കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍; തൊഴില്‍ ഭീഷണിയില്‍ ജീവനക്കാര്‍; ആശങ്കയൊഴിയാതെ ഉപഭോക്താക്കള്‍
Labour Right
കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍; തൊഴില്‍ ഭീഷണിയില്‍ ജീവനക്കാര്‍; ആശങ്കയൊഴിയാതെ ഉപഭോക്താക്കള്‍
ലിജിന്‍ കടുക്കാരം
Sunday, 25th March 2018, 2:36 pm

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍ സ്ഥാപിക്കാന്‍ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) തീരുമാനിച്ചത് 2015 ലാണ്. ഒരുവര്‍ഷത്തിനകം നടപ്പാക്കണമെന്ന് തീരുമാനിച്ച പദ്ധതി ഇതുവരെയും എവിടെയുമെത്തിയിട്ടില്ല. എന്നാല്‍ പദ്ധതിക്കായുള്ള നടപടികള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ തന്നെ തങ്ങളുടെ ജോലി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കെ.എസ്.ഇ.ബിയിലെ മീറ്റര്‍ റീഡര്‍മാര്‍.

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് റീഡിങ്ങ് സിസ്റ്റം ആകുമെന്നുള്ളതിനാല്‍ തന്നെ റീഡര്‍മാരുടെ തസ്തിക കെ.എസ്.ഇ.ബിയില്‍ ഉണ്ടാവുകയില്ലെന്ന ആശങ്കയാണ് ജീവനക്കാര്‍ പങ്കുവെക്കുന്നത്. സ്മാര്‍ട്ട് മീറ്റര്‍ സാധാരണ ചാര്‍ജ്ജിനേക്കാള്‍ ഇരട്ടിയിലേറെ പണമായിരിക്കും ചോര്‍ത്തുകയെന്ന വാര്‍ത്തകള്‍ ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

എന്താണ് സ്മാര്‍ട്ട് മീറ്റര്‍

വൈദ്യുതോപഭോഗത്തിന്റെ നിരക്ക് ഓണ്‍ലൈനായി സെക്ഷന്‍ ഓഫീസുകളിലെത്തിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് എനര്‍ജി മീറ്റര്‍. സിം കാര്‍ഡ് പോലൊരു സംവിധാനം മീറ്ററിനകത്ത് സ്ഥാപിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുക. ഇതോടെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് ചെന്ന് മീറ്റര്‍ റീഡിങ്ങെടുക്കുന്നതിന്റെ ആവശ്യം ഇല്ലാതെ വരും. വൈദ്യുതി ബില്ല് എസ്.എം.എസ്. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താവിന് ലഭിക്കുകയും ചെയ്യും.

കെ.എസ്.ഇ.ബിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റീഡര്‍മാരുടെ സ്ഥിരനിയമനം നടന്നിട്ടില്ല. പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെങ്കിലും നിയമനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. സംസ്ഥാനത്തൊട്ടാകെ 697 കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളാണ് നിലവിലുള്ളത്. ഓരോ സെക്ഷന്‍ പരിധിയിലും ഉദ്ദേശം മൂന്നു മുതല്‍ അഞ്ചു വരെ റീഡര്‍മാരുണ്ടുകും. സെക്ഷന്‍ ഓഫീസിന്റെ പരിധി അനുസരിച്ചാകും ഇതിലെ ഏറ്റക്കുറച്ചില്‍.

ഇതില്‍ ഭൂരിഭാഗം സെക്ഷനു കീഴിലും നിലവില്‍ ഒരു റീഡര്‍മാര്‍ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്. ബാക്കിയുള്ളവര്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും നാലും അഞ്ചും വര്‍ഷമായി റീഡര്‍മാരായി ജോലിചെയ്യുന്നവരാണ്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ തൊഴില്‍ നഷ്ടമാകുന്നത് ഇത്തരക്കാര്‍ക്കായിരിക്കും.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാന്‍ പോവുകയാണെന്നാണ് കേള്‍ക്കുന്നതെന്നും അത് വന്നാല്‍ തങ്ങളുടെ ജോലിപോകുമെന്നാണ് തോന്നുന്നതെന്നും കണ്ണൂര്‍ പാടിയോട്ടുചാല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ താല്‍ക്കാലിക മീറ്റര്‍ റീഡര്‍ സൂരജ് കെ.ടി ഡൂള്‍ന്യൂസിനോട് പറഞ്ഞു. “കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ മീറ്റര്‍ റീഡറായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ഇവിടെ മൂന്നു റീഡര്‍മാരാണുള്ളത്. രണ്ടുപേര്‍ താല്‍ക്കാലികവും ഒരാള്‍ സ്ഥിരം ജീവനക്കാരനുമാണ്. സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമ്പോഴേക്കും സ്ഥിരം ജീവനക്കാരനു പ്രമോഷന്‍ ലഭിക്കുമായിരിക്കാം. തങ്ങളുടെ ജോലിയെന്താകുമെന്ന് ഒരു പിടിയുമില്ല” സൂരജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുമ്പോള്‍ റീഡര്‍ തസ്തികയുടെ ആവശ്യമില്ലെന്നതിനാലാകും കഴിഞ്ഞ ഏതാനും വര്‍ഷമായി പി.എസ്.സി നിയമനം നടത്താതെന്നാണ് തൊഴിലാളികളുടെ ആശങ്ക. സ്മാര്‍ട്ട്മീറ്റര്‍ സ്ഥാപിക്കാന്‍ ഒരു വര്‍ഷം കൂടി കഴിയുമ്പോഴേക്കും അവസാനമായി പി.എസ്.സി നിയമനം ലഭിച്ചവര്‍ക്ക് പ്രമോഷനുള്ള കാലയളവും ആകും. ഇക്കഴിഞ്ഞ ജനുവരിയില്‍ മീറ്റര്‍ റീഡര്‍മാരുടെ 799 ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെ.എസ്.ഇ.ബി.ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് പി.എസ്.സി. നിയമനശുപാര്‍ശ നല്‍കണമെന്നും ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധിച്ചിരുന്നത്.

അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തിയിട്ടും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാത്ത പി.എസ്.സി.യുടെയും ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്ത കെ.എസ്.ഇ.ബി.യുടെയും നടപടിക്കെതിരേ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഇതിന് ഫലമുണ്ടാകാതെ വന്നപ്പോഴായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചിരുന്നത്.

എന്നാല്‍ സ്മാര്‍ട് മീറ്റര്‍, പ്രീപെയ്ഡ് മീറ്റര്‍ എന്നിവ സ്ഥാപിച്ച് മീറ്റര്‍ റീഡര്‍ തസ്തിക നിര്‍ത്തലാക്കുകയാണെന്നായിരുന്നു കെ.എസ്.ഇ.ബി. കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിക്കുകയുണ്ടായില്ല. തസ്തികമാറ്റത്തിലൂടെമാത്രം മീറ്റര്‍ റീഡര്‍മാരെ നിയമിക്കാനുള്ള കെ.എസ്.ഇ.ബി.യുടെ താത്പര്യം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി നേരിട്ടുള്ള നിയമനത്തിന് നടപടി തുടങ്ങിയശേഷം പിന്നോട്ടുപോകാനാകില്ലെന്നും മീറ്റര്‍ റീഡര്‍മാരെ പിന്നീട് വേണ്ടെന്ന് തോന്നുന്നപക്ഷം കെ.എസ്.ഇ.ബി.ക്ക് യുക്തമായ നടപടികള്‍ സ്വീകരിക്കാമെന്നും നിരീക്ഷിക്കുകയുണ്ടായി.

ഇത്തരത്തില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാകുമ്പോള്‍ 697 സെക്ഷനുകളിലെ നിരവധി ജീവനക്കാരുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്. അതേസമയം സ്മാര്‍ട്ട് മീറ്ററിനെക്കുറിച്ച് പ്രചരിക്കുന്ന വില നിയന്ത്രണവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നത്. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതോടെ വൈദ്യുതി യൂണിറ്റ് വില നിശ്ചയിക്കുന്നത് രണ്ട് മാസം കൂടുമ്പോള്‍ ഉപയോഗിച്ച യൂണിറ്റിന്റെ വില എന്ന നിലയിലായിരിക്കില്ലെന്നും പകരം പീക് ടൈം എന്ന നിലക്കായിരിക്കുമെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദേശീയ ഉത്സവ നാളുകളില്‍ മൊബൈല്‍ എസ്.എം.എസിന് മൊബൈല്‍ ദാതാക്കള്‍ അധികം ചാര്‍ജ്ജ് ഈടാക്കുന്നതു പോലെ വൈകീട്ട് ആറു മുതല്‍ 11 വരെയുള്ള പീക് ടൈമില്‍ ഉപയോഗിക്കുന്ന വൈദ്യുതി ചാര്‍ജ്ജിന് രണ്ട് ഇരട്ടിയിലധികം തുക വരുമെന്ന രീതിയിലാണ് വാര്‍ത്തകളുണ്ടായിരുന്നത്. അങ്ങിനെ വരുമ്പോള്‍ വൈദ്യുത നിരക്കില്‍ ഇരട്ടിയോളം വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഉപഭോക്താവ് രാഘവന്‍ പറയുന്നു.

“സ്മാര്‍ട് മീറ്റര്‍ എന്താണെന്നത് സംബന്ധിച്ച് ഇതുവരെയും ഒരു വ്യക്തതയും ലഭിച്ചിട്ടില്ല. ബില്ല് ഫോണില്‍ വരുമെന്നാണ് പറയപ്പെടുന്നത്. ഇതിനെ എത്രത്തോളം വിശ്വസിക്കാന്‍ കഴിയുമെന്ന് അറിയില്ല. പ്രത്യേക സമയങ്ങളില്‍ പ്രത്യേക നിരക്കാകും ഇടാക്കുകയെന്നാണ് കേള്‍ക്കുന്നത്” കെ.എസ്.ഇ.ബി ഉപഭോക്താവും ഡ്രൈവറുമായ രാഘവന്‍ പറയുന്നു.

സ്മാര്‍ട്ട് മീറ്റര്‍ ഒരു പ്രീ പെയ്ഡ് മീറ്ററായാകും വീടുകളിലെത്തുക. ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാര്‍ജ്ജ് മുന്‍കൂട്ടി കെ.എസ്.ഇ.ബി അക്കൗണ്ടില്‍ അടക്കേണ്ടിവരും. അടച്ച തുകക്കുള്ള വൈദ്യുതിയെ ഉപയോഗിക്കാന്‍ കഴിയൂ. അടച്ച പണം തീരുന്നത് രാത്രിയാണെങ്കിലും അപ്പോള്‍ തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബില്‍ അടക്കാത്തവരുടെ ഫ്യൂസ് ഊരാന്‍ ഉദ്യോഗസ്ഥര്‍ക്ക് വീടുകളിലെത്തേണ്ട ആവശ്യവുമില്ല.

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് ലാഭം ലഭിക്കുമെങ്കിലും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള ആശങ്ക പരിഹരിക്കാന്‍ ഇതുവരെയും ഒരു നടപടികളും ഉണ്ടായിട്ടില്ല. തങ്ങളുടെ ജോലി നിലനിര്‍ത്താനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്ന് ഉപഭോക്താക്കളും.