അമ്മ അടുക്കളയിൽ കയറിയത് കണ്ടിട്ടില്ലെന്ന് പറഞ്ഞ മാലാ പാർവതിക്കെതിരെ സൈബർ ആക്രമണം; മറുപടി
Kerala News
അമ്മ അടുക്കളയിൽ കയറിയത് കണ്ടിട്ടില്ലെന്ന് പറഞ്ഞ മാലാ പാർവതിക്കെതിരെ സൈബർ ആക്രമണം; മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2024, 4:31 pm

കോഴിക്കോട്: അഭിനേത്രി മാലാ പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം. മാലാ പാര്‍വതി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ച തന്റെ അമ്മയെ കുറിച്ചുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൈബര്‍ ആക്രമണം.

സ്മാര്‍ട്ട് പിക്‌സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനെതിരെയാണ് ആക്രമണം നടക്കുന്നത്.

‘എന്റെ വീട്ടില്‍ ഓര്‍മവെച്ചനാള്‍ മുതല്‍ എന്റെ അമ്മ അടുക്കളയില്‍ കേറുന്നത് ഞാന്‍ കണ്ടിട്ടില്ല. വീട്ടിലെ ഒരു പണിയും ചെയ്യാന്‍ അമ്മയെ അച്ഛന്‍ സമ്മതിക്കില്ലായിരുന്നു. ഒരു മൂന്ന് തലമുറ എങ്കിലും ഇത് ചെയ്യാതിരുന്നാല്‍ മാത്രമേ ഇത് നിങ്ങളുടെ പണിയല്ലെന്ന് തോന്നുകയുള്ളുവെന്നാണ് അച്ഛന്‍ പറയാറ്,’ എന്നാണ് മാലാ പാര്‍വതി അഭിമുഖത്തില്‍ പറയുന്നത്.

എന്നാല്‍ അഭിമുഖത്തിലെ ഈ പരാമര്‍ശത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.

അടുക്കളയില്‍ കേറാന്‍ ഭാഗ്യമില്ലാത്ത ലോകത്തിലെ ആദ്യത്തെ വനിത, തള്ളി തള്ളി മറിക്കല്ലേ മുതുക്കി തള്ളേ, നിന്റെ തന്ത പെണ്ണൻ ആയതിന് ഞങ്ങള്‍ എന്ത് വേണം, ഇവളുടെ തൊഴില്‍ വേറെ ആണ് എന്നിങ്ങനെയുള്ള അധിക്ഷേപ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മാലാ പാര്‍വതിയുടെ അച്ഛന്‍, മകന്‍ അടക്കമുള്ളവരെ അധിക്ഷേപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തുന്നത്. മാലാ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചീത്തവിളികളും തെറിവിളികളും ഉണ്ട്.

അതേസമയം അഭിമുഖത്തിലെ ഒരു വാചകം മാത്രമെടുത്ത് തലവാചകമായി നല്‍കി സാമൂഹ്യദ്രോഹികള്‍ക്ക് അധിക്ഷേപങ്ങള്‍ ചൊരിയാന്‍ ഇടമുണ്ടാക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. ഇതിനുപുറമെ നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയിലെ മറുവിഭാഗം മറുപടിയും നല്‍കുന്നുണ്ട്.

വിമര്‍ശിക്കുന്നവര്‍ മാലാ പാര്‍വതിയുടെ അമ്മ ആരായിരുന്നുവെന്ന് മനസിലാക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

‘ഡോ. കെ. ലളിത എന്ന മാല പാര്‍വതിയുടെ അമ്മ മൂന്ന് തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയില്‍ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്നു. 85 വയസില്‍ മരണപ്പെടുന്നത് വരെ കര്‍മനിരതയായിരുന്ന രാജ്യത്തെ തന്നെ ഏറ്റവും ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റുകളില്‍ ഒരാള്‍,’ എന്ന് ഷെമീർ ടി.പി. മറുപടി നല്‍കി.

1954ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസിന് നാലാം റാങ്കോടെയാണ് ഡോക്ടര്‍ ലളിത പാസായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എ.ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992ലാണ് അവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്.

തുടര്‍ന്ന് എസ്.യു.ടിയില്‍ ജോലിയില്‍ പ്രവേശിച്ച് മരണം വരെ സേവനമനുഷ്ഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷെമീറിന്റെ പ്രതികരണം.

മാല പാര്‍വതി ഇടതുപക്ഷ അനുഭാവിയും സഹനടിയും ആയതുകൊണ്ടാണ് പരിഹസിക്കപ്പെടുന്നതെന്ന് ഷൈനി ആന്റണി പ്രതികരിച്ചു. ഒരുപക്ഷെ മാല പാര്‍വതിക്കെതിരെ തെറി പറയുന്നവരുടെ അമ്മ ജനിച്ചപ്പോള്‍ ഡോ. കെ. ലളിതയാകും പ്രസവം എടുത്തിട്ടുണ്ടാകുക എന്ന് ഹാരിസ് നെന്മേനിയും പറഞ്ഞു.

‘സ്ത്രീ അടുക്കളയില്‍ കയറിയില്ലെങ്കില്‍ അവര്‍ സ്ത്രീ ആകില്ല എന്ന് ചിന്തിക്കുന്ന വര്‍ഗം. ഇവരുടെ വീട്ടിലെ സ്ത്രീകള്‍ ശമ്പളം ഇല്ലാത്ത അടുക്കള കാരികള്‍ ആയിരിക്കും,’ എന്ന് രജനി ചന്ദ്ര ലക്ഷമിയും പ്രതികരിച്ചു.

Content Highlight: cyber attack against actress maala parvathi