എമ്പുരാന് പിന്നാലെ റീ സെന്‍സറിങ്ങിന് വിധേയമായി ബോളിവുഡ് ചിത്രം ഫുലെ. ഇന്ത്യയിലെ നവോത്ഥാന ചരിത്രത്തില്‍ പലപ്പോഴും വിസ്മരിക്കപ്പെട്ട സാവിത്രി ഫുലെയുടെ ജീവിതകഥ പറയുന്ന ഫുലെ എന്ന സിനിമയാണ് സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ ഇര. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥകള്‍ക്കെതിരെ പോരാടിയ വനിതയായിരുന്നു സാവിത്രി ഫുലെ.
അതുവരെ ബ്രാഹ്‌മണരുടെ മാത്രം അവകാശമെന്ന് അവര്‍ മാത്രം വാദിച്ചിരുന്ന വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാവര്‍ക്കും ലഭിക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനും വേണ്ടി പ്രയത്‌നിച്ചവരായിരുന്നു സാവിത്രി ഫുലെ. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സാവിത്രി ഫുലെയുടെയും ഭര്‍ത്താവ് ജ്യോതി റാവു ഫുലെയുടെയും പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
അക്കാലത്തെ ബ്രാഹ്‌മണ സമൂഹം ജ്യോതി റാവുവിന്റെ പ്രവൃത്തികളെ വിമര്‍ശിക്കുകയും സാവിത്രിയെ പൊതുമധ്യത്തില്‍ വെച്ച് അപമാനിക്കുകയും ചെയ്തത് ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഈ സീനിനെതിരെ ബ്രാഹ്‌മണ സംഘടനകള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് കത്രിക വെച്ചത്.
പല രംഗങ്ങളും മുറിച്ചുമാറ്റുകയും ബ്രാഹ്‌മണരെ മോശക്കാരായി കാണിക്കുന്ന സീന്‍ ഒഴിവാക്കുകയും ചെയ്തു. സാവിത്രി ഫുലെക്ക് നേരെ ബ്രാഹ്‌മണനായ ഒരു കുട്ടി ചാണകമെറിയുന്നതും മറ്റൊരാള്‍ ചൂലുമായി നില്‍ക്കുന്നതുമായ സീനുകള്‍ വെട്ടിമാറ്റിയിട്ടുണ്ട്. അതുപോലെ ‘ശൂദ്രന്മാരെ കാണുമ്പോള്‍ ചൂലുമായി നില്‍ക്കണം’ എന്ന ഡയലോഗും മാറ്റിയിട്ടുണ്ട്.
സാവിത്രി ഫുലെയുടെ ജീവചരിത്രത്തെക്കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്നത്തെ മോശം സാമൂഹിക സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സാവിത്രി നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ബ്രാഹ്‌മണരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നില്‍.
കാശ്മീര്‍ ഫയല്‍സ്, ദി വാക്‌സിന്‍ വാര്‍ എന്നീ സിനിമകള്‍ അണിയിച്ചൊരുക്കിയ വിവേക് അഗ്നിഹോത്രി ഉള്‍പ്പെടുന്ന സെന്‍സര്‍ ബോര്‍ഡ് കമ്മിറ്റിയാണ് ഫുലെക്ക് കത്രിക വെച്ചത്. സാവിത്രി ഫുലെയുടെ ജന്മദിനമായ ഏപ്രില്‍ 11നാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീരുമാനിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അപ്രതീക്ഷിത ഇടപെടല്‍ സിനിമയുടെ റിലീസ് വൈകിപ്പിച്ചു.
റാം കേ നാം എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധനടക്കം പലരും സിനിമയെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടും സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ചുകൊണ്ടും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ എമ്പുരാന് ആദ്യം കട്ടുകള്‍ ലഭിക്കാത്തത് എങ്ങനെയായിരുന്നെന്നും പലരും ചോദിക്കുന്നുണ്ട്.
Content Highlight: Phule movie release held by Censor Board after the protest of Brahmin groups