കരുവന്നൂര്‍ കേസില്‍ സി.പി.ഐ.എം നേതാവ് അരവിന്ദാക്ഷന് ജാമ്യം
Kerala News
കരുവന്നൂര്‍ കേസില്‍ സി.പി.ഐ.എം നേതാവ് അരവിന്ദാക്ഷന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 11:52 am

കൊച്ചി: കരുവന്നൂര്‍ കേസില്‍ സി.പി.ഐ.എം നേതാവ് പി. ആര്‍. അരവിന്ദാക്ഷന് ജാമ്യം.ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

അരവിന്ദാക്ഷനൊപ്പം ബാങ്കിലെ മുന്‍ ബാങ്ക് അക്കൗണ്ടായ സി.കെ. ജില്‍സിനും ജാമ്യം ലഭിച്ചിട്ടുണ്ട്.

ജാമ്യം നിഷേധിക്കാന്‍ ഈ ഘട്ടത്തില്‍ പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ടുപേര്‍ക്കുമെതിരെ മുമ്പ് കേസുകള്‍ ഇല്ലാതിരുന്നതും ജാമ്യം ലഭിക്കാന്‍ സഹായകമായി.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കൃത്യമായി അന്വേഷണത്തിനോടും എന്‍ഫോഴ്സിനോടും സഹകരിക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്ന് ഇ.ഡി കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മറ്റ് സാമ്പത്തിക ഇടപാടുകളെ ഇ.ഡി കള്ളപ്പണ ഇടപാടായി വ്യാഖ്യാനിക്കുകയാണെന്ന് അരവിന്ദാക്ഷനും വാദിച്ചു.

എറണാകുളം പി.എം.എല്‍.എ കോടതി കോടതി ജാമ്യ ഹരജി തള്ളിയതോടെയാണ് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 334 കോടി രൂപ വെളുപ്പിച്ചെന്ന പേരില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷന്‍.

ജൂണില്‍ മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി ഇദ്ദേഹത്തിന് ഹൈക്കോടതി പത്ത് ദിവസത്ത ജാമ്യം അനുവദിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യുന്നത്. ബാങ്കിലെ കള്ളപ്പണ ഇടപാടുകള്‍ അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നാണ് ഇ.ഡിയുടെ വാദം. ബാങ്കില്‍ അരവിന്ദാക്ഷന് 50 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും ഇത് ബിനാമി ഇടപാടിലൂടെ ലഭിച്ചതാണെന്നും ഇ.ഡി പറയുന്നു.

വടക്കാഞ്ചേരി നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു അരവിന്ദാക്ഷന്‍. കേസില്‍ അറസ്റ്റിലാവുന്ന ആദ്യ രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

Content Highlight: CPIM leader Aravindakshan granted bail in Karuvannur case