എമ്പുരാന്‍ എന്ന സിനിമയില്‍ കാണിച്ചിരിക്കുന്ന മൂളി പാലസിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറായ മോഹന്‍ദാസ്. അംബിക വിലാസ് പാലസ് എന്ന കൊട്ടാരമാണ് സിനിമക്കായി ഉപയോഗിച്ചതെന്നും എന്നാല്‍ കൊട്ടാരത്തിന്റെ മുന്നില്‍ നാല് ഏക്കറോളം ഗാര്‍ഡന്‍ ഉണ്ടായിരുന്നുവെന്നും മോഹന്‍ദാസ് പറയുന്നു.
എന്നാല്‍ കൊട്ടാരത്തില്‍ വെച്ച് നടക്കുന്ന ഫൈറ്റ് കാണിക്കാനായി ആ ഗാര്‍ഡന്‍ ഒഴിവാക്കേണ്ടി വന്നെന്നും ഇരുപതോളം മരങ്ങള്‍ മാറ്റിയെന്നും മോഹന്‍ദാസ് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ ശേഷം അതെല്ലാം തിരികെ നട്ടെന്നും എന്നാല്‍ ചിലത് കരിഞ്ഞ് പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ദാസ്.
‘എമ്പുരാന്‍ സിനിമയുടെ ലാസ്റ്റ് കാണിക്കുന്ന മൂളി പാലസ് ഇല്ലേ, അത് ശരിക്കും അങ്ങനെയല്ല. ഇപ്പോള്‍ നിങ്ങള്‍ അംബിക വിലാസ് പാലസ് എന്ന് ഗൂഗിള്‍ നോക്കിയാല്‍ മനസിലാകും അത് ശരിക്കും എങ്ങനെയാണെന്ന്. ആ കൊട്ടാരത്തിന്റെ മുന്നില്‍ നാല് ഏക്കറോളം വരുന്ന ഗാര്‍ഡിനുണ്ടായിരുന്നു. നല്ല പച്ച പുല്ലുകളും ബുഷുകളും മരങ്ങളുമൊക്കെയുള്ള ഭംഗിയുള്ളൊരു ഗാര്‍ഡന്‍.
ആ പാലസിന്റെ ഉടമസ്ഥന്റെ മുത്തച്ഛന്‍ ചെയ്ത കോണ്‍ക്രീറ്റിന്റെ ഒരു ഊഞ്ഞാലൊക്കെയുണ്ടായിരുന്നു അതില്‍. നമുക്ക് ഗേറ്റ് മുതല്‍ പാലസ് വരെ ഫൈറ്റ് ചെയ്യാനായിട്ട് കുറച്ച് സ്ഥലം വേണമായിരുന്നു. മാത്രമല്ല അതിനും മുമ്പ് വണ്ടികളും നിര്‍ത്താനായി സ്ഥലം വേണം. ആദ്യം സെറ്റിടാം എന്നായിരുന്നു നമ്മള്‍ തീരുമാനിച്ചത്. പക്ഷെ ഒറിജിനലായിട്ട് ഒരു പാലസ് കിട്ടുകയാണെങ്കില്‍ ബാക്കി നമുക്ക് നോക്കിയാല്‍ മതിയല്ലോ.
എന്നാല്‍ സ്ഥലം കിട്ടിയപ്പോള്‍ നമുക്ക് ഗാര്‍ഡന്‍ മുഴുവന്‍ മാറ്റേണ്ടി വന്നു. പത്തിരുപത് മരമെല്ലാം നമുക്ക് ഒഴിവാക്കേണ്ടി വന്നു. ഞങ്ങള്‍ അടുത്ത തവണ അവിടെ പോകുമ്പോള്‍ വലിയ ക്രയിന്‍ വന്ന് മരങ്ങള്‍ പൊക്കികൊണ്ടുപോകുന്നതാണ് കണ്ടത്. അത് ഞങ്ങള്‍ വേറെ സ്ഥലത്ത് കൊണ്ടുപോയി നട്ടു. ഷൂട്ട് കഴിഞ്ഞപ്പോള്‍ അതെല്ലാം തിരിച്ച് കൊണ്ടുവച്ചു. അത് കുറച്ചെണ്ണം കരിഞ്ഞുപോയി,’ മോഹന്‍ദാസ് പറയുന്നു.
Content Highlight: Art Director Mohandas Talks About Empuraan Movie