ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മോഡ്രിച്ചിനും സംഘത്തിനും മുമ്പില്‍ വന്‍മതില്‍ പടുത്തുയര്‍ത്തി ബ്രസീലിന്റെ പ്രതിരോധ നിര. ക്യാപ്റ്റന്‍ തിയാഗോ സില്‍വയുടെ നേതൃത്വത്തില്‍ ക്രൊയേഷ്യന്‍ അറ്റാക്കര്‍മാരെ തളച്ചിട്ടപ്പോള്‍ ഗോളടിക്കാന്‍ സാധിക്കാതെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകള്‍ കുഴങ്ങി.
മത്സരത്തിന്റെ 90 മിനിട്ടും ഇന്‍ജുറി ടൈമിലും എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും ബ്രസീലിയന്‍ ഗോള്‍മുഖത്തേക്ക് ഒരു ഷോട്ട് പോലുമതിര്‍ക്കാന്‍ കാനറികളുടെ ഡിഫന്‍സ് അനുവദിച്ചില്ല.
ക്രൊയേഷ്യ ഏഴ് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഷോട്ട് ഓണ്‍ ടാര്‍ഗെറ്റിലേക്ക് ഒന്നുപോലും അടിക്കാന്‍ സാധിച്ചില്ല.
അതേസമയം, എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയിരിക്കുകയാണ്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ നെയ്മര്‍ ബ്രസീലിന്റെ രക്ഷകനാവുകയായിരുന്നു.
മത്സരത്തിന്റെ 90 മിനിട്ടും ഇന്‍ജുറി ടൈമിലും ഇരു ടീമും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്.
നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തിലേക്ക് ആക്രമണമഴിച്ചുവിട്ട ബ്രസീലിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമനിക് ലിവക്കോവിച്ചായിരുന്നു. ബ്രസീലിന്റെ എണ്ണം പറഞ്ഞ ഷോട്ടുകളെല്ലാം തന്നെ ലിവക്കോവിച്ച് എന്ന വന്‍മതിലില്‍ തട്ടി തകര്‍ന്നു.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലിവക്കോവിച്ചായിരുന്നു മത്സരത്തിലുടനീളം ക്രൊയേഷ്യയെ തോളിലേറ്റിയത്.
ആദ്യ ക്വാര്‍ട്ടറില്‍ വിജയിക്കുന്ന ടീം ഡിസംബര്‍ പത്ത് പുലര്‍ച്ച നടക്കുന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് രണ്ടാം ക്വാര്‍ട്ടറിലെ വിജയികളെ നേരിടും.
Content highlight: Croatia vs Brazil 1st Quarter final match