Advertisement
Entertainment
ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ പോലെ ബസൂക്ക
അമര്‍നാഥ് എം.
2025 Apr 10, 11:28 am
Thursday, 10th April 2025, 4:58 pm

ഗെയിം കളിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുമില്ല. ജയിക്കുക അല്ലെങ്കില്‍ തോല്‍ക്കാന്‍ തയാറാവുക. ഈയൊരു പോളിസി മാത്രമേ എപ്പോഴും ഗെയിമില്‍ ഉള്ളൂ. അത്തരത്തില്‍ ഗെയിമിങ് പ്രധാന തീമായി മലയാളത്തിലെ ആദ്യത്തെ സിനിമയെന്ന് ബസൂക്കയെ വിശേഷിപ്പിക്കാം. ഇത്തരമൊരു സ്‌ക്രിപ്റ്റിനെ സിനിമാരൂപത്തിലേക്കാക്കുമ്പോള്‍ വരുന്ന പ്രധാന പ്രശ്‌നം അത് പ്രേക്ഷകരിലേക്ക് കണക്ടാക്കുക എന്നതാണ്.

ബസൂക്ക ഒരു പരിധി വരെ അക്കാര്യത്തില്‍ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. എന്നിരുന്നാല്‍ പോലും ചില പോരായ്മകള്‍ അവിടവിടായി തോന്നിയിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാവിളയാട്ടത്തെ പാടെ അവസാനിപ്പിച്ച എ.സി.പി. ബെഞ്ചമിന്‍ ജോഷ്വക്ക് നേരിടേണ്ടി വരുന്ന ചില പ്രതിസന്ധികളാണ് സിനിമയുടെ പ്രധാന കഥ.

ഒരു ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ പോലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഓരോ വെല്ലുവിളിയുയര്‍ത്തുന്ന വില്ലനെ പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കോര്‍. വയലന്‍സ് കാണിക്കാന്‍ നല്ല സ്‌കോപ്പ് ഉണ്ടായിരുന്നിട്ടും അതിന് മുതിരാതെ ഗെയിം ടാസ്‌കുകളിലൂടെ ഹീറോ- വില്ലന്‍ കോണ്‍ഫ്‌ളിക്ടിനെ അവതരിപ്പിക്കാന്‍ ശ്രമിച്ച അണിയറപ്രവര്‍ത്തകര്‍ കൈയടി അര്‍ഹിക്കുന്നു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി മമ്മൂട്ടിയുടെ കൊമേഴ്‌സ്യല്‍ സിനിമകള്‍ പിന്തുടരുന്ന അതേ പാറ്റേണില്‍ തന്നെയാണ് ബസൂക്കയുടെയും സഞ്ചാരം. ആദ്യം മുതല്‍ ഫ്‌ളാറ്റായി സഞ്ചരിച്ച് അവസാനത്തെ കുറച്ച് സമയം ആളിക്കത്തിക്കുന്ന രീതി ഈ സിനിമയിലും കാണാം. എന്നാല്‍ അതിനെ കല്ലുകടിയായി തോന്നാത്ത രീതിയില്‍ പ്രസന്റ് ചെയ്യാന്‍ സംവിധായകന് സാധിച്ചു.

അഭിനേതാക്കളുടെ കാര്യത്തിലേക്ക് വന്നാല്‍ മമ്മൂട്ടിയിലെ താരത്തെ പരാമവധി ഉപയോഗിക്കാന്‍ സിനിമക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ നടന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ ഈ സിനിമയില്‍ ഒന്നുമില്ല. എന്നാല്‍ തന്റെ ഓറ കൊണ്ട് സിനിമയെ ആദ്യാവസാനം മമ്മൂട്ടി താങ്ങി നിര്‍ത്തുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന ടൈറ്റില്‍ കാര്‍ഡ് കണ്ട സിനിമ കൂടിയാണ് ബസൂക്ക.

ടൈറ്റില്‍ കാര്‍ഡ് എഴുതി കാണിക്കുന്നിടം തൊട്ട് മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണിക്കുന്ന ഓരോ സീനും സ്‌റ്റൈലിഷായാണ് അണിയറപ്രവര്‍ത്തകര്‍ പ്രസന്റ് ചെയ്തത്. സര്‍പ്രൈസാക്കി വെച്ച ലുക്കില്‍ മമ്മൂട്ടി വരുന്ന സീനിനെല്ലാം മികച്ച റെസ്‌പോണ്‍സായിരുന്നു. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ചില ഡയലോഗുകളും സിനിമയെ മികച്ച അനുഭവമാക്കി മാറ്റി.

ഗൗതം വാസുദേവ് മേനോന്‍… സിനിമയില്‍ മമ്മൂട്ടിയെക്കാള്‍ സ്‌ക്രീന്‍ ടൈം ജി.വി.എമ്മിനായിരുന്നെന്ന് പറയാം. അഭിനയജീവിതം ആരംഭിച്ച ശേഷം ഗൗതം മേനോന് കിട്ടിയ ഏറ്റവും മികച്ച ഇന്‍ട്രോ സീക്വന്‍സായിരുന്നു ബസൂക്കയിലേത്. ഒരു പൊലീസ് ഓഫീസറുടെ മാനറിസങ്ങള്‍ ജി.വി.എമ്മില്‍ ഭദ്രമായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള സീനുകളിലും ഗൗതം മേനോന്‍ കട്ടക്ക് പിടിച്ച് നിന്നിട്ടുണ്ട്.

ഹക്കിം ഷാ അവതരിപ്പിച്ച സണ്ണി, ഭാമാ അരുണിന്റെ സാനിയ എന്നിവരും മികച്ചു നിന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍, ഡിനു ഡെന്നീസ്, സുമിത് നവല്‍, ഐശ്വര്യ മേനോന്‍ എന്നിവരും കിട്ടിയ വേഷത്തോട് നീതി പുലര്‍ത്തി. എന്നാല്‍ വന്‍ ബില്‍ഡപ്പില്‍ അവതരിപ്പിച്ച സന്തോഷ് വര്‍ക്കിയുടെ കാമിയോ റോള്‍ വലിയ കല്ലുകടിയായി തോന്നി. സിനിമയുടെ മൊത്തം മൂഡ് തന്നെ നശിപ്പിച്ചതുപോലെ തോന്നി. എന്നാല്‍ തീരെ പ്രതീക്ഷിക്കാത്ത അതിഥി വേഷം മനോഹരമായി അനുഭവപ്പെട്ടു.

നിമിഷ് രവി എന്ന ഛായാഗ്രഹകനെ പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു. മമ്മൂട്ടി എന്ന താരത്തെ മാക്‌സിമം ഒപ്പിയെടുക്കാന്‍ നിമിഷിന്റെ ഫ്രെയിമുകള്‍ക്ക് സാധിച്ചു. മികച്ച അവസരങ്ങള്‍ ഇനിയും നിമിഷിനെ തേടിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

സയീദ് അബ്ബാസ്, സുഷിന്‍ ശ്യാമിന്റെ ശിഷ്യനാണെന്ന് തന്റെ ബി.ജി.എം കൊണ്ട് സയീദ് തെളിയിച്ചു. ജി.വി.എമ്മിന്റെ ഇന്‍ട്രോ ബി.ജി.എം, മമ്മൂട്ടിയുടെ ടൈറ്റില്‍ കാര്‍ഡിലെ ബി.ജി.എം എല്ലാം അതിഗംഭീരമായിരുന്നു. വെസ്റ്റേണ്‍ ടച്ചുള്ള സംഗീതം കൊണ്ട് ബസൂക്കയില്‍ ഞെട്ടിച്ച സയീദ് മലയാളത്തില്‍ തന്റേതായ സ്ഥാനം നേടുമെന്ന് ഉറപ്പാണ്.

എന്നിരുന്നാലും ആകെത്തുകയില്‍ അവിടവിടായി തോന്നിയ മിസ്സിങ് സിനിമയെ ശരാശരിക്ക് മുകളിലുള്ള അനുഭവം മാത്രമായി മാറ്റുന്നുണ്ട്. മുഴച്ചുനില്‍ക്കുന്ന വി.എഫ്.എക്‌സ്, സ്‌ക്രിപ്റ്റില്‍ ചിലയിടത്തായി തോന്നിയ ലൂപ്പ് ഹോളുകള്‍ എന്നിവയാണ് സിനിമയെ പിന്നോട്ടു വലിച്ചത്. എന്നിരുന്നാലും നഷ്ടമല്ലാത്ത തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സിനിമ സമ്മാനിക്കുന്നുണ്ട്.

ഇത്തരമൊരു പരീക്ഷണ സബ്ജക്ട് മറ്റാരെയും ഏല്‍പ്പിക്കാത്തതിന്റെ കാരണം സിനിമ കാണുമ്പോള്‍ മനസിലാകും. എഴുതിയ ആള്‍ക്കല്ലാതെ മറ്റാര്‍ക്കും ഈയൊരു തീമിനെ സ്‌ക്രീനില്‍ പകര്‍ത്താന്‍ സാധിക്കില്ല. ഒരുപാട് പുതുമുഖങ്ങളെ മലയാളത്തിന് സമ്മാനിച്ച മമ്മൂട്ടിയില്‍ നിന്ന് മറ്റൊരു പുതുമുഖ സംവിധായകന്‍ കൂടി. തന്റെ ആദ്യ സംവിധാനസംരഭം മോശമല്ലാത്ത രീതിയില്‍ ചെയ്യാന്‍ ഡീനോ ഡെന്നീസിന് സാധിച്ചെന്ന് സംശയമില്ലാതെ പറയാം.

Content Highlight: Bazooka movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം