Entertainment
ആ സിനിമകളിറങ്ങിയ ശേഷം പത്ത് മാസം ഞാനൊന്നും ചെയ്യാതെ വീട്ടിലിരുന്നു; ഹൈപ്പൊന്നും എനിക്ക് ലഭിച്ചില്ല: ദര്‍ശന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 26, 09:02 am
Wednesday, 26th June 2024, 2:32 pm

കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയയായ താരമാണ് ദര്‍ശന രാജേന്ദ്രന്‍. വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ജയ ജയ ജയ ജയഹേ എന്ന സിനിമയിലൂടെ ദര്‍ശന മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി. സിനിമക്ക് ലഭിക്കുന്ന ഹൈപ്പിനെ കുറിച്ച് സംസാരിക്കുകയാണ് ദര്‍ശന. ഒരു സിനിമക്ക് എത്ര വലിയ ഹൈപ്പ് ലഭിച്ചാലും അത് അഭിനേതാക്കള്‍ക്ക് പ്രത്യേകിച്ച് ഒന്നും നല്‍കില്ലെന്നാണ് താരം പറയുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ പാരഡൈസിന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദര്‍ശന. ഹൃദയം, ഡിയര്‍ ഫ്രണ്ട്, ജയ ജയ ജയ ജയഹേ എന്നീ സിനിമകള്‍ ഇറങ്ങിയ വര്‍ഷം പിന്നീടുള്ള പത്ത് മാസം താന്‍ ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കുകയായിരുന്നുവെന്നും ദര്‍ശന അഭിമുഖത്തില്‍ പറയുന്നു.

‘ഒരു സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അത് ഹൈപ്പിലാണ് നില്‍ക്കുന്നതെങ്കില്‍ പോലും നമുക്ക് ആ ഹൈപ്പൊന്നും ഉണ്ടാവില്ല. എന്റെ ഹൃദയം, ഡിയര്‍ ഫ്രണ്ട്, ജയഹേ ഈ സിനിമകളൊക്കെ ഇറങ്ങിയ വര്‍ഷം പിന്നെയുള്ള പത്ത് മാസം ഞാന്‍ ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ആ പത്ത് മാസം അടുത്ത സിനിമ ഏതാകുമെന്ന് കണ്ടെത്തുന്നതും ഒരു സ്ട്രെഗിള് തന്നെയാണ്. അതൊട്ടും ഈസിയായ കാര്യമല്ല,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.

Also Read: അവന്റെ മകന്‍ ഇവന്റെ മകന്‍ മറ്റവന്റെ മകന്‍, ഇതൊന്നും വെറുതെ പറയുന്നതല്ലല്ലോ നെപ്പോട്ടിസം തന്നെയല്ലേ ഇവിടെ നടക്കുന്നത്; നിവിന്‍ ചോദിച്ചു: വിനീത് ശ്രീനിവാസന്‍

ജയ ജയ ജയ ജയഹേയിലേക്ക് ബേസില്‍ നിര്‍ബന്ധിച്ചിട്ടാണ് വന്നതെന്ന് കേട്ടിട്ടുണ്ട്, അതെന്താണ് ആ കഥാപാത്രത്തോട് ആദ്യം തന്നെ ഓക്കെ പറയാതിരുന്നത് എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കി.

‘ആ സിനിമയില്‍ ജയ എന്ന കഥാപാത്രത്തിലേക്ക് എന്നെ ട്രൈ ചെയ്യാമെന്ന് ബേസിലാണ് പറയുന്നത്. ആ പോയിന്റില്‍ എന്തിനാണ് എന്നെ ട്രൈ ചെയ്യുന്നതെന്ന് സത്യത്തില്‍ എനിക്ക് അറിയില്ലായിരുന്നു. അതിലേക്ക് ഞാനായിരിക്കില്ല പെര്‍ഫെക്ട് കാസ്റ്റെന്ന് ആ സമയത്ത് തോന്നിയിരുന്നു. കാരണം എനിക്ക് ഫിസിക്കല്‍ ഫിറ്റ്നെസൊന്നും ഉണ്ടായിരുന്നില്ല. അതൊക്കെ പിന്നെ ഉണ്ടാക്കിയെടുക്കണമായിരുന്നു. എന്നെക്കൊണ്ട് പറ്റുമോയെന്ന ഒരു ധാരണയും ഇല്ലായിരുന്നു. പക്ഷേ സിനിമക്ക് സൈന്‍ ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ എന്നെ കൊണ്ട് ചെയ്യാവുന്നത് എല്ലാം ചെയ്യും. നമ്മള്‍ എക്സൈറ്റഡാവുന്ന ഒരു പ്രൊജക്ട് ആയാല്‍ ഞാന്‍ ചാടികയറും,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.


Content Highlight: Darshana Rajendran Says Stars Will Not Get Any Hype Of A Film