ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ വിധികളെ നിരാകരിച്ച് ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള മോദി സര്‍ക്കാരിന്റെ നടപടികളെ അപലപിക്കുന്നതായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ശുപാര്‍ശ ചെയ്യാനുള്ള സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനയിലാണ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയുടെ പ്രതികരണം.
കമ്മീഷന്‍ അംഗങ്ങളുടെ നിയമനാധികാരം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഈ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു. എക്സിക്യൂട്ടീവ് സമ്മര്‍ദങ്ങളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും സ്വതന്ത്രമായ നിഷ്പക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇല്ലാതാക്കുമെന്നും പ്രസ്താനവയില്‍ കൂട്ടിച്ചേര്‍ത്തു.
‘മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കേണ്ടത് പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന ഒരു സമിതിയാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഈ ഉത്തരവ് മറികടക്കാന്‍ പുതുതായി അവതരിപ്പിച്ച ബില്ലില്‍ മോദി സര്‍ക്കാര്‍ സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം ‘പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി’യെ നിര്‍ദേശിച്ചിരിക്കുകയാണ്.