Sports News
20ാം ഓവറില്‍ മൂന്ന് സിക്‌സടിച്ച് ബെംഗളൂരു അവസാനിപ്പിച്ചു; ഇനി ചെന്നൈയുടെ താണ്ഡവം!
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Friday, 28th March 2025, 9:41 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്.

നിലവില്‍ ആര്‍.സി.ബിയുടെ ബാറ്റിങ് അവസാനിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്. ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ മിന്നും അര്‍ധ സെഞ്ച്വറി മികവിലാണ് ആര്‍.സി.ബി സ്‌കോര്‍ ഉയര്‍ത്തിയത്. 32 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് താരം നേടിയത്. മതീഷ പതിരാനയുടെ പന്തിലാണ് താരം പുറത്തായത്.

ആര്‍സി.ബിക്ക് മികച്ച തുടക്കം നല്‍കിയ ഫില്‍ സാള്‍ട്ടാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 32 റണ്‍സായിരുന്നു സാള്‍ട്ട് നേടിയത്.

നൂര്‍ അഹമ്മദിന്റെ പന്തില്‍ മിന്നല്‍ സ്റ്റംപിങ്ങിലൂടെ ധോണിയാണ് സാള്‍ട്ടിനെ വീഴ്ത്തിയത്.
പ്രായം 42 കടന്ന ഒരു ‘യുവ’ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധോണിയുടെ മായാജാലത്തിന് മുന്നില്‍ വീണ്ടും അമ്പരക്കുകയാണ് ആരാധകര്‍.

മത്സരത്തില്‍ സാള്‍ട്ടിന് പിറകെ വന്ന മലയാളി താരം ദേവ്ദത് പടിക്കല്‍ 14 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടി ആര്‍. അശ്വിന്റെ ഇരായി കൂടാരം കയറി. 30 പന്തില്‍ 31 റണ്‍സ് നേടിയ വിരാട് നൂര്‍ അഹമ്മദിന് പിടിയുലായി. എന്നാല്‍ അവസാന നിമിഷം ടീമിന് വേണ്ടി വമ്പന്‍ പ്രകടനം നടത്തി സ്‌കോര്‍ ഉയര്‍ത്തിയത് ടിം ടേവിഡ് ആയിരുന്നു.

എട്ട് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് താരം നേടിയത്. അവസാന ഓവറിനായി എത്തിയ ചെന്നൈയുടെ സാം കറന്‍ ആദ്യ രണ്ട് പന്ത് ഡോട്ടാക്കിയപ്പോള്‍ പിന്നീടുള്ള മൂന്ന് പന്തില്‍ മൂന്ന് സിക്‌സര്‍ പറത്തിയാണ് താരം ഇന്നിങ്‌സിന് അവസാനിപ്പിച്ചത്.

ചെന്നൈക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ്. നാല് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മതീഷ പതിരാന രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും ടീമിന് നേടിക്കൊടുത്തു.

ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹലി, ഫിലിപ് സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, സാം കറന്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ്

Content Highlight: CSK VS RCB: 2025 IPL Match Update