national news
വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ്; യു.പി.ഐ പേയ്‌മെന്റ് ബഹിഷ്‌ക്കരിച്ച് ഇന്‍ഡോര്‍ വസ്ത്രവ്യാപാരികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 27, 10:20 am
Friday, 27th December 2024, 3:50 pm

ഭോപ്പാല്‍: സൈബര്‍ തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യു.പി.ഐ പേയ്‌മെന്റുകള്‍ ബഹിഷ്‌ക്കരിച്ച് മധ്യപ്രദേശ് ഇന്‍ഡോറിലെ വസ്ത്രവ്യാപാരികള്‍. യു.പി.ഐ ഇടപാടുകളില്‍ വ്യാപാരികള്‍ക്ക് പണം നഷ്ടപ്പെട്ടതോടെയാണ് ഇന്‍ഡോറിലെ റീട്ടെയില്‍ ഗാര്‍മെന്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ യു.പി.ഐ പേയ്‌മെന്റുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.പി.ഐ ഇടപാടുകളില്‍ ഒന്നിലധികം വ്യാപാരികള്‍ക്ക് പണം നഷ്ടപ്പെടുകയും നിരവധി പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തതോടെയാണ് അസോസിയേഷന്‍ തീരുമാനം പ്രഖ്യാപിച്ചത്.

തട്ടിപ്പ് കാരണം നിരവധി വ്യാപാരികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സുരക്ഷിതമായ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് വരെ യു.പി.ഐ ഇടപാടുകള്‍ നടത്തില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അക്ഷയ് ജെയിന്‍ പറഞ്ഞു.

വ്യാപാരികള്‍ ഇനി മുതല്‍ പണമായോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ മാത്രമേ പെയ്‌മെന്റുകള്‍ നടത്തുകയുള്ളൂവെന്നും ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനും സാമ്പത്തിക നഷ്ടം തടയാനും ഇതുവഴി മാത്രമേ കഴിയൂ എന്നും അസോസിയേഷന്‍ അറിയിച്ചു.

600ല്‍പരം വ്യാപാരികളെ പ്രതിനിധീകരിക്കുന്ന അസോസിയേഷനാണ് യു.പി.ഐ പേയ്‌മെന്റുകള്‍ ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.

ഓണ്‍ലൈനായുള്ള ഇടപാടുകളുടെ സുരക്ഷ മെച്ചപ്പെടുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും അഹല്യ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അടുത്ത യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു.

പേയ്‌മെന്റ് മോഡുകളില്‍ വിശ്വാസം നിലനിര്‍ത്തണമെന്നും ഈ പ്രശ്‌നം വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരു പോലെ ബാധിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.

അതിനാല്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ വിശ്വാസം നിലനിര്‍ത്തണമെന്നും അതിന് പരിഹാരം കാണേണ്ടത് അത്യന്താപേക്ഷിതമാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് വ്യക്തമാക്കി.

Content Highlight: Cyber fraud on the rise; Indoor apparel retailers boycott UPI payment