തെരഞ്ഞെടുപ്പില്‍ തോറ്റതിന് പ്രതികാരം; ബീഹാറില്‍ ദളിത് യുവാക്കളെക്കൊണ്ട് തുപ്പല്‍ നക്കിച്ചു
national news
തെരഞ്ഞെടുപ്പില്‍ തോറ്റതിന് പ്രതികാരം; ബീഹാറില്‍ ദളിത് യുവാക്കളെക്കൊണ്ട് തുപ്പല്‍ നക്കിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 9:22 am

ഔറംഗബാദ്: ബീഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ദളിത് യുവാക്കളെ കൊണ്ട് ഏത്തമിടീക്കുകയും തുപ്പല്‍ നക്കിക്കുകയും ചെയ്ത സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്നതും തുപ്പല്‍ നക്കിക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ബീഹാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ ബല്‍വന്ത് സിംഗാണ് അറസ്റ്റിലായത്. താന്‍ തോല്‍ക്കാന്‍ കാരണം പ്രദേശത്തെ ദളിത് വിഭാഗമാണെന്നാരോപിച്ചായിരുന്നു ബല്‍വന്ത് ദളിത് യുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്. അതോടൊപ്പം ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.

താന്‍ ഈ യുവാക്കള്‍ക്ക് വോട്ട് ചെയ്യുന്നതിനായി പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇവര്‍ തനിക്ക് വോട്ട് ചെയ്തില്ല എന്നുമാണ് ബല്‍വന്ത് ആരോപിക്കുന്നത്. യുവാക്കളേയും ചുറ്റും കൂടിനിന്നവരേയും അസഭ്യം പറയുന്നതും വീഡിയോയില്‍ ഉണ്ട്.

തന്നെ തോല്‍പ്പിച്ചതിന് ശിക്ഷയായാണ് ഇരുവരെക്കൊണ്ടും ഏത്തമിടീക്കുന്നത് എന്നാണ് ഇായാള്‍ പറയുന്നത്. ഇതിന് ശേഷം ബല്‍വന്ത് നിലത്ത് തുപ്പുകയും യുവാക്കളെ കൊണ്ട് തന്റെ തുപ്പല്‍ ബലം പ്രയോഗിച്ച് നക്കിയെടുപ്പിക്കുന്നുമുണ്ട്.

എന്നാല്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് താന്‍ ഇവരെ ശിക്ഷിച്ചത് എന്നാണ് ബല്‍വന്ത് പറയുന്നത്. എന്നാല്‍ വോട്ട് ചെയ്യുന്നതിനായി പണം നല്‍കിയതിനെ കുറിച്ച് ഇയാള്‍ വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്.

വീഡിയോ വൈറലായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് ജില്ലാ പൊലീസ് മേധാവി കാന്തേഷ് കുമാര്‍ മിശ്ര പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dalit man in Bihar made to do sit-ups, lick spit by the lost candidate in panchayat election