Kerala News
ഇതാണോ മാധ്യമപ്രവര്‍ത്തനം; തിരുവനന്തപുരത്തെ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ടി.വിയുടെ ശൈലിക്കെതിരെ വിമര്‍ശനം; മീഡിയവണ്ണിന് കയ്യടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 25, 07:52 am
Tuesday, 25th February 2025, 1:22 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടക്കൊല റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ടി.വിയുടെ മാധ്യമപ്രവർത്തകന്റെ പത്രപ്രവർത്തന രീതിക്കെതിരെ വിമർശനം. ആക്രമണത്തിൽ കൊല്ലപ്പെട്ട ഫർസാനയുടെ സഹോദരനോട് സാഹചര്യത്തിനുതകാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ പത്രപ്രവർത്തകൻ റഹീസ് റഷീദിന് നേരെയാണ് വിമർശനം ഉയർന്നത്.

സഹോദരിയുടെ മരണത്തിൽ തകർന്നിരിക്കുന്ന യുവാവിനോട് എന്താണ് സംഭവിച്ചതെന്ന് ആവർത്തിച്ച് ചോദിക്കുന്ന മാധ്യമപ്രവർത്തകനോട് തനിക്ക് ഒന്നും അറിയില്ലെന്നും ഇനിയും ചോദ്യങ്ങൾ ചോദിക്കല്ലേ എന്നും സഹോദരൻ പറയുന്നത് വീഡിയോയിൽ കാണാം.

അതേസമയം ഫർസാനയുടെ മരണത്തിൽ തകർന്നിരിക്കുന്ന കുടുംബത്തിനടുത്തേക്ക് മൈക്കും കൊണ്ട് പോകുന്നതല്ല പത്രധർമമെന്ന് പറഞ്ഞുകൊണ്ട് ഫർസാനയുടെ വീടിന് പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന മീഡിയ വണ്ണിന്റെ മാധ്യമ പ്രവർത്തകന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇരു വീഡിയോകളും താരതമ്യം ചെയ്താണ് വിമർശനങ്ങൾ ഉയരുന്നത്.

ഇരുവീഡിയോകളും പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ നിരവധിയാളുകൾ വിമർശനവുമായെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തനം രണ്ട് രീതിയിലും നടത്താമെന്ന് വിമർശിച്ചുകൊണ്ട് സനോജ് തൃക്കാക്കര എന്ന ഫേസ്ബുക് ഉപഭോക്താവ് വീഡിയോ പങ്കുവെച്ചു. മനുഷ്യൻ്റെ ഇമോഷൻസ് എങ്ങനെ പണമാക്കി മാറ്റാം എന്നത് മാത്രമായിരിക്കും ഇവരുടെ ചിന്ത എന്നും അദ്ദേഹം വിമർശിക്കുന്നു.

അതേസമയം മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഡോ. ജിനേഷ് പി.എസും എത്തിയിട്ടുണ്ട്.

‘സഹോദരി കൊല്ലപ്പെട്ട ദുഃഖത്തിൽ തകർന്നു നിൽക്കുന്ന ആ കുട്ടിയോട് ഇങ്ങനെയൊക്കെ ചോദിക്കാൻ എങ്ങനെയാണ് തോന്നുന്നത്?
എനിക്കറിയില്ല, എന്നോട് ചോദിക്കരുത് എന്ന് ദയനീയമായി പറയുന്ന ആ മുഖത്ത് നോക്കി വീണ്ടും ചോദ്യങ്ങൾ ചോദിക്കാൻ മനുഷ്യർക്ക് സാധിക്കുമോ? അതിദാരുണമായ ആ മരണത്തിൽ എല്ലാം തകർന്നിരിക്കുന്ന ബന്ധുക്കളോട് ചോദ്യങ്ങൾ ചോദിക്കുന്നത് എന്തിനാണ്? അതാണോ വാർത്ത? ചാനലുകൾ തമ്മിലുള്ള മത്സരബുദ്ധിയും റേറ്റിങ്ങിന് വേണ്ടിയുള്ള ആക്രാന്തവും മൂലമാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്.

മരിച്ച പെൺകുട്ടിയുടെ സഹോദരനോട് യാതൊരു ദയവുമില്ലാതെ, സഹാനുഭൂതിയുടെ കണിക പോലുമില്ലാതെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് റേറ്റിങ് കൂടുമെന്ന് മാധ്യമപ്രവർത്തകർ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? കേൾക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നല്ലാതെ നിങ്ങളെക്കുറിച്ച് ഒരു മതിപ്പും ഇതുകൊണ്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല,’ ജിനേഷ് കുറിച്ചു.

ഇന്നലെ രാത്രിയോടെയാണ് തിരുവന്തപുരത്തെ കൂട്ടക്കൊല പുറത്തറിയുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ആറ് മണിക്കൂറിനുള്ളിൽ അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്.

രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ ആക്രമിച്ചു. 1:15 മുത്തശ്ശി സൽ‍മ ബീവിയെ ആക്രമിച്ചു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

വെഞ്ഞാറമൂട് നിന്നാണ് ചുറ്റിക വാങ്ങിയത്. വൈകിട്ട് മൂന്ന് മണിയോടെ ബാപ്പയുടെ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. നാല് മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപെടുത്തി. അവസാനം വീട്ടിൽ വെച്ച് സഹോദരൻ അഫ്സാനെയും കൊന്നു. അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

 

Content Highlight: Criticism of reporter TV’s journalist who covered the Thiruvananthapuram carnage