Entertainment news
കുറച്ച് കരയുന്നുണ്ട് എന്നല്ലാതെ ഈ പടത്തില്‍ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല; എണ്‍പത് വയസായാലും വിനീതേട്ടന്‍ 15 വയസുള്ള ഒരു കോളേജ് ബോയ് ആയിരിക്കും: ഹൃദയത്തെക്കുറിച്ച് ദര്‍ശന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 01, 08:10 am
Monday, 1st November 2021, 1:40 pm

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കുന്ന ‘ഹൃദയം’ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ ദര്‍ശന എന്ന ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സിനിമയുടെ വിശേഷങ്ങള്‍ പറയുകയാണ് ദര്‍ശന രാജേന്ദ്രന്‍. വിനീത് ശ്രീനിവാസനും ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബും ആര്‍.ജെ മാത്തുക്കുട്ടിയുമൊത്ത് നടത്തിയ സൗഹൃദ ചര്‍ച്ചയ്ക്കിടെയായിരുന്നു ദര്‍ശന സംസാരിച്ചത്.

സീ യു സൂണ്‍, ഇരുള്‍ എന്നീ സിനിമകളിലൊക്കെ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്തത്, ഹൃദയത്തില്‍ എപ്പോഴും ചിരിച്ചുകൊണ്ടുള്ള കഥാപാത്രമാണല്ലോ എന്ന മാത്തുക്കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”കുറച്ച് കാലമായി സീരിയസായ, ആശുപത്രിയില്‍ കിടക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഈ പടത്തില്‍ കുറച്ച് കരയുന്നുണ്ട് എന്നല്ലാതെ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല.

ആദ്യം വിനീതേട്ടന്‍ വിളിച്ചപ്പോള്‍ ചിരിച്ചുകൊണ്ടൊക്കെ അഭിനയിക്കണമല്ലോ എന്ന് വിചാരിച്ചിരുന്നു. ജീവിതത്തില്‍ ഞാന്‍ ചിരിക്കുന്ന ആളാണ്. ആ വശവും സിനിമയില്‍ കാണാനാവുന്നതില്‍ സന്തോഷമുണ്ട്.

ഷൂട്ടിങ് സെറ്റിലെ അനുഭവത്തെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ”ഇത് ശരിക്കും ഒരു സെലിബ്രേഷന്‍ ആയിരുന്നു. ഇത്രേം ദിവസം യങ് ആയ ടീമിന്റെ കൂടെ ഒരു കോളേജ് ഫീല്‍ ആയിരുന്നു.

എനിക്ക് തോന്നുന്നു ഒരു എണ്‍പത് വയസായാലും വിനീതേട്ടന്‍ 15 വയസുള്ള ഒരു കോളേജ് ബോയ് ആയിരിക്കും. ആ എനര്‍ജി സെറ്റില്‍ ഷൂട്ടില്‍ മുഴുവനും ഉണ്ടായിരുന്നു,” ദര്‍ശന കൂട്ടിച്ചേര്‍ത്തു.

മായാനദി, കൂടെ, വിജയ് സൂപ്പറും പൗര്‍ണമിയും, ആണും പെണ്ണും എന്നിവയാണ് ദര്‍ശന അഭിനയിച്ചിട്ടുള്ള മറ്റ് സിനിമകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Darshana Rajendran talking about the Hridayam movie experience