Advertisement
Entertainment
എന്തുകൊണ്ടാണ് ആ സിനിമയില്‍ എന്നെ തെരഞ്ഞടുത്തതെന്ന് ഇപ്പോഴും അറിയില്ല: ലിജോ മോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 12:08 pm
Friday, 11th April 2025, 5:38 pm

മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. നിരൂപക പ്രശംസക്കൊപ്പം കോമേഴ്ഷ്യലി വലിയ വിജയമായി മാറാന്‍ ഈ ഫഹദ് ഫാസില്‍ ചിത്രത്തിന് കഴിഞ്ഞു. ഇടുക്കിയിലെ കഥ പറഞ്ഞ ചിത്രത്തില്‍ നടി ലിജോ മോള്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ലിജോയുടെ ആദ്യത്തെ ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

പിന്നീട് മലയാളത്തിലും അന്യഭാഷകളിലുമായി ഒരു പിടി മികച്ച സിനിമകള്‍ ചെയ്യാന്‍ ലിജോ മോള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ പൊന്മാനില്‍ ലിജോ മോള്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ തനിക്ക് മഹേഷിന്റെ പ്രതികാരത്തിലെ റോള്‍ ഒരിക്കലും കിട്ടുമെന്ന് വിചാരിച്ചില്ലയെന്ന് പറയുകയാണ് ലിജോ മോള്‍. റെഡ് എഫ് എമ്മില്‍ സംസാരിക്കുകയായിരുന്നു ലിജോ മോള്‍.

മഹേഷിന്റെ പ്രതികാരത്തില്‍ തനിക്ക് ചാന്‍സ് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും സിനിമയില്‍ നിന്ന് ഫോണ്‍കോള്‍ വന്നപ്പോള്‍ എന്തുകൊണ്ടാണ് തന്നെ ഈ സിനിമയിലേക്ക് വിളിച്ചതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെന്നും ലിജോ മോള്‍ പറയുന്നു. എന്തെങ്കിലും ഒരു കാരണം ഉള്ളത് കൊണ്ടാകാം അവര്‍ തന്നെ തെരഞ്ഞെടുത്തതെന്നും എന്നാല്‍ അത് എന്ത് കൊണ്ടാണെന്ന് തനിക്കിപ്പോഴും അറിയില്ലെന്നും ലിജോ പറയുന്നു.

‘ഓഡിഷന്‍ കഴിഞ്ഞ് എനിക്ക് ഒട്ടും പ്രതീക്ഷയില്ലായിരുന്നു സിനിമയില്‍ കിട്ടുമെന്ന്. ഓഡിഷന്‍ കഴിഞ്ഞ് ഇറങ്ങി ഞാന്‍ ആദ്യം അച്ഛനോട് പറഞ്ഞത് എന്തായാലും എനിക്കിത് കിട്ടാന്‍ പോകുന്നില്ല. സിനിമയിലേക്ക് അവരുടെ കോള്‍ വന്നപ്പോള്‍ എനിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു, എന്തു കൊണ്ടാണ് എന്നെ എടുത്തത്. കാരണം ഓഡിഷന്‍ എങ്ങനെയായിരുന്നവെന്ന് എനിക്കറിയാം. ദിലീഷേട്ടന്‍ ശ്യാമേട്ടന്‍ ആ ഒരു ടീം എന്തോ ഒന്നു കണ്ടിട്ടായിരിക്കും എന്നെ തെരഞ്ഞെടുത്തത്.

പക്ഷേ അത് എന്ത്‌കൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് ആ ഓഡിഷന്‍ ഓര്‍ക്കാന്‍ പോലും താത്പര്യമില്ല. കാരണം ആദ്യം അവര്‍ കണ്ട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ഒരു സീന്‍ ചെയ്ത് നോക്കാം. ഉടനെ ഞാന്‍ പറഞ്ഞു എനിക്ക് വീട്ടില്‍ പോകണമെന്ന്. പിന്നീട് ഞാനൊന്നു കൂള്‍ ആയി കഴിഞ്ഞപ്പോള്‍ ഒരു സീന്‍ ചെയ്തു നോക്കാം എന്ന് പറഞ്ഞപ്പോള്‍ ചെയ്തു നോക്കി. അതില്‍ സിറ്റുവേഷന്‍സേ ഉള്ളൂ, പ്രോപ്പര്‍ ഡയലോഗുകളൊന്നും ഉണ്ടായിരുന്നില്ല,’ ലിജോ മോള്‍ പറയുന്നു.

Content Highlight: Lijo mol jose  about maheshinte prethikaram audition