മനുസ്മൃതി വായിക്കാന്‍ ഉപദേശിച്ചതിന് വിമര്‍ശനം; ഗീത കൊണ്ട് പ്രതിരോധിച്ച് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി
national news
മനുസ്മൃതി വായിക്കാന്‍ ഉപദേശിച്ചതിന് വിമര്‍ശനം; ഗീത കൊണ്ട് പ്രതിരോധിച്ച് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th June 2023, 10:30 am

ന്യൂദല്‍ഹി: മനുസ്മൃതി വായിക്കാന്‍ ഉപദേശിച്ചതിന് തന്നെ വിമര്‍ശിച്ചവര്‍ക്ക് ഭവദ് ഗീതയെ ഉദ്ധരിച്ച് മറുപടി നല്‍കി ഗുജറാത്ത് ഹൈക്കോടതി ജഡ്ജി സമീര്‍ ദവെ. ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹരജി പരിഗണിക്കവെയായിരുന്നു മനുസ്മൃതി വായിക്കാന്‍ ദവെ പറഞ്ഞത്.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നേ പക്വത കൈവരിക്കുന്നുണ്ടെന്നും ഇതിനെ കുറിച്ച് മനുസ്മൃതിയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം അറിയാനെങ്കിലും മനുസ്മൃതി വായിക്കണമെന്നും സമീര്‍ പറഞ്ഞിരുന്നു.

ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ കേസ് വീണ്ടും വാദത്തിന് എത്തിയപ്പോഴാണ് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഭഗവത് ഗീതയെ പരാമര്‍ശിച്ചുകൊണ്ട് സമീര്‍ ദവെ മറുപടി നല്‍കിയത്.

ഒരു ജഡ്ജി സ്ഥിരപ്രജ്ഞയെ പോലെ ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരപ്രജ്ഞ എന്നാല്‍ പ്രശംസയും വിമര്‍ശനവും അവഗണിക്കണമെന്നാണ് ഭഗവത് ഗീതയില്‍ അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ബലാത്സംഗത്തിന് ഇരയായ പതിനാറുകാരിയെ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവെ ആദ്യകാലത്ത് 17 വയസിന് മുമ്പേ പെണ്‍കുട്ടികള്‍ പ്രസവിക്കാറുണ്ടായിരുന്നുവെന്ന് സമീര്‍ ദവെ ചൂണ്ടിക്കാട്ടി.

‘നമ്മള്‍ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നത് കൊണ്ടാണ്. നിങ്ങളുടെ അമ്മയോടും മുത്തശ്ശിയോടും ചെന്ന് ചോദിക്കൂ, അവര്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരും. ആദ്യകാലങ്ങളില്‍ 14,15 വയസെല്ലാം വിവാഹത്തിനുള്ള പ്രായമായിരുന്നു. 17 വയസാകുമ്പോയേക്കും അവര്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു’ ഹരജി പരിഗണിക്കവെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസത്തിലെ കോടതിയുടെ ചില നിരീക്ഷണങ്ങള്‍ തെറ്റായി എടുക്കപ്പെട്ടുവെന്ന് കേസ് വീണ്ടും വാദത്തിന് എത്തിയപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ
പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയപ്പോയാഴിരുന്നു സമീര്‍ ദവെയുടെ മറുപടി.

‘ ഭഗവത് ഗീതയിലെ രണ്ടാം അധ്യായത്തില്‍ പരാമര്‍ശിക്കുന്ന സ്ഥിരപ്രജ്ഞയെ പോലെ ജഡ്ജിമാര്‍ ആകണമെന്നേ എനിക്ക പറയാന്‍ സാധിക്കൂ. ഇതിനര്‍ത്ഥം പ്രശംസയായാലും വിമര്‍ശനമായാലും അവഗണിക്കണമെന്നാണ്. ഒരു ജഡ്ജി സ്ഥിരപ്രജ്ഞയെ പോലെ ആയിക്കണമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു,’ സമീര്‍ ദവെ പറഞ്ഞു.

Content Highlight: Criticism for advising to read manusmruthi; Judge og gujarath highcourt defended with githa