മോദിക്ക് കര്‍ഷകരെ കാണാന്‍ സമയമില്ല, നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നു; വിമര്‍ശനവുമായി ഡി. രാജ
Kerala News
മോദിക്ക് കര്‍ഷകരെ കാണാന്‍ സമയമില്ല, നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നു; വിമര്‍ശനവുമായി ഡി. രാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th February 2021, 7:15 pm

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുകയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. എല്‍.ഡി.എഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സബ്കാ സാത്ത് എന്ന് പറയുന്ന മോദി അംബാനിക്കും കോര്‍പറേറ്റുകള്‍ക്കൊപ്പവുമാണ്. മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നു. കര്‍ഷകരെ കേള്‍ക്കാന്‍ മോദിക്ക് സമയമില്ലെന്നും ഡി. രാജ പറഞ്ഞു.

മോദി മാര്‍ക്‌സിസം പഠിക്കേണ്ട, പക്ഷെ മാക്‌സിന്റെ പുസ്തകം വായിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

മോദി ഇന്ന് കൊച്ചിയിലുണ്ട്. അദ്ദേഹം തമിഴ്‌നാട്ടിലും ബംഗാളിലും അസമിലും ഒക്കെ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് മോദി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈ സംസ്ഥാനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത് ? മോദിക്ക് വ്യക്തമായി അറിയാം ജനങ്ങളുടെ ദേഷ്യമെന്താണെന്ന്. ദല്‍ഹിയില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുന്ന ലക്ഷണക്കണക്കിന് വരുന്ന കര്‍ഷകരുണ്ട്. അവരോടൊന്നും സംസാരിക്കാന്‍ മോദിക്ക് സമയമില്ല.

ഈ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അത് നടക്കണം. ഈ രാജ്യത്ത് ഉത്പാദനം നടത്തുന്നത് കര്‍ഷകരാണ്. അവരാണ് ഈ രാജ്യത്തിന്റെ സമ്പത്ത്. അതിന് പകരം ചങ്ങാത്ത മുതലാളിത്തത്തെ കൂട്ടുപിടിക്കുകയാണ് മോദിയെന്നും രാജ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് തന്നെ ബി.ജെ.പി-ആര്‍.എസ്.എസ് ഭരണം ഭീഷണിയായി മാറിയിരിക്കുകായണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ മതേതര മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ ഇന്ത്യയെ മതരാഷ്ട്ര മാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിട്ടുവീഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിലപാടാണ് യു.ഡി.എഫ് പലപ്പോഴും സ്വീകരിച്ച്‌കൊണ്ടിരിക്കുന്നത്. ബി.ജെ.പിയെയും യു.ഡി.എഫിനെയും തുറന്ന് കാണിക്കുന്നതായിരിക്കണം ഇന്നത്തെ യാത്ര.

ബി.ജെ.പിയുടെ മതധ്രൂവീകരണത്തില്‍ വീണു പോകുന്ന ഇടമല്ല കേരളം. എന്നിരുന്നലും ബി.ജെ.പിക്ക് മറുപടി നല്‍കുന്ന തരത്തിലായിരിക്കണം ഇത്തവണത്തെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: D Raja against PM Narendra Modi