'പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു'; മുഖ്യമന്ത്രിയെ പിന്തുണച്ചും തോമസ് ഐസക്കിനെ തള്ളിയും സി.പി.ഐ.എം
Kerala
'പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു'; മുഖ്യമന്ത്രിയെ പിന്തുണച്ചും തോമസ് ഐസക്കിനെ തള്ളിയും സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st December 2020, 2:46 pm

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിലും സര്‍ക്കാരിലും അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരവേല അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്.

കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.

കെ.എസ്.എഫ്.ഇയെ പോലുള്ള മികവാര്‍ന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളാണ് അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും സി.പി.ഐ.എം വ്യക്തമാക്കി.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ നല്ല സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്.

എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്.

പാര്‍ട്ടിയും എല്‍.ഡി.എഫും ഒറ്റക്കെട്ടാണെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്ന പ്രധാന ഘടകമാണ്. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. അതാണ് ഇപ്പോഴത്തെ പ്രചാര വേലകളില്‍ പ്രതിഫലിക്കുന്നത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണ്. കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. അതിനെ തകര്‍ക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്നാണ് കെ.എസ്.എഫ്.ഇ വിവാദം ചര്‍ച്ചക്ക് എടുത്തത്. പരിശോധനക്ക് എതിരായ തന്റെ നിലപാടില്‍ തോമസ് ഐസക്ക് ഉറച്ചുനിന്നപ്പോള്‍ വിജിലന്‍സിനെ പൂര്‍ണ്ണമായും ശരിവെച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇതിന് ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഔദ്യോഗിക വാര്‍ത്താ കുറിപ്പ് ഇറക്കിയത്.

കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് പരിശോധന വിവാദത്തിലും നേതാക്കളുടെ പരസ്യ പ്രതികരണത്തിലും വലിയ അതൃപ്തിയാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിനും ഉള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM Secreteriate on KSFE conflict