കോഴിക്കോട്: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ പൊളിയുന്നു. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് സാമൂഹിക നീതിയുടെ ഭാഗമാണെന്നായിരുന്നു പിണറായി സര്‍ക്കാറിന്റെ വാദം. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ നിലവിലുളള ജീവനക്കാരില്‍ 96% മുന്നോക്കക്കാരാണെന്നാണ് കണക്കുകള്‍ പറയുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ കൗമുദിയുടെ റിപ്പോര്‍ട്ടറായ പി. അഭിലാഷാണ് ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ജാതി അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പുറത്തുവിട്ടത്.
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഏറെ വിവാദങ്ങളിലേക്ക് നീങ്ങുമ്പോഴാണ് നിലവിലും ദേവസ്വം ബോര്‍ഡിനു കീഴില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം പേരും മുന്നോക്കകാരാണെന്ന കണക്കുകള്‍ പുറത്തുവന്നത്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 6120 പേരില്‍ 5,870 പേരും മുന്നോക്ക സമുദായത്തില്‍പ്പെട്ടവരാണെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ജീവനക്കാരുടെ 95.91 ശതമാനം വരും.
ജീവനക്കാരില്‍ 82 ശതമാനം പേര്‍ നായര്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്. 5020 നായര്‍ സമുദായക്കാരാണ്, ബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്ന 850 പേരും നിലവില്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഇത് ജീവനക്കാരുടെ 13.88 ശതമാനമാണ്. ഈഴവ വിഭാഗത്തില്‍പ്പെട്ട 207 പേരാണ് ദേവസ്വംബോര്‍ഡിനു കീഴിലുള്ളത്. ഇതാകട്ടെ 3.38 ശതമാനം. ദളിതുകള്‍ പരമാവധി 20 പേരാണെന്നും ഇത് 0.32 ശതമാനം മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താത്തിന് മുമ്പുള്ള സാഹചര്യം തന്നെ പിന്നോക്കക്കാര്‍ക്ക് ഇത്രയും പ്രതികൂലമായിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കി കഴിഞ്ഞാല്‍ അത് പിന്നോക്കക്കാരെ സംബന്ധിച്ചടത്തോളം കനത്ത ആഘാതമായിരിക്കുമെന്നും അവര്‍ ഈ മേഖലയില്‍ നിന്നും അപ്രത്യക്ഷരാകാനിടയാക്കുമെന്നുമുള്ള വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഈ കണക്കുകള്‍.
സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിരത്തിയ ന്യായവാദങ്ങള്‍
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് സാമൂഹിക നീതിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന വിശദീകരണം. ഇതുമൂലം നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തില്‍ ഒരു കുറവും വരില്ലെന്നും സംവരണം എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മുഖ്യമന്ത്രിയ്ക്കു പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സാമ്പത്തിക സംവരണത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ദേവസ്വംബോര്‍ഡ് നിയമനത്തില്‍ മുന്നോക്ക ജാതിക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഐതിഹാസികമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനം രാജ്യത്തൊട്ടാകെ അഭിനന്ദനം നേടിയിട്ടുണ്ടന്നും കടകംപള്ളി അവകാശപ്പെടുന്നു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇത് സി.പി.ഐ.എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ 5 ദേവസ്വം ബോര്‍ഡുകളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടത്തുന്ന നിയമനങ്ങളില്‍ പുതുക്കിയ സംവരണരീതി പ്രാബല്യത്തില്‍ വരും. ദലിതരെ പൂജാരിമാരായി നിയമിച്ചതു പോലുള്ള വിപ്ലവകരമായ തീരുമാനമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സംവരണമെന്നും കടകംപള്ളി അഭിപ്രായപ്പെടുന്നു. ദളിതരെ പൂജാരിമാരായി നിയമിച്ചു കൊണ്ടുള്ള തീരുമാനത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരെ കേരളത്തിന് പ്രശംസ ലഭിച്ചിരുന്നു.
