സി.പി.ഐ.എം അഴിമതി നിറഞ്ഞ പാർട്ടിയായി മാറി, റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു: കാരാട്ട് റസാഖ്
Kerala News
സി.പി.ഐ.എം അഴിമതി നിറഞ്ഞ പാർട്ടിയായി മാറി, റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു: കാരാട്ട് റസാഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2024, 12:55 pm

തിരുവനന്തപുരം: ഇടത് മുന്നണി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ്. സി.പി.ഐ.എം പാർട്ടിക്കെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും വീണ്ടും ആരോപങ്ങളുമായി കാരാട്ട് റസാഖ് രംഗത്തെത്തി. താൻ കൊണ്ടുവന്ന പല പദ്ധതികളും മന്ത്രി റിയാസ് അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.

എം.കെ മുനീറും കാരാട്ട് റസാഖും മത്സരിച