കൊച്ചി: എക്‌സാലോജിക്-സി.എം.ആര്‍.എല്‍ കേസില്‍ എസ്.എഫ്.ഐ.ഒ സമര്‍പ്പിച്ച കുറ്റപത്രത്തിനായി കോടതിയില്‍ അപേക്ഷ നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). എസ്.എഫ്.ഐ.ഒ സമര്‍പ്പിച്ച കുറ്റപത്രം പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഇ.ഡി. അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 26ാം തീയതിയാണ് എസ്.എഫ്.ഐ.ഒ കൊച്ചിയിലെ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതിന്റെ സൂക്ഷ്മ പരിശോധന നടന്ന് വരികയാണ്. ഈ സാഹചര്യത്തിലാണ് ഇ.ഡി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ജെ. സന്തോഷ് വഴി ഇ.ഡി കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തന്നെ ഈ വിഷയത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി കൈവരിച്ചിരുന്നില്ല. ഇ.ഡിയുടെ ചട്ടങ്ങള്‍ അനുസരിച്ച് സ്വമേധയാ നടപടിയുമായി മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തെയോ, മറ്റ് കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം നടന്നിട്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയാലാണ് ഇ.ഡിക്ക് ചട്ടപ്രകാരം കേസ് എടുക്കാന്‍ സാധിക്കുക.
ഇവിടെ എസ്.എഫ്.ഐ.ഒ കുറ്റപത്രത്തില്‍ കമ്പനീസ് ആക്ടിന്റെ 447 ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊരു ക്രൈം ആണ്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇ.ഡിക്ക് അന്വേഷണം പുനരാരംഭിച്ച് പ്രതികളെ സമന്‍സ് അയച്ച് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിനെ പ്രതിയാക്കിയാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) കുറ്റപത്രം സമര്‍പ്പിച്ചത്.
സേവനങ്ങള്‍ ഒന്നും നല്‍കാതെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് 2.70 കോടി വീണയുടെ കമ്പനി കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒ കണ്ടെത്തല്‍.
വീണയുടെ കമ്പനിയായ എക്സാലോജിക്കിന് പുറമെ ശശിധരന്‍ കര്‍ത്തയും സി.എം.ആര്‍.എല്ലും പ്രതിസ്ഥാനത്തുണ്ട്. പത്ത് വര്‍ഷം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് പ്രതികളെ എക്സിക്യൂട്ടീവ് ചെയ്യാന്‍ അനുമതി നല്‍കിയത്.
സി.എം.ആര്‍.എല്ലിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും എസ്.എഫ്.ഐ.ഒ പരിശോധിച്ചിട്ടുണ്ട്. 182 കോടിയോളം രൂപ കമ്പനി രാഷ്ട്രീയ നേതാക്കള്‍ക്കായി വകമാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എസ്.എഫ്.ഐ.ഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സി.എം.ആര്‍.എല്‍ നിരവധി നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.
Content Highlight: Masappadi case; ED files application for SFIO chargesheet