നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്‌തേക്കും
Kerala News
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്‌തേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd March 2022, 2:58 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ദിലീപിനെത്തിച്ച് നല്‍കിയ വി.ഐ.പി ശരത്തുമായി കാവ്യ ഫോണില്‍ സംസാരിച്ചതിനെ കുറിച്ച് സംഘം ചോദിച്ചറിയാനാണ് സാധ്യത.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണമുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘം പറഞ്ഞത്.

‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ,’ എന്നായിരുന്നു കാവ്യ ശരത്തിനോട് ചോദിച്ചിരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിനോട് കാവ്യ മറുപടി പറയേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനൊപ്പം തന്നെ ദൃശ്യങ്ങളെത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണെന്ന സാക്ഷി സാഗറിന്റെ മൊഴിയെ കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയ വി.ഐ.പി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണസംഘം നേരത്തെ പറഞ്ഞിരുന്നു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

വി.ഐ.പി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്.

Content Highlights: Crime Branch plans to question Kavya Madhavan