തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്ന ഐ ഫോണ്‍ സന്തോഷ് ഈപ്പന്‍ നല്‍കിയത് അല്ലെന്ന് ക്രൈം ബ്രാഞ്ച്. ഉപയോഗിക്കുന്ന ഐ ഫോണ്‍ വിനോദിനിയുടെ സ്വന്തമാണെന്നും ആശയകുഴപ്പം മൂലം ഉണ്ടായ പ്രശ്‌നമാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
സംഭവത്തില്‍ വിനോദിനി ബാലകൃഷ്ണന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കവടിയാറിലെ കടയില്‍ നിന്ന് വിനോദിനി വാങ്ങിയതാണ് ഫോണ്‍ എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
സ്റ്റാച്യു ജങ്ഷനിലെ കടയില്‍നിന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയത്. എന്നാല്‍ ഈ രണ്ട് ഫോണുകളും റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് വിറ്റത് സ്പെന്‍സര്‍ ജങ്ഷനിലെ ഹോള്‍സെയില്‍ ഡീലറാണ്.
രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളിലായാണ് വിറ്റതെന്നും അതിനാല്‍ കസ്റ്റംസ് സംഘം ഹോള്‍സെയില്‍ ഡീലറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാകാം വിനോദിനിയുടെ ഫോണും സന്തോഷ് ഈപ്പന്‍ നല്‍കിയതാണെന്ന വാദത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് പ്രതിചേര്‍ത്ത യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുലേറ്റിനു നല്‍കിയ ഐ ഫോണുകളിലൊന്ന് വിനോദിനി ബാലകൃഷ്ണനാണ് നല്‍കിയതെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍.
തുടര്‍ന്ന് ചോദ്യം ചെയ്യലിനായി വിനോദിനിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെത് സ്വന്തം ഫോണ്‍ ആണെന്ന് വിനോദിനി പറഞ്ഞിരുന്നു.
വിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്ന് സന്തോഷ് ഈപ്പനും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക