ് പ്രോട്ടിയാസ് പരാജയപ്പെട്ടത്. 362 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു.
ഇപ്പോഴിതാ സെമി ഫൈനലിലെ തോല്‍വിയുടെ കാരണങ്ങളിലൊന്ന് പാകിസ്ഥാനില്‍ നിന്ന് ദുബായിലേക്ക് നടത്തിയ യാത്രകളാണെന്ന് പറയുകയാണ് ഡേവിഡ് മില്ലര്‍. മാച്ചിന്റെ തലേദിവസം ദുബായിലേക്കും അവിടന്ന് വീണ്ടും പാകിസ്ഥാനിലേക്കും യാത്ര ചെയ്യേണ്ടി വന്നിരുന്നെന്നും മില്ലര്‍ പറയുന്നു.
ഫ്‌ളൈറ്റില്‍ വൈകിട്ട് ദുബായിലേക്ക് എത്തിയെന്നും പിന്നീട് രാവിലെ പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയെന്നും അഞ്ച് മണിക്കൂര്‍ യാത്രക്ക് മാത്രമായി മാറ്റിവെക്കേണ്ടി വന്നെന്നും ഡേവിഡ് മില്ലര്‍ പറഞ്ഞു. അത് തനിക്ക് നല്ല കാര്യമായി തോന്നിയില്ലെന്നും മില്ലര്‍ തുറന്നടിച്ചു. മത്സരശേഷം സംസാരിക്കുകയായിരുന്നു ഡേവിഡ് മില്ലര്‍.
‘ദുബായില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ഫ്‌ളൈറ്റ് സമയം വെറും ഒരു മണിക്കൂര്‍ 40 മിനിറ്റ് മാത്രമാണ്. പക്ഷേ അത് ആദര്‍ശപരമായ കാര്യമല്ല, ഒരു മത്സരം ജയിച്ച ശേഷം ഞങ്ങള്‍ ദുബായിലേക്ക് പോകുന്നു. അവിടത്തെ മത്സരത്തിന് ശേഷം വീണ്ടും തിരിച്ച് പാകിസ്ഥാനിലേക്ക്. അഞ്ചര മണിക്കൂര്‍ ഫ്‌ളൈറ്റ് യാത്രക്കായി മാറ്റിവെക്കേണ്ടി വന്നു. അതില്‍ നിന്ന് വിശ്രമം നേടാനും തയാറെടുക്കാനും ധാരാളം സമയം വേണ്ടിവന്നു,’ ഡേവിഡ് മില്ലര്‍ പറഞ്ഞു.
സൗത്ത് ആഫ്രിക്കക്കായി ഒറ്റയാള്‍ പോരാട്ടമാണ് മില്ലര്‍ നടത്തിയത്. ടീം പരാജയം സമ്മതിച്ചപ്പോഴും കീഴടങ്ങാന്‍ ഒരുക്കമല്ലാത്ത മില്ലറെയാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞദിവസം കണ്ടത്. 67 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് കില്ലര്‍ മില്ലര്‍ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടുമായുള്ള മത്സരശേഷമാണ് സൗത്ത് ആഫ്രിക്ക ദുബായിലേക്ക് പറന്നത്. തൊട്ടടുത്ത ദിവസം തന്നെ ലാഹോറിലെത്തി അടുത്ത മത്സരത്തിനായി സൗത്ത് ആഫ്രിക്ക പരിശീലനം ആരംഭിച്ചു. ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനായതിനാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ ക്രമീകരിക്കുകയായിരുന്നു.
ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ ഷെഡ്യൂള്‍ ചെയ്തത് അവര്‍ക്ക് ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ താരമായ പാറ്റ് കമ്മിന്‍സും അഭിപ്രായപ്പെട്ടിരുന്നു. ഒരേ പിച്ചില്‍ എല്ലാ മത്സരവും കളിക്കുന്നത് ഇന്ത്യക്ക് അനുകൂലമാകുമെന്നായിരുന്നു കമ്മിന്‍സ് പറഞ്ഞത്.
David Miller acknowledges that frequent travel was less than ideal following South Africa’s semi-final exit. pic.twitter.com/pLe2fJGe4q
— CricTracker (@Cricketracker) March 6, 2025
കഴിഞ്ഞദിവസത്തെ സെമി വിജയത്തോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മറ്റൊരു ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനലിനാണ് കളമൊരുങ്ങുന്നത്. ഇതിന് മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയ ഫൈനലില്‍ കിരീടമുയര്‍ത്തിയത് കിവികളായിരുന്നു. അതേസമയം തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. 2013ല്‍ കിരീടം നേടിയ ഇന്ത്യ 2017ല്‍ പാകിസ്ഥനോട് പരാജയമേറ്റുവാങ്ങിയിരുന്നു. നഷ്ടപ്പട്ട കിരീടം വീണ്ടെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Content Highlight: David Miller saying frequent travel was one of the reason for the failure in Champions Trophy Semi final