ദൈവം ചെപ്പടി വിദ്യക്കാരനാണോ?
Opinion
ദൈവം ചെപ്പടി വിദ്യക്കാരനാണോ?
ലക്ഷ്മി രാജീവ് & ടി. എസ് ശ്യാംകുമാര്‍
Monday, 16th September 2019, 12:53 pm

ക്ഷേത്രങ്ങളില്‍ അല്‍ഭുത പ്രവര്‍ത്തനങ്ങളുടെ ആക്കം വര്‍ദ്ധിച്ചു വരികയാണ്. അമ്പലമണികള്‍ തനിയെ മുഴങ്ങുന്നു. ഓണപൂക്കളം ശ്രീകോവിലിനു മുന്നിലേക്ക് രാത്രി വലിച്ചു നീക്കപ്പെടുന്നു. ഇത്തരത്തിലുള്ള’അതിശയങ്ങളെ’ വിദ്യാ സമ്പന്നരുള്‍പ്പെടെ വിശ്വസിക്കുമ്പോള്‍ നമ്മള്‍ ആലോചിക്കേണ്ടത് അത്തരം വാര്‍ത്തകളുടെ അടിയില്‍ ‘അമ്മേ മഹാമായേ’ എന്നും ‘ദേവീ രക്ഷിക്കണേ’ എന്നും മറ്റും എഴുതുന്ന ,അനുഗ്രഹങ്ങള്‍ക്കായി അങ്ങോട്ട് പായുന്ന മനുഷ്യരെകുറിച്ചാണ്.

പ്രാചീന മധ്യകാല ക്ഷേത്രങ്ങളുടെ ചരിത്രം ഇത്തരം അല്‍ഭുത പ്രവര്‍ത്തനങ്ങളുടെ കാലമായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അയിത്തവും തൊട്ടു കൂടായ്മയും നിലനിന്നിരുന്നിട്ടും ക്ഷേത്രത്തിലെ ദേവതകളല്ല അവയൊന്നും ഇല്ലായ്മ ചെയ്തത്. തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രത്തില്‍ നിരവധി തവണ തീപിടിച്ച് വിഗ്രഹം ഉള്‍പ്പെടെ കത്തി നശിച്ചപ്പോഴും ദേവതയുടെ അല്‍ഭുത ശക്തി പ്രവര്‍ത്തിച്ചില്ല.

ലക്ഷ്മി രാജീവ് & ടി. എസ് ശ്യാംകുമാര്‍

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ നിന്നും തിരുവുടമ്പും ശ്രീബലിവിഗ്രഹവും കളവ് പോയപ്പോഴും കളവ് തടയാന്‍ ദേവന് സാധിച്ചില്ല. ക്ഷേത്രത്തില്‍ പ്രവേശിച്ച് വിലപിടിച്ച വസ്തുവകകള്‍ മോഷ്ടിക്കുമ്പോഴും അത് തടയാന്‍ സാധിക്കാത്ത ബിംബം കേവലം ശിലയാണെന്ന് ബ്രഹ്മാനന്ദ സ്വാമി ശിവയോഗി പറയുന്നുണ്ട്. നിരവധി തവണ ക്ഷേത്രം ആക്രമിച്ച് ചിലപിടിപ്പുള്ള മുതലുകള്‍ എടുത്തു കൊണ്ട് പോകുമ്പോള്‍ അല്‍ഭുതം പ്രവര്‍ത്തിക്കാത്ത നിശ്ചല ശിലകളാണ് വിഗ്രഹങ്ങളെന്ന് ദയാനന്ദ സരസ്വതി സത്യാര്‍ത്ഥ പ്രകാശത്തില്‍ എഴുതുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തീണ്ടലും തൊട്ടുകൂടായ്മയും അയിത്താചാരങ്ങളും ഗ്രസിച്ചിരുന്ന വേളയിലും അതൊക്കെ ഇല്ലായ്മ ചെയ്യാന്‍ ഏതെങ്കിലും ക്ഷേത്ര ദേവതകള്‍ അശരീരീ മുഴക്കുകയോ അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. ദളിത മഹാജനങ്ങള്‍ അടിമകളായി ദുരിതം പേറിയ കാലത്തൊന്നും അവരെ ഏതെങ്കിലും ബ്രാഹ്മണ ക്ഷേത്രങ്ങളിലെ ദൈവങ്ങള്‍ രക്ഷിക്കുകയുണ്ടായില്ല.

അടിമ ജനങ്ങളെ മൃഗങ്ങള്‍ക്കൊപ്പം നുകത്തില്‍ കെട്ടി പാടത്ത് ഉഴുതാന്‍ നിര്‍ത്തിയപ്പോഴും അവരെ രക്ഷിക്കാന്‍ ആരും വന്നില്ല. ചരിത്രത്തിന്റെ ദീനമായ ഘട്ടത്തില്‍ ദളിതരെയും ദുരിതം പേറുന്നവരെയും രക്ഷിക്കാത്ത ബ്രാഹ്മണ ക്ഷേത്രങ്ങളിലെ ദൈവങ്ങള്‍ ഇപ്പോള്‍ അല്‍ഭുതം പ്രവര്‍ത്തിക്കുന്നു എന്നത് ചരിത്രത്തെ ആക്ഷേപിക്കലാണ്.

അല്‍ഭുത പ്രവര്‍ത്തകരായ പലരോടും നാരായണ ഗുരു വിമര്‍ശനാത്മകമായി തന്നെയാണ് സംവദിച്ചിരുന്നത് എന്നതും പ്രസക്തമാണ്. മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമം കഴിച്ചാല്‍ രോഗം മാറി, മരണം ഉള്‍പ്പെടെ തരണം ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇത്രയധികം ആശുപത്രികള്‍ ഇവിടെ വേണ്ടി വരുമായിരുന്നില്ല. ശത്രുസംഹാര മന്ത്രത്തിന് വലിയ കെല്പുണ്ടായിരുന്നുവെങ്കില്‍ അതിര്‍ത്തിയില്‍ എന്തിനാണ് ഇത്രയധികം പട്ടാളക്കാരെ വിന്യസിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അല്‍ഭുത പ്രവര്‍ത്തകരുടെ സംഘം ഇതിനെല്ലാം മറുപടി പറയണം. ഇത്തരം “മണിയടി” ഗുരുതരമായ കുറ്റകൃത്യമായി വേണം കാണേണ്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി ചേർത്ത് വായിച്ചാൽ ഈ അസംബന്ധ പ്രചാരണങ്ങളെ അത്ര നിഷ്കളങ്കമായി കണ്ടുകൂടാ.

ദൈവം വിശ്വാസിയുടെ അനുഭൂതിയാണ്. ദൈവത്തിന്റെ അല്‍ഭുത പ്രവര്‍ത്തനങ്ങളുടെ പേരില്‍ സാധാരണക്കാരായ ഈശ്വര വിശ്വാസികളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വ്യവസ്ഥ ദൈവത്തെ തന്നെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്.