Sports News
വിരമിക്കലിനെക്കുറിച്ച് സംസാരിച്ച് റൊണാള്‍ഡോ; അമ്പരന്ന് ഫുട്‌ബോള്‍ ലോകം!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 27, 03:57 pm
Tuesday, 27th August 2024, 9:27 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയര്‍ നിലവിലെ ക്ലബ് അല്‍ നാസറിനൊപ്പം രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി. വിരമിക്കുന്നതുവരെ സൗദി അറേബ്യയില്‍ തുടരാന്‍ പദ്ധതിയുണ്ടെന്ന് സ്ഥിരീകരിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍സ്റ്റാര്‍ തന്റെ ആദ്യ ക്ലബ്ബായ സ്പോര്‍ട്ടിംഗ് ലിസ്ബണിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷകള്‍ ഇല്ലാതാക്കി.

‘രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഞാന്‍ വിരമിക്കുമോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല, ഒരുപക്ഷേ ഞാന്‍ അല്‍ നാസറില്‍ നിന്നും വിരമിച്ചേക്കാം. ഞാന്‍ ഈ ക്ലബ്ബില്‍ വളരെ സന്തുഷ്ടനാണ്, സൗദി അറേബ്യയില്‍ കളിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, നിലവില്‍ ഇവിടെ തന്നെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ റൊണാള്‍ഡോ ഒരു പോര്‍ച്ചുഗീസ് ചാനലിനോട് പറഞ്ഞു.

‘ഞാന്‍ ദേശീയ ടീമില്‍ നിന്ന് പുറത്തുപോകുമ്പോള്‍, ഞാന്‍ ആരോടും മുന്‍കൂട്ടി പറയില്ല, അത് എന്റെ ഭാഗത്തുനിന്നുള്ള വളരെ സ്വാഭാവികമായ തീരുമാനമായിരിക്കും. മാത്രമല്ല വളരെ നന്നായി ആലോചിച്ച് എടുത്ത തീരുമാനവുമായിരിക്കും. ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നേഷന്‍സ് ലീഗ് ഉണ്ട്, ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് ദേശീയ ടീമിനെ അവരുടെ വരാനിരിക്കുന്ന മത്സരങ്ങളില്‍ സഹായിക്കുക എന്നതാണ്,’ റോണോ പറഞ്ഞു.

അല്‍ നസറിന് വേണ്ടി 67 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റൊണാള്‍ഡോ 61 ഗോളുകളും 16 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. അല്‍ നസറുമായി റൊണാള്‍ഡോക്ക് 2025 വരെയാണ് കരാര്‍ ഉള്ളത്. തന്റെ കരാര്‍ അവസാനിച്ചാല്‍ റൊണാള്‍ഡോ വീണ്ടും ക്ലബ്ബുമായി കരാറിലേര്‍പ്പെടുമോഎന്ന് കണ്ടുതന്നെ അറിയണം.

രാജ്യാന്തരതലത്തിലും വ്യത്യസ്ത ക്ലബ്ബുകള്‍ക്കും വേണ്ടി ബൂട്ട് കെട്ടി റൊണാള്‍ഡോ ഇതിനോടകം തന്നെ 898 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ കൂടി നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ 900 ഗോളുകള്‍ നേടുന്ന ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിക്കും.

 

Content Highlight: Cristiano Ronaldo Talking About retirement