തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സി.പി.ഐ.എം. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സീറ്റാണ് സി.പി.ഐ.എമ്മിനുള്ളത്. ഒരു സീറ്റ് നിയമസഭയിലെ പ്രതിപക്ഷത്തിനാണ്. നിരവധി പേരുകളാണ് സി.പി.ഐ.എമ്മിന്റെ സാധ്യതപ്പട്ടികയില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്.
ചെറിയാന്‍ ഫിലിപ്പിനായിരിക്കും ഒരു സീറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭ സീറ്റ് നല്‍കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് നിമയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതെന്നും സൂചനകളുണ്ട്.
കൈരളി ടി വി എം.ഡി ജോണ്‍ ബ്രിട്ടാസും പ്രധാന പരിഗണന ലഭിക്കുന്നവരുടെ പട്ടിതയിലുണ്ടെന്നാണ് സൂചനകള്‍. ബ്രിട്ടാസിനെ രാജ്യസഭയിലെത്തിക്കാന്‍ നേരത്തെയും സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. പക്ഷെ പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സീറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്രാവശ്യം ബ്രിട്ടാസിന് മുന്‍ വര്‍ഷങ്ങളേക്കാള്‍ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, ടേം പൂര്‍ത്തിയാക്കുന്ന കെ. കെ രാഗേഷിന് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് ആവശ്യമുയരുന്നുണ്ട്.കിസാന്‍സഭ ദേശീയ നേതാവെന്ന നിലയില്‍ കര്‍ഷകപ്രതിഷേധത്തിലടക്കമുള്ള രാഗേഷിന്റെ പ്രവര്‍ത്തനങ്ങളും മികച്ച രാജ്യസഭാംഗമെന്ന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് രാഗേഷിന് തുടരാന്‍ അവസരം നല്‍കണമെന്ന് ആവശ്യമുയരുന്നത്.
എസ്.എഫ്.ഐ മുന്‍ ദേശീയ ഭാരവാഹിയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ ഡോ. വി.ശിവദാസനും സാധ്യതപ്പട്ടികയിലുണ്ട്. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം. എം വര്‍ഗീസാണ് സാധ്യതാപ്പട്ടികയിലുള്ള മറ്റൊരാള്‍.
കേരള മന്ത്രിസഭയില്‍ നിന്ന് ഒഴിയുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, എ.കെ ബാലന്‍, തോമസ് ഐസക് തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. രണ്ട് തവണ തുടര്‍ച്ചയായി എം.എല്‍.എയായവരെ നിയമസഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും സി.പി.ഐ.എം ഒഴിവാക്കിയിരുന്നു.
മുതിര്‍ന്ന നേതാവായ ജി.സുധാകരന്റെയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരും സാധ്യതാ പട്ടികയില്‍ ഉയര്‍ന്നുവരുന്നുണ്ട്.
അതേസമയം, യു.ഡി.എഫില്‍ നിന്നും പി.വി അബ്ദുള്‍ വഹാബ് രാജ്യസഭയിലേക്കെത്തുമെന്ന് തന്നെയാണ് അവസാന ഘട്ടത്തിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റാരുടെയും പേര് സാധ്യതപ്പട്ടികയില്‍ ഉയര്‍ന്നിട്ടില്ല. അടുത്ത ചൊവ്വാഴ്ച വരെയാണ് പത്രിക നല്‍കാനുള്ള സമയം. ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക