ബാഴ്‌സ യുവതാരം ലാമിന്‍ യമാലിനെ ഒരിക്കലും മെസിയുമായി താരതമ്യം ചെയ്യരുതെന്ന് മുന്‍ ബാഴ്‌സ താരവും പരിശീലകനുമായ റൊണാള്‍ഡ് കൂമാന്‍. ലാമിന്‍ യമാല്‍ ഭാവിയില്‍ മികച്ച താരമായി മാറുമെന്നും എന്നാല്‍ ആരുമായും മെസിയെ താരതമ്യം ചെയ്യരുതെന്നും കൂമാന്‍ പറഞ്ഞു.
കൗമാര താരമായിരിക്കെ തന്നെ ബാഴ്‌സലോണയുടെ തട്ടകത്തിലെ പ്രധാനിയായാണ് ലാമിന്‍ യമാല്‍ വളര്‍ന്നുവന്നത്. ലാ മാസിയയുടെ കളിത്തൊട്ടിലില്‍ നിന്നും കാല്‍പ്പന്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച യമാല്‍ കറ്റാലന്‍മാരുടെ മാത്രമല്ല, സ്പാനിഷ് ദേശീയ ടീമിന്റെയും പ്രധാന താരമാണ്. ലാ റോജയുടെ യൂറോ കപ്പ് വിജയത്തിലും യമാലിന്റെ പങ്ക് ഏറെ വലുതായിരുന്നു.
മികച്ച പ്രകടനങ്ങള്‍ തുടരുമ്പോള്‍ ആരാധകരും മുന്‍ പരിശീലകനും സൂപ്പര്‍ താരങ്ങളും മെസിയുമായി ലാമിന്‍ യമാലിനെ താരതമ്യം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് കൂമാന്‍ രംഗത്തെത്തിയിരിക്കുന്നത്.
റൊണാള്‍ഡ് കൂമാന്‍
‘ആരെയും മെസിയുമായി താരതമ്യം ചെയ്യാന്‍ പാടില്ല. തീര്‍ച്ചയായും യമാല്‍ ഒരു മികച്ച താരമാണ്. ഈ പ്രായത്തില്‍ അവന്‍ പുറത്തെടുക്കുന്ന കളി മികവ് ഏറെ മികച്ചതാണ്, അവന്‍ ഇത് തുടരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഇവിടെ ഒരു മെസി മാത്രമേയുള്ളൂ. താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ താരങ്ങള്‍ സ്വയം ആ താരമാണെന്ന് കരുതാന്‍ പാടില്ല, എന്നാല്‍ കൂടുതല്‍ മെച്ചപ്പെടാനുള്ള അവസരമുണ്ടാക്കണം.
ഇതാണ് ഏറ്റവും പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്, കാരണം ഒരു പ്ലെയറിന്റെ കരിയര്‍ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്.
അവന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അവന് ഉറപ്പായും മികച്ച താരമായി മാറാന്‍ സാധിക്കും, അവന്‍ ഇതിനോകടകം തന്നെ ഒരു മികച്ച താരമായി മാറിയിരിക്കുകയാണ്.
അവനെ ഒരിക്കലും മെസിയുമായി താരതമ്യം ചെയ്യാന്‍ പാടില്ല, കാരണം മെസി ഒരു അതുല്യനായ താരമാണ്. അതുമാത്രമേ ഇതേക്കുറിച്ച് പറയാനുള്ളൂ.
മെസി മികച്ച താരമായിരുന്നു. പോകെപോകെ ലാമിന്‍ യമാലും കൂടുതല്‍ ഇംപ്രൂവ് ചെയ്യും. എന്നാല്‍ ബാഴ്‌സലോണയ്ക്ക് മെസി എത്രത്തോളം പ്രധാനമായുരുന്നോ, അതുപോലെ ഒരു താരത്തെ ഇനി കാണാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ കൂമാനെ ഉദ്ധരിച്ച് ബാഴ്‌സലോണ യൂണിവേഴ്‌സല്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Ronald Koeman says Lamine Yamal should not be compared to Lionel Messi