സഖാക്കളെ, ഇത്തരമൊരു ദിവസം എന്റെ വന്യമായ സ്വപ്‌നങ്ങളില്‍ പോലുമില്ലായിരുന്നു; ബ്രിഗേഡ് പരേഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമം പങ്കുവെച്ച് ബുദ്ധദേബ് ഭട്ടാചാര്യ
കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചരണം തുടങ്ങാനിരിക്കുന്ന ഇടതുമുന്നണിയുടെ ബ്രിഗേഡ് പരേഡില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ പങ്കെടുക്കില്ല. അനാരോഗ്യം മൂലം പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ ഡിസംബറില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടര്‍ന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേക്ക് മാറ്റിയിരുന്നു.
ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന വാര്‍ഷിക പൊതുസമ്മേളനം ബംഗാളിലെ സി.പി.ഐം.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആവേശം നിറയ്ക്കുന്ന ഒന്നാണ്. ബുദ്ധദേബ് ഭട്ടാചാര്യ ഇല്ലാത്ത ഇത്തരം പൊതുസമ്മേളനങ്ങള്‍ സംസ്ഥാനത്ത് സി.പി.ഐ.എമ്മിന് വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ.
‘ഇതൊരു വലിയ കൂടിച്ചേരലായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ പരിപാടിയില്‍ ശാരീരികമായി പങ്കെടുക്കാന്‍ പറ്റാത്തതിലുള്ള എന്റെ മനപ്രയാസം വിശദീകരിക്കാന്‍ കഴിയില്ല. എന്റെ സഖാക്കള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ഞാന്‍ അനാരോഗ്യം കാരണം വീട്ടിലാണ്. എന്റെ വന്യമായ സ്വപ്‌നങ്ങളില്‍പ്പോലും ഇതുപോലൊരു ദിവസം ഞാന്‍ വീട്ടില്‍ ഇരിക്കുമെന്ന് കരുതിയിരുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’, അദ്ദേഹം പറഞ്ഞു.
2000 മുതല്‍ 2011 വരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 1966-ല്‍ സി.പി.ഐ.എം അംഗമായി പ്രവര്‍ത്തനം തുടങ്ങിയ ബുദ്ധദേവ് ഭട്ടാചാര്യ 1968-ല്‍ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി.
1971-ല്‍ സി.പി.ഐ.എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായും, തുടര്‍ന്ന് 1982-ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1984-ല്‍ പശ്ചിമ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985-ല്‍ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000-ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു. 1977-ല്‍ പശ്ചിമ ബംഗാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയായി. 1996-ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999-ല്‍ ഉപ മുഖ്യമന്ത്രിയുമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക