ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്.
രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരുവിറങ്ങുമ്പോള്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയെ നയിക്കുന്നത്. ഇരുവരും ബിഗ് ക്ലാഷിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പ്രകടനത്തേയും ചെന്നൈയുടെ ‘തല’ ധോണിയുടെ പ്രകടനത്തേയുമാണ്. സീസണില്‍ വമ്പന്‍മാര്‍ ആദ്യമായി ഏറ്റുമുട്ടുമ്പോള്‍ പൊടിപാറുന്ന മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.
ഇലവനില്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഇറക്കിയാണ് പാടിദാറും വിരാടും പുതിയ പരീക്ഷണം നടത്തുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ ഭുവിയെ ബെംഗളൂരു കളത്തില്‍ ഇറക്കിയില്ലായിരുന്നു. ബൗളിങ്ങില്‍ ഭുവിയുടെ പിന്തുണ ടീമിനുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ബാറ്റിങ്ങില്‍ ചെന്നൈ ശിവം ദുബയെ മാറ്റി രാഹുല്‍ ത്രിപാഠിയെ കൊണ്ടുവന്നിട്ടുണ്ട്.
വിരാട് കോഹ്‌ലി, ഫിലിപ് സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍
രചിന്‍ രവീന്ദ്ര, ഋുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, സാം കറന്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ്
ചെന്നൈയുടെ തട്ടകത്തില്‍ നടക്കുന്ന ഈ മത്സരം ബെംഗളൂരുവിന് ഏറെ നിര്‍ണായകമാണ്. അതിന് വലിയ ഒരു കാരണവുമുണ്ട്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 2008ല്‍ മാത്രമാണ് ആര്‍.സി.ബിക്ക് വിജയിക്കാന്‍ സാധിച്ചത്.
ഇരുവരും ഏറ്റുമുട്ടിയ ഒമ്പത് മത്സരത്തില്‍ എട്ട് മത്സരവും ചെപ്പോക്കില്‍ വിജയിച്ചത് ചെന്നൈ ആയിരുന്നു. 2008ന് ശേഷം ഒരു മത്സരത്തില്‍ പോലും ചെന്നൈയെ പരാജയപ്പെടുത്താന്‍ സാധിക്കാത്ത ബെംഗളൂരുവിന് വിജയത്തില്‍ കുറഞ്ഞ മറ്റൊരു ലക്ഷ്യവുമില്ല. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ആധിപത്യം തുടരാനാണ് സി.എസ്.കെയും കച്ച മുറുക്കുന്നത്.
Content Highlight: 2025 IPL: CSK Won The Toss Against RCB, Chose To Ball