കോഴിക്കോട്: ചന്ദ്രിക പത്രാധിപന്‍ കമാല്‍ വരദൂറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ലീഗ് അണികളുടെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ അഡ്വ. ശ്രീധരന്‍ പിള്ളയെ ‘ഗുരുവിനോളം സ്‌നേഹിക്കുന്ന വ്യക്തിത്വം’ എന്ന് വിശേഷിപ്പിച്ചതാണ് ലീഗ് അണികളെ ചൊടിപ്പിച്ചത്.
കെ.പി. കുഞ്ഞിമ്മൂസ സ്മാരക മാധ്യമ പുരസ്‌കാരം സമര്‍പ്പണവുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് ബി.ജെ.പി നേതാവിനെ ഗുരുവിനോളം സ്‌നേഹിക്കുന്ന വ്യക്തിത്വമെന്ന് കമാല്‍ വരദൂര്‍ വിശേഷിപ്പിച്ചത്.
‘1 -ഗുരുവിന്റെ നാമധേയത്തിലുള്ള പുരസ്‌കാരം
2-സമ്മാനിക്കുന്നത് ഗുരുവിനോളം സ്‌നേഹിക്കുന്ന വ്യക്തിത്വം
3-വേദിയാവുന്നത് ചന്ദ്രിക പിറവിയെടുത്ത മണ്ണ്
അതിരുകളില്ലാത്ത സന്തോഷം,’ എന്നാണ് അവാര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പങ്കുവെച്ച് കമാല്‍ വരദൂര്‍ എഴുതിയത്.
നിങ്ങള്‍ ആരുടെ കയ്യില്‍ നിന്നെങ്കിലും അവര്‍ഡ് വാങ്ങിക്കോളൂ, പക്ഷെ
മലയാളം കണ്ട മഹാനായ ഒരു പത്രപ്രവര്‍ത്തകനെ(കെ.പി. കുഞ്ഞിമ്മൂസ) പക്കാ ബി.ജെ.പിക്കാരന്റെ കൂടെ സ്‌നേഹം ചേര്‍ത്ത് പറഞ്ഞത് മിനിമം പറഞ്ഞാല്‍ ഗുരുനിന്ദയാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
‘താങ്കളുടെ ഗുരുക്കള്‍ ഈ പോസ്റ്റ് കണ്ട് ഛര്‍ദിക്കും. സി.എച്ച് നമ്മളോട് പൊറുക്കട്ടെ, ഗുരുവാകുമ്പോള്‍ ചിലപ്പോള്‍ ശിഷ്യരുടെ നന്മക്ക് വേണ്ടി അവരെ തല്ലും. വേണ്ടിവന്നാല്‍ കൊല്ലും. ചിലനേരത്ത് പച്ചക്ക് കത്തിക്കും.
ഗുരുവിനോളം ബഹുമാനം ശ്രീധരന്‍പിള്ളക്ക് കൊടുക്കുന്ന ചന്ദ്രിക പത്രാധിപരേ താങ്കള്‍ക്ക് നല്ല നമസ്‌ക്കാരം. ചന്ദിക കെട്ടിപടുത്ത പൂര്‍വസൂരികളായ നേതാക്കളേ നിങ്ങളോട് മാപ്പ്. എന്റെ മുത്ത് സി.എച്ച്. ഇരുന്ന കസേര മലിനമാക്കിയല്ലോ,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, ജനുവരി ഏഴിന് തലശ്ശേരി പാര്‍ക്കോ റസിഡന്‍സിയില്‍ നടക്കുന്ന ചടങ്ങിലാണ് കെ.പി. കുഞ്ഞിമ്മൂസ സ്മാരക പുരസ്‌കാരം അഡ്വ. ശ്രീധരന്‍പിള്ള കമാല്‍ വരദൂറിന് നല്‍കുക. കമാല്‍ വരദൂറിന്റെ കളിയെഴുത്തും പത്രപവര്‍ത്തന സംഘാടനത്തിലെ ഇടപെടലും മാനിച്ചാണ് അവാര്‍ഡെന്നാണ് സംഘാടക സമിതി പറയുന്നത്.