നിലവിലെ ജാതി സംവരണം അട്ടിമറിക്കാതെയാണ് ഇതുവരെ ഒരു സംവരണവും ലഭിക്കാതിരുന്ന മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതെന്ന് കടംപള്ളി അവകാശപ്പെടുന്നു. മുന്നോക്കസമുദായങ്ങളില്‍ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനായി സി.പി.ഐ.എം നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇത് അംഗീകരിച്ചിട്ടില്ലെന്നും കടകംപള്ളി പറയുന്നു. വിശപ്പിനും കഷ്ടപ്പാടിനും ജാതിയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു.
നിലവില്‍ സംവരണമുള്ള സമുദായങ്ങള്‍ക്ക് സംവരണതോത് വര്‍ധിപ്പിച്ചാണ് ഇതുവരെ സംവരണമില്ലാത്തവര്‍ക്ക് കൊടുക്കുന്നത്. ഈഴവ സമുദായത്തിന് സംവരണം 14 ശതമാനത്തില്‍ നിന്ന് 17 ശതമാനവും 10 ശതമാനം സംവരണമുണ്ടായിരുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 12 ശതമാനവും ആക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറയുന്നു. അഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ നിയമനം നല്‍കാത്തതിനാല്‍ അവര്‍ക്കുള്ള 18 ശതമാനം സംവരണം ഓപ്പണ്‍ മെറിറ്റിലേക്ക് മാറിയിരുന്നു. ആ 18 ശതമാനം സംവരണം ആനുപാതികമായി പിന്നോക്കവിഭാഗങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വര്‍ധിപ്പിച്ചു നല്‍കുന്നതിനൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുകൂടി നിശ്ചിത ശതമാനം സംവരണം നല്‍കാനാണ് തീരുമാനിച്ചത്. ഓപ്പണ്‍ വിഭാഗത്തിലേക്ക് പോയ 18 ശതമാനം തിരിച്ചെടുത്ത് അതില്‍ 8 ശതമാനം പിന്നോക്കക്കാര്‍ക്ക് നല്‍കിയതാണോ സംവരണവിരുദ്ധ നടപടി എന്നാണ് കടകംപള്ളി ചോദിക്കുന്നത്.
എന്ത് സാമൂഹ്യനീതിയെന്ന് ദളിത് ആക്ടിവിസ്റ്റുകള്‍
സര്‍ക്കാരിന്റെ നയത്തിനെതിരെ പിന്നോക്ക ന്യൂനപക്ഷ ദളിത് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. നിലവില്‍ തന്നെ വലിയ പ്രാധിനിത്യം ലഭിക്കുന്ന ഒരു വിഭാഗത്തിന് സംവരണം കൂടി നല്‍കി എന്ത് സാമൂഹ്യനീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നാണ് ദളിത് ആക്ടിവിസ്റ്റുകള്‍ ഉയര്‍ത്തുന്ന ചോദ്യം.
“കേരളത്തിലെ നാലു കോളേജുകളാണ് ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലുള്ളത്. ആ നാലു കോളേജുകളിലുമായി 186 അധ്യാപകരുണ്ട്. ഈ 186 അധ്യാപകരില്‍ 135 പേര്‍ നായന്മാരും 6 പേര്‍ നമ്പൂതിരിമാരുമാണെന്ന് 2010ല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു. എന്നു പറഞ്ഞാല്‍ 79% ജോലിയും ഈ സവര്‍ണ വിഭാഗങ്ങളാണ് കൈവശം വയ്ക്കുന്നത്. ഇവര്‍ക്കിനി ഒരു 10 ശതമാനം കൂടി കൊടുത്തിട്ട് പിണറായി വിജയന് എന്ത് സാമൂഹിക നീതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്?” എന്നാണ് ഈ വിഷയത്തില്‍ പ്രമുഖ ദളിത് ചിന്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സണ്ണി എം. കപിക്കാട് ഉയര്‍ത്തുന്ന ചോദ്യം.
