പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജയ് വിളിച്ച് ജനക്കൂട്ടം.
സരണ്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് നിതീഷ് കുമാറിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ ആളുകളില്‍ ഒരു ഭാഗം ലാലു പ്രസാദ് യാദവിന് ജയ് വിളിച്ചത്.
ലാലു സിന്ദാബാദ് എന്നായിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഉയര്‍ന്ന മുദ്രാവാക്യം. നീതീഷ് കുമാര്‍ വേദിയില്‍ നില്‍ക്കവെയാണ് ഒരു വിഭാഗം ഉറക്കെ ലാലു പ്രസാദിന് ജയ് വിളിച്ചത്.
വേദിയില്‍ നിതീഷ് കുമാറിനൊപ്പം ആര്‍.ജെ.ഡി വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്ന ചന്ദ്രിക റായിയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ജെ.ഡി.യു പ്രവര്‍ത്തകര്‍ ലാലുവിനെതിരെയും മുദ്രാവാക്യം മുഴക്കി.
ബീഹാറില്‍ നാല്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് ലാലുപ്രസാദ് യാദവില്ലാതെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ലാലു പ്രസാദ് യാദവിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ലാലുവിന്റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവാണ് ബീഹാറില്‍ ആര്‍.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത്.
ഒക്ടോബര്‍ 28നാണ് ബീഹാറില്‍ നിയമ സഭ തെരഞ്ഞൈടുപ്പ ആരംഭിക്കുക.
തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.