കൊൽക്കത്ത: ഉംപൂൺ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഉയർത്തിയ പ്രത്യേക സാഹചര്യത്തിൽ 83 ദിവസത്തിന് ശേഷമാണ് നരേന്ദ്രമോദി രാജ്യതലസ്ഥാനം വിട്ട് സഞ്ചരിക്കുന്നത്. കൊൽക്കത്ത എയർപോർട്ടിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്ദീപ് ദങ്കാറും ചേർന്ന് മോദിയെ സ്വീകരിച്ചു.
ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പ്രദേശങ്ങൾ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നിരീക്ഷിക്കും. ഇതിനു പുറമെ പ്രത്യേക അവലോകന യോഗത്തിലും മോദി പങ്കെടുക്കും. പശ്ചിമ ബംഗാളിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ദർമേന്ദ്ര പ്രധാൻ, ബാബുൽ സുപ്രിയോ, പ്രതാപ് ചന്ദ്ര സാരങ്കി, ദേബശ്രീ ചൗധരി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്.
ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്. ഉത്തർപ്രദേശ് മാത്രമാണ് മോദി ഈ വർഷം രണ്ട് തവണ സന്ദർശിച്ച മറ്റൊരു സംസ്ഥാനം. പശ്ചിമ ബംഗാളിൽ വീശിയടിച്ച ഉംപൂൺ ചുഴലിക്കാറ്റിൽ 72 പേർ മരിച്ചുവെന്നാണ് കണക്കുകൾ. ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മമത ബാനർജി പറഞ്ഞിരുന്നു. സംസ്ഥാനത്തിന് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമാണെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.