എന്നാല്‍ സാമ്പത്തിക സംവരണം എന്നത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന നിലപാടാണെന്നും വര്‍ഗ്ഗ സിദ്ധാത്തതില്‍ അടിസ്ഥാനമായി മനുഷ്യരെ പാവപ്പെട്ടവരെന്നും പണക്കാരെന്നും മാത്രമായി വിഭജിക്കുന്നത് കൊണ്ടാകാം ഇടതുപക്ഷം അങ്ങനെയൊരു നിലപാടെടുത്തതെന്നും സണ്ണി എം. കപിക്കാട് ചൂണ്ടിക്കാണിക്കുന്നു. ഒപ്പം 1957 ല്‍ അധികാരത്തിലേറിയതിന് പിന്നാലെ ഇ.എം.എസ് സര്‍ക്കാര്‍ നിയോഗിച്ച ഭരണപരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടിലും ഇത് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് തന്നെ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ സംവരണം സാമ്പത്തിക അടിസ്ഥാനമാക്കിയാകണം എന്നു പറയുന്നതായി കാണാമെന്നും കപിക്കാട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇടതിന്റെ നയമല്ല, ഇന്ത്യന്‍ ഭരണ ഘടനയില്‍ സംവരണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നതാണ് പരിഗണിക്കേണ്ടതെന്നും സംവരണത്തിന്റെ ലക്ഷ്യം എന്താണെന്ന് അതില്‍ പറയുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരമായും വിഭാഗങ്ങളെ അധികാരത്തിലും ഭരണ സംവിധാനത്തിലും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സംവരണ വിഭാഗങ്ങള്‍ ഇന്നും സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടുന്നവരാണ്. സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടുന്നതിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്നും ദളിതര്‍ക്കെതിരേയും ആദിവാസികള്‍ക്ക് എതിരേയും നടക്കുന്ന അക്രമങ്ങള്‍ അതിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു.
സംവരണത്തിന്റെ അടുത്ത അടിസ്ഥാനം സംവരണം ഏര്‍പ്പെടുത്തുന്ന വിഭാഗത്തിന് ആ മേഖലയില്‍ മതിയായ പ്രാതിനിധ്യം ഉണ്ടോ എന്നതാണ്. നേരത്തെ തന്നെ പ്രാതിനിധ്യം ഉള്ള വിഭാഗത്തിന് സംവരണം നല്‍കാന്‍ പാടില്ല. പകരം പ്രാതിനിധ്യമില്ലാത്ത വിഭാഗത്തിന് തങ്ങളുടെ പ്രാതിനിധ്യം നേടിക്കൊടുക്കുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. ഈ പറഞ്ഞ രണ്ട് അടിസ്ഥാനങ്ങളും ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനെ സാധൂകരിക്കുന്നില്ലെന്ന് മാത്രമല്ല നേര്‍ വിപരീതവും ഭരണഘടനയുടെ ലംഘനവുമാണെന്നുമാണ് കപിക്കാട് മുന്നോട്ട് വെക്കുന്ന വിമര്‍ശനം.
മുന്നാക്ക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ദളിത് സംഘടനകള്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഭരണഘടനാ വിരുദ്ധമായ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. മുന്നാക്ക സംവരണത്തിനെതിരെ പിന്നാക്ക ന്യൂനപക്ഷ ദളിത് സഹോദര്യ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഭരണഘടനാ വിരുദ്ധമായ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നും സമിതി ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമെന്ന് നിയമവിദഗ്ധര്‍
ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും അതിനാല്‍ സാമ്പത്തികസംവരണം നടപ്പാക്കുന്നതില്‍ തടസ്സമില്ല എന്ന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത ഒരുകൂട്ടം അഭിഭാഷകരും പിന്നാലെ രംഗത്തെത്തി. ദേവസ്വം ബോര്‍ഡുകള്‍ ഭരണഘടനയിലെ 12-ാം ആര്‍ട്ടിക്കിള്‍ പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്നവയാണെന്നും അതുകൊണ്ട് തന്നെ സംവരണ നിയമങ്ങള്‍ ബോര്‍ഡിന് ബാധകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നവയല്ലെന്നും ആയതിനാല്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ തടസ്സമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് അഭിഭാഷകര്‍ രംഗത്തെത്തിയത്. സംവരണനിയമത്തില്‍ ബോര്‍ഡിന് ഇളവുകളൊന്നും തന്നെയില്ലയെന്നാണ് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ഗോവിന്ദ് കെ ഭരതന്‍ അഭിപ്രായപ്പെടുന്നത്.
വിശാഖ് ശങ്കര്‍
ഭരണഘടനയിലെ 12-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചുള്ള അതോറിറ്റികളിലൊന്നാണ് ദേവസ്വം ബോര്‍ഡ്. അതുകൊണ്ട് തന്നെ നിലവിലെ സംവരണ നിയമങ്ങള്‍ ഈ സ്ഥാപനത്തിനും ബാധകമാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുകയും ചെയ്യുമെന്നും സംവരണ നിയമങ്ങള്‍ ദേവസ്വം ബോര്‍ഡിന് നൂറുശതമാനം ബാധകവുമാണെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.
ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലെങ്കില്‍ ഒരു തരത്തിലുള്ള സംവരണം എര്‍പ്പടുത്താനും സര്‍ക്കാരിന് അവകാശമില്ല. സാമൂഹ്യമായ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സംവരണമെന്ന് വളരെ വ്യക്തമായി ഭരണഘടന അനുശാസിക്കുന്നുണ്ട്. അത്തരത്തില്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സംവരണ നിയമങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. അതിനാല്‍ സാമ്പത്തികസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി ദേവസ്വം ബോര്‍ഡ് അംഗികരിച്ചേ മതിയാകുവെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക സംവരണം സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരെന്ന് സാമൂഹ്യനിരീക്ഷകര്‍
സര്‍ക്കാര്‍ തീരുമാനം സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു തന്നെയെതിരാണെന്നാണ് സാമൂഹ്യ നിരീക്ഷകരുടെ വിലയിരുത്തല്‍.
“മുന്നോക്ക വിഭാഗത്തില്‍പ്പെട്ട സാമ്പത്തിക “പിന്നോക്ക”ക്കാര്‍ക്ക് ആ അടിസ്ഥാനത്തില്‍ ഒരുനിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തുക, അതും ജാതിസംവരണത്തിന്റെ ശതമാനം നിലവിലുള്ളതില്‍നിന്നും വര്‍ധിപ്പിച്ചുകൊണ്ട്” എന്നതാണല്ലോ ഇപ്പോള്‍ മുന്നോട്ടുവെയ്ക്കപ്പെടുന്ന നയം. പ്രത്യക്ഷത്തില്‍ പുരോഗമനപരം എന്ന് തോന്നാവുന്ന ഈ പദ്ധതിയിലെ അപകടം അത് സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം എന്ന് ചിന്തകനും സാമൂഹ്യ നിരീക്ഷകനുമായ വിശാഖ് ശങ്കര്‍ ഡൂള്‍ ന്യൂസിനോടു പറഞ്ഞു.
സംവരണം വഴി വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നവര്‍ അതുപയോഗിച്ച് അടിസ്ഥാന യോഗ്യത കൈവരിച്ച് തൊഴില്‍ സംവരണം വഴി ഉദ്യോഗം നേടുമ്പോള്‍ അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുന്നുണ്ട്. പക്ഷെ അതോടെ പിന്നോക്കാവസ്ഥയും പരിഹരിക്കപ്പെടുന്നു എന്നത് സാമ്പത്തിക സംവരണവാദികള്‍ നിര്‍മ്മിക്കുന്ന ഒരുമിത്ത് മാത്രമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ജാതിസംവരണം തങ്ങളെ പിന്നോക്കാവസ്ഥയിലേയ്ക്ക് തള്ളുന്നു എന്നൊക്കെ വിലപിക്കുമ്പോഴും നിലവിലുള്ള സംവരണ വ്യവസ്ഥയെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ തങ്ങള്‍ക്കുള്ള അമിത പ്രാതിനിധ്യം വഴി ലളിതമായി അട്ടിമറിച്ച് പോരുകയാണ് ഇവര്‍ എന്നത് കുടി ഈ അവസരത്തില്‍ ഓര്‍ക്കണമെന്നും വിശാഖ് കൂട്ടിച്ചേര്‍ക്കുന്നു.