Film News
രാമേട്ടന്‍ പറഞ്ഞാല്‍ കുളത്തില്‍ ചാടി ചാവുന്ന ഭാര്യ; സീരിയല്‍ പ്രൊമോക്കെതിരെ വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 10, 02:42 pm
Friday, 10th March 2023, 8:12 pm

സൂര്യ ടി.വിയില്‍ വരുന്ന പുതിയ സീരിയലിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം. വിവേക് ഗോപന്‍ നായകനാവുന്ന സീതാരാമം എന്ന സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

പൂവ് മേടിക്കാന്‍ പോലും ഭര്‍ത്താവിന്റെ അഭിപ്രായം ചോദിക്കുന്ന ഭാര്യയെ കാണിച്ചാണ് പ്രൊമോ തുടങ്ങുന്നത്. രാമനെന്നും സീതയെന്നുമാണ് ഭാര്യാഭര്‍ത്താക്കന്മാരുടെ പേര്. എന്തിനും ഏതിനും തന്നോട് അഭിപ്രായം ചോദിക്കുന്ന ഭാര്യയോട് ഇനി എന്നാണ് തനിയെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പ്രാപ്തി ഉണ്ടാകുന്നത് എന്ന് ഭര്‍ത്താവ് ചോദിക്കുന്നു. ഇത് കേട്ട് രാമേട്ടനുള്ളപ്പോള്‍ ഞാനെന്തിനാണ് തീരുമാനിക്കുന്നത്, രാമേട്ടന്റെ ഇഷ്ടമാണ് സീതയുടെയും ഇഷ്ടം എന്ന് ഭാര്യ മറുപടി കൊടുക്കുന്നു.

ഉടന്‍ കുളക്കരയില്‍ ചെന്ന് ഞാന്‍ ചാടാന്‍ പറഞ്ഞാല്‍ ചാടുമോ എന്ന് രാമന്‍ ചോദിക്കുന്നു ഇത് കേട്ടയുടന്‍ സീത ചാടിചാവാന്‍ പോവുകയും രാമന്‍ തടയുകയും ചെയ്യുന്നു. ഭാര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ തന്റെ സ്വപ്‌നങ്ങളാക്കി മാറ്റിയ ഒരു ഭാര്യയുടെ കഥ, സീതാരാമം എന്ന ഡിസ്‌ക്രിപ്ഷനോടെയാണ് പ്രൊമോ അവസാനിക്കുന്നത്.

ഈ പ്രൊമോയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. 90കളില്‍ നടക്കുന്ന കഥയാണോ ഇതെന്നാണ് ചിലര്‍ ചോദിച്ചത്. ഏത് ലോകത്ത് നടക്കുന്ന കഥയാണ് ഇതെന്നും ചില കമന്റുകളുണ്ട്.

‘സെല്‍ഫ് റെസ്‌പെക്ട് എന്നൊരു കാര്യം ഇവരൊന്നും കേട്ടിട്ടില്ലേ, എല്ലാം ഒരാളുടെ ഇഷ്ടത്തിന് ചെയ്യേണ്ട ഒരു കാര്യവും ഇല്ല. എല്ലാര്‍ക്കും അവരവരുടേതായ ചോയ്‌സ് ഉണ്ട്. സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവില്ലെങ്കിലും സ്വന്തം ഇഷ്ടങ്ങള്‍ മറ്റുള്ളവര്‍ക് വേണ്ടി അടിയറവ് വെക്കേണ്ട. എന്നാണ് യൂട്യൂബില്‍ പ്രൊമോ വീഡിയോക്ക് വന്ന ഒരു കമന്റ്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ കണ്ട് യൂട്യൂബില്‍ പ്രൊമോ കാണാന്‍ വന്നവരും നിരവധി.

എന്തായാലും ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള സീരിയലുകള്‍ നിര്‍മിക്കരുതെന്നും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Content Highlight: criticism against seetharamam seriel