Entertainment
ആ സംഭവത്തിന് ശേഷം അത്രയും നാളില്ലാത്ത ആരാധനയും സ്നേഹവുമായിരുന്നു സുരേഷേട്ടനോട്: ബേസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 01, 04:04 am
Tuesday, 1st April 2025, 9:34 am

മരണമാസ് ഷൂട്ടിങ് നടക്കുന്ന സമയത്താണ് ‘കൺവിൻസിങ് സ്റ്റാർ’ എന്ന ട്രോൾ നടക്കുന്നതെന്നും ഷൂട്ടിങ് സെറ്റിലെ എല്ലാവരും അത് ആഘോഷിച്ചുവെന്നും പറയുകയാണ് ബേസിൽ ജോസഫ്. സുരേഷ് കൃഷ്ണയോട് അത്രയും കാലം ഇല്ലാത്ത ആരാധനയും സ്നേഹവും ആയിരുന്നു എല്ലാവർക്കുമെന്നും ബേസിൽ പറയുന്നു.

പിന്നീട് തങ്ങളിതൊക്കെ കാണിച്ചു കൊടുക്കുമ്പോൾ സുരേഷ് കൃഷ്ണ തന്നെ ഇതൊക്കെ ശരിയാണല്ലോ എന്ന് ആലോചിച്ച് തുടങ്ങിയെന്നും ബേസിൽ പറഞ്ഞു. ആദ്യമായിട്ട് സുരേഷ് കൃഷ്ണ അഭിനയിച്ച ചിത്രത്തിലും കൺവിൻസിങ് ചെയ്തിട്ട് കൊലപ്പെടുത്തുന്ന വേഷമായിരുന്നുവെന്നും തുടക്കത്തിലേ ഇതൊക്കെ തുടങ്ങിയെന്നും ബേസിൽ കൂട്ടിച്ചേർത്തു.

മരണമാസിൻ്റെ പ്രമോഷൻ്റെ ഭാഗമായി മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ബേസിൽ.

മരണമാസ് ഷൂട്ടിങ് നടക്കുന്ന സമയത്താണ് കൺവിൻസിങ് സ്റ്റാർ എന്ന ട്രോൾ വൈറലായത്. അതെല്ലാവരും അങ്ങ് ആഘോഷിച്ചു. ആ ട്രെൻഡ് വൈറലായി നിൽക്കുന്ന സമയത്തായിരുന്നു ഷൂട്ടിങ്. അത് ഞങ്ങൾ കൃത്യമായിട്ട് നന്നായി തന്നെ ആഘോഷിച്ചു.

അത്രയും കാലം ഇല്ലാത്ത ആരാധനയും സ്നേഹവും ഒക്കെയായിരുന്നു എല്ലാവർക്കും. ഞങ്ങളിതൊക്കെ കാണിച്ചുകൊടുക്കുമ്പോൾ സുരേഷേട്ടൻ തന്നെ ആലോചിക്കാൻ തുടങ്ങി, ‘ശരിയാണല്ലോ എല്ലാ പടത്തിലും ഇങ്ങനെയാണല്ലോ’ എന്ന്.

പിന്നെ സുരേഷേട്ടൻ ആദ്യമായിട്ട് അഭിനയിച്ച ഒരു തമിഴ് സിനിമയിലെ സീനൊക്കെ കാണിച്ചു തന്നു. ഒരു മന്ത്രവാദിയായിട്ടുള്ള കഥാപാത്രം. അപ്പോൾ അതിലും ഉണ്ട് ഇതുപോലെയുള്ള കൺവിൻസിങ്. ഗുരുവിനെ കൺവിൻസിങ് ചെയ്തിട്ട് തട്ടിക്കളയും. അപ്പോൾ അന്നേ കൺവിൻസിങ് ഒക്കെ തുടങ്ങി.

ഇപ്പോഴാ സുരേഷേട്ടനും മനസിലാക്കുന്നത് ഞാൻ ഇങ്ങനെയായിരുന്നില്ലെ എന്ന്. നമ്മളും അപ്പോൾ ചിന്തിച്ചു ആ ശരിയാണല്ലോ…,’ ബേസിൽ പറയുന്നു.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

Content Highlight: Basil Joseph Talking about Actor Suresh Krishna