പബ്ലിക് വൈഫൈ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാട് അപകടം
Kerala News
പബ്ലിക് വൈഫൈ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാട് അപകടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd March 2022, 9:17 pm

കോഴിക്കോട്: എല്ലാവരും ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരാണ്. എന്നാല്‍ നമ്മുടെ ചെറിയൊരു പിഴവ് മുതലാക്കി വലിയ തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്ന് പറയുകയാണ് കേരളാ പൊലീസ്.

പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണലൈന്‍ പണമിടപാടുകള്‍ നടത്തുന്നത് അപകടമാണെന്ന് പൊലീസ് പറയുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്.

‘മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുത്. ഒരു വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ട്.

സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും.

ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാന്‍ ഇടയുണ്ട്,’ കേരള പൊലീസ് പങ്കുവെച്ച നിര്‍ദേശത്തില്‍ പറഞ്ഞു.

തട്ടിപ്പ് നടന്നാല്‍ എന്ത് ചെയ്യണം?

ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടനെ അതാത് ബാങ്ക്, ഇ വാലറ്റ് അധികൃതരെ ബന്ധപ്പെട്ട് വാലറ്റ് ബ്ലോക്ക് ചെയ്യണം. ഇത് പിന്നീട് പണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. അതോടൊപ്പം പൊലീസിലോ സൈബര്‍ ക്രൈം സെല്ലിലോ അറിയിക്കാം.