കോഴിക്കോട്: അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പൊലീസിനെ അറിയിക്കണമെന്നുള്ള കേരള പൊലീസിന്റെ ‘വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. അന്യന്റെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കാനുള്ള അവസരമാണ് കേരള പൊലീസ് ഒരുക്കുന്നതെന്നാണ് വിമര്‍ശനം.
‘വാച്ച് യുവര്‍ സെല്‍ഫ് ‘ ആണ് ഈ നാട്ടില്‍ വേണ്ട പദ്ധതിയെന്നും സ്വയം തിരുത്താന്‍ എല്ലാവര്‍ക്കും എമ്പാടുമുണ്ടെന്നും ശ്രീചിത്രന്‍ എം.ജെ. എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ എഴുതി.
‘ഞല്ല പദ്ധതി. ഇംഗ്ലീഷില്‍ പറഞ്ഞാലും ഒളിഞ്ഞുനോട്ടം ഒളിഞ്ഞുനോട്ടം തന്നെയാണ്. മലയാളി കാലങ്ങളായി വികസിപ്പിച്ചെടുത്ത കലയാണിത്. അപ്പുറത്തെ വീടിന്റെ കീഹോള്‍ നോട്ടസംസ്‌കാരം. ഇത് സംഘമായി ചെയ്യുന്ന കുറേ കാരണവന്‍മാരുണ്ടായിരുന്നു. വൈകുന്നേരമായാല്‍ മൂന്നുകട്ടയുടെ എവറഡി ടോര്‍ച്ചുമെടുത്ത് കലുങ്കിലോ കടത്തിണ്ണയിലോ ബസ്റ്റോപ്പിലോ ഇരിക്കും.
എന്നിട്ട് വഴിയേ പോകുന്ന സകല നാട്ടുകാരുടെയും ഇറച്ചിതിന്നും. ഇപ്പൊഴേതാണ്ട് വംശനാശം വന്ന വര്‍ഗമാണ്. ഇന്നുണ്ടായിരുന്നെങ്കില്‍ ഈ പദ്ധതിക്ക് മുതലക്കൂട്ടമായേനെ.
‘വാച്ച് യുവര്‍ സെല്‍ഫ് ‘ ആണ് ഈ നാട്ടില്‍ വേണ്ട പദ്ധതി. സ്വയം തിരുത്താന്‍ എല്ലാവര്‍ക്കും എമ്പാടുമുണ്ട്. അതിനു തയ്യാറാവാതെ അപ്പുറത്തുള്ളവന്റെ വാച്ചറാവാന്‍ എല്ലാവര്‍ക്കും ഇവിടെ നല്ല ഉത്സാഹമാണ്. അതിന് ജനമൈത്രി പദ്ധതി കൂടിയാവുമ്പോള്‍ കൊഴുക്കും. നടക്കട്ടെ,’ ശ്രീചിത്രന്‍ എം.ജെ. പറഞ്ഞു.