national news
'ജനവിരുദ്ധ കേന്ദ്ര ബജറ്റും, തെറ്റായ സാമ്പത്തിയ നയവും'; ഫെബ്രുവരി 22 മുതല്‍ 28 വരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സി.പി.ഐ.എം
ന്യൂദല്‍ഹി: സമ്പദ്ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവുമാണ് കേന്ദ്ര ബജറ്റ് നിര്‍ദേശങ്ങളെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. മുമ്പേ മാന്ദ്യത്തിലായിരുന്ന സമ്പദ്ഘടന കൊവിഡ് മഹാമാരിയുടെ ആഘാതത്തില്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആഭ്യന്തര ഡിമാന്റ് ഉയര്‍ത്താനും ആവശ്യമായ നടപടികളാണ് ബജറ്റില്‍ പ്രഖ്യാപിക്കേണ്ടിയിരുന്നതെന്നും, ഈ അവസ്ഥ നേരിടുന്നതില്‍ ബജറ്റ് പരാജയപ്പെട്ടെന്നും സി.പി.ഐ.എം പി.ബി വിമര്‍ശിച്ചു.
ജനവിരുദ്ധ ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 22 മുതല്‍ 28 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി.പി.ഐ.എം അറിയിച്ചു.
ധനക്കമ്മി കുറയ്ക്കാനായി സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുകയാണ്, സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഇളവും നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷം രാജ്യത്ത് ഉല്‍പാദിപ്പിച്ച സ്വത്തിന്റെ 40.5 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനം കയ്യടക്കിയെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട് വന്നിരിക്കെയാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.
ചെലവ് ചുരുക്കല്‍ ബജറ്റ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. നടപ്പ് വര്‍ഷത്തെ പുതുക്കിയ ബജറ്റിനെ അപേക്ഷിച്ച് ഏഴ് ശതമാനം മാത്രം കൂടുതല്‍ തുകയാണ് 2023-24ലെ ബജറ്റില്‍ സര്‍ക്കാര്‍ ചെലവ്. പണപ്പെരുപ്പം ഉള്‍പ്പടെ ചേര്‍ത്തുള്ള കണക്കില്‍ ഇക്കാലയളവില്‍ ജി.ഡി.പി വളര്‍ച്ചനിരക്ക് 10.5 ശതമാനമാണ്.
അങ്ങനെ ജി.ഡി.പി വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ചെലവ് കുറയുകയാണ്. പലിശച്ചെലവ് കൂടി എടുത്താല്‍ സര്‍ക്കാര്‍ ചെലവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5.4 ശതമാനം മാത്രമാണ് കൂടുതല്‍. ജനസംഖ്യ ഒരു ശതമാനം വളര്‍ന്നിട്ടുമുണ്ട്. ഇതെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ ബജറ്റ് അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് വ്യക്തം.
ധനപരമായ ഫെഡറലിസം തകര്‍ക്കുന്ന പ്രവണത ബജറ്റില്‍ ആവര്‍ത്തിക്കുന്നു. വരുമാനത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കുന്നില്ല. സംസ്ഥാനങ്ങള്‍ കടമെടുക്കുന്നതിന് കൂടുതല്‍ നിബന്ധനകള്‍ അടിച്ചേല്‍പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
‘സമ്പന്നര്‍ക്കുള്ള ഇളവുകള്‍ അടക്കം മൊത്തം നികുതി സൗജന്യങ്ങള്‍ വഴി 35,000 കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുമെന്ന് ധനമന്ത്രി പറയുന്നു.
കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ പൊതുനിക്ഷേപങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉയര്‍ന്ന വേതനത്തോടെ നടപ്പാക്കാന്‍ മതിയായ വിഹിതം അനുവദിക്കണം, അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതിനൊപ്പം സബ്സിഡി നിരക്കിലും അഞ്ച് കിലോഗ്രാം ധാന്യം നല്‍കണം, സ്വത്ത് പാരമ്പര്യ സ്വത്ത് നികുതി ഏര്‍പ്പെടുത്തണം, ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും ചുമത്തിയ ജി.എസ്.ടി പിന്‍വലിക്കണം.
ഈ ആവശ്യങ്ങള്‍ നേടിയെടുക്കാനും ജനവിരുദ്ധ ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചും ഫെബ്രുവരി 22 മുതല്‍ 28 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും.
ജനങ്ങളുടെ ജീവിതമാര്‍ഗം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ സി.പി.ഐ.എം പി.ബി. പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: CPIM Politburo says that the central budget proposals are shrinking the economy and anti-people