ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലക് എന്നയാളെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്ന സംഭവത്തിലെ പ്രതികള്‍ക്ക് നിയമപരവും സാമ്പത്തികപരവുമായ സഹായം നല്‍കാന്‍ വിശ്വഹിന്ദു പരിഷത്ത് നേതൃത്വം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ബി.ജെ.പി എം.പിയും ഹിന്ദു നേതാവുമായ സ്വാമി ആദിത്യ യോഗിയുടെ നേതൃത്വത്തില്‍ പ്രതികളുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും പ്രതികളുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പുതിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ മോചിപ്പിക്കണമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു വി.എച്ച്.പിയുടേയും ആവശ്യം.
ഈ ആവശ്യമുന്നയിച്ച് സംഭവത്തിന് ശേഷം പലതവണ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു. അതേസമയം അവസാനം പുറത്തുവന്ന പരിശോധനാഫലം അനധികൃതമാണെന്നും ഇത്തരത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി മാംസം പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും ഉത്തര്‍പ്രദേശ് പോലീസും സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
ഗൗതം ബുദ്ധ് നഗര്‍ പോലീസ് തയ്യാറാക്കിയ ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് കണ്ടെടുത്തത് ഗോമാംസമായിരുന്നെന്ന് സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.