തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന സമയമാണിത്. ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചതിനെ തുടര്‍ന്നാണ് ഹോട്ടലുകളിലെ ഇന്സ്പെക്ഷന് കൂടിയത് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ പ്രഹസനമാണെന്നും എന്തെങ്കിലും അപകടം നടന്നാല്‍ മാത്രമേ ഇപ്പോഴുള്ള തരത്തില്‍ പരിശോധന നടക്കുന്നുള്ളുവെന്നുമുള്ള വിമര്‍ശനമുണ്ട്.
‘പരിശോധനക്ക് ഒരു സ്ഥിരം സംവിധാനം ഉണ്ടോ ഇവിടെ. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഒരു പ്രഹസനം പോലെ കുറെ ഹോട്ടലുകള്‍ കയറി ഇറങ്ങും,
പത്ത് എണ്ണത്തില്‍ കയറിയാല്‍ ഒന്ന് പിടിക്കുന്നു.
ഇനിയും ഒരു ദുരന്തം ഉണ്ടാവുന്നതിന് മുമ്പ് പരിശോധനകള്‍ കര്‍ശനമാക്കണം. അല്ലാതെ മരണമുണ്ടാകുമ്പോള്‍ മാത്രം പരിശോധന നടത്തുന്നത് പ്രഹസനമാണ്,’ എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യങ്ങളില്‍ നിന്നടക്കമുള്ള വിമര്‍ശനങ്ങള്‍.
‘ഇപ്പോഴത്തെ ഹോട്ടല്‍ ഇന്സ്പെക്ഷനും അടയ്ക്കലും ഒന്നും കണ്ട് സമാധാനപ്പെടേണ്ട. തൊള്ളായിരത്തി എണ്‍പതിലെ കോതമംഗലം ഇന്‍സ്‌പെക്ഷന്‍ കഴിഞ്ഞിട്ട് കാലം എത്രയായി. അടുത്ത അപകടം ബോട്ടിലാണെങ്കില്‍ എല്ലാവരും കൂടി ബോട്ട് ഇന്സ്പെക്ഷന് പൊക്കോളും, മാധ്യമങ്ങളും. നമ്മള്‍ സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം,’ എന്നാണ് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരക്കുടി ഇതുസംബന്ധിച്ച് എഴുതിയ ഒരു കുറിപ്പില്‍ പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് ഒന്നാം തീയതി കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച പതിനാറുകാരിയായ കരിവെള്ളൂര്‍ സ്വദേശിനി ദേവനന്ദ എന്ന മരിച്ചതിന് പിന്നാലെയും ഇതുപോലെ വലിയ പരിശോധനകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
അന്നത്തെ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴും പരിശോധനകള്‍ നടക്കുന്നത്. ഇതുകൊണ്ടൊരു കാര്യവുമില്ല. എല്ലാ കാര്യത്തിലും വികസിത രാജ്യങ്ങളോട് മത്സരിക്കുന്നു എന്ന് മേനി നടിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാകുന്ന വീഴ്ച നാണക്കേടാണെന്നും ആളുകള്‍ പറയുന്നു.