Kerala News
ഇനി അധ്യക്ഷന്‍ ഒറ്റയ്ക്ക് മാധ്യമങ്ങളെ കാണില്ല, എല്ലാവരെയും പരിഗണിക്കും; കോര്‍ കമ്മിറ്റിയില്‍ രാജീവ് ചന്ദ്രശേഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Friday, 28th March 2025, 8:14 pm

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനുമായ ബന്ധപ്പെട്ട സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ബി.ജെ.പി. ഇനിമുതല്‍ സംസ്ഥാന അധ്യക്ഷന്‍ ഒറ്റയ്ക്ക് മാധ്യമങ്ങളെ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബി.ജെ.പി കോര്‍ കമ്മിറ്റിയിലാണ് തീരുമാനം.

പാര്‍ട്ടിയുടെ മാധ്യമ നയത്തില്‍ മാറ്റമുണ്ടാകുമെന്നും സംഘടനയിലെ എല്ലാവരെയും പരിഗണിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാധ്യമങ്ങളെ കാണുന്നതിനായി ഒരു പ്രത്യേക നേതൃനിര രൂപീകരിക്കാനാണ് തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാമെന്ന് നിര്‍ദേശിച്ച രാജീവ്, ഏപ്രില്‍ 15നകം പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടെ മേല്‍നോട്ട ചുമതല നല്‍കാനും തീരുമാനിച്ചു. 30 ജില്ലകളെ ആറ് വീതം അഞ്ച് മേഖലകളായി തിരിക്കാനും തീരുമാനമുണ്ട്. അഞ്ച് നേതാക്കള്‍ക്ക് ഈ മേഖലകളുടെ ചുമതലയും നല്‍കും.

കൂടാതെ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാനുള്ള ചുമതല അധ്യക്ഷന് മാത്രമായിരിക്കില്ല. ഈ ചുമതല പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടെ വിഭജിച്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റിയാണ് ഇന്ന് (വെള്ളി) നടന്നത്. നിലവില്‍ സംസ്ഥാന അധ്യക്ഷന്റെയും ജില്ലാ അധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് മാത്രമാണ് ബി.ജെ.പിയില്‍ പൂര്‍ത്തിയായത്. വരും ദിവസങ്ങളില്‍ ജില്ലാ ഭാരവാഹികളെ അടക്കം തെരഞ്ഞെടുക്കും.

അതേസമയം രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ച ആദ്യ കോര്‍ കമ്മിറ്റി തന്നെ വിവാദമായി. എമ്പുരാന്‍ സിനിമക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കമ്മിറ്റിയിലെ തീരുമാനങ്ങള്‍ വിവാദമായത്.

എമ്പുരാന്റെ സെന്‍സറിങിനെതിരെ ബി.ജെ.പി നേതാക്കള്‍ കോര്‍ കമ്മിറ്റിയില്‍ അതൃപ്തി അറിയിക്കുകയായിരുന്നു. ഗുജറാത്ത് കലാപം അടക്കമുള്ള വിഷയങ്ങള്‍ എങ്ങനെ സിനിമയില്‍ ഉള്‍പ്പെട്ടു എന്ന ചോദ്യമാണ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.

തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് നോമിനികള്‍ക്ക് വീഴ്ച പറ്റിയതായും സംഘടനാ തലത്തില്‍ നടപടിയുണ്ടാകുമെന്നും രാജീവ് സൂചന നല്‍കിയിരുന്നു. എന്നാല്‍ സിനിമക്കെതിരെ പ്രചരണം നടത്തേണ്ട എന്ന നിലപാടാണ് ബി.ജെ.പി കോര്‍ കമ്മിറ്റി സ്വീകരിച്ചത്.

Content Highlight: Now the president will not meet the media alone, everyone will be considered; Rajiv Chandrasekhar in the BJP core committee