ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍. 8 കോടി രൂപയ്ക്കായിരുന്നു താരം മുംബൈ സ്‌ക്വാഡിന്റെ ഭാഗമായത്.
ഐ.പി.എല്ലില്‍ ഏറെ പ്രീതി നേടിയ താരമായിരുന്നു ആര്‍ച്ചര്‍. രാജസ്ഥാനൊപ്പം 35 മത്സരം കളിച്ച താരം 46 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
താരത്തിന്റെ പരിക്കും നാഷണല്‍ ടീമിനൊപ്പമുള്ള ടൈറ്റ് ഷെഡ്യൂളും കാരണം മിക്ക ടീമുകളും ലേലത്തില്‍ ആര്‍ച്ചറിന്റെ കാര്യത്തില്‍ താത്പര്യം കാണിച്ചിട്ടുണ്ടായിരുന്നില്ല.
എന്നാല്‍, ഈ പ്രശ്‌നങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മുംബൈ ഇന്ത്യന്‍സ് 8 കോടി രൂപയ്ക്ക് 26കാരനെ ടീമിലെത്തിച്ചിരിക്കുന്നത്.
മുംബൈ ടീമില്‍ സെലക്ട് ആയതിനെ കുറിച്ച് പറയുകയാണ് താരം. +91 എന്ന ഇന്ത്യന്‍ നമ്പറില്‍ നിന്നും കോള്‍ വന്നപ്പോള്‍ തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് മനസിലായിരുന്നുവെന്നും താരം പറയുന്നു.
‘ഒരേ സമയം നിരവധി മെസേജുകളാണ് എനിക്ക് വന്നുകൊണ്ടിരുന്നത്. എനിക്കാണെങ്കില്‍ അതൊന്നും നോക്കാന്‍ സാധിച്ചിരുന്നില്ല. അവസാനം മുംബൈ ടീമിലെ ആരോ എന്നെ വിളിക്കുകയായിരുന്നു. +91ല്‍ തുടങ്ങുന്ന നമ്പറില്‍ നിന്നുള്ള കോളുകള്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് കാര്യം മനസിലായി.
മുംബൈ ഒരു മികച്ച ഫ്രാഞ്ചൈസി ആണെന്നുള്ളതുതന്നെ എന്നെ ഏറെ ആവേശത്തിലാഴ്ത്തി. ടീമിനൊപ്പം ഗെയിമുകളും ട്രോഫികളും നേടിക്കൊണ്ട് തുടങ്ങണമെന്നുതന്നെയാണ് ആഗ്രഹം,’ ആര്‍ച്ചര്‍ പറയുന്നു.
മികച്ച സ്‌ക്വാഡുമായാണ് മുംബൈ ഇത്തവണ കളത്തിലിറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മയും ബൗളിംഗ് ആക്രമണത്തിന് നേതൃത്വം കൊടുക്കാന്‍ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തുന്ന കെയ്‌റോണ്‍ പൊള്ളാര്‍ഡും അടങ്ങുന്ന ടീം തങ്ങളുടെ പടയോട്ടത്തിന് സജ്ജരാണ്.
മാര്‍ച്ച് 27നാണ് മുംബൈയുടെ ആദ്യ മത്സരം. ദല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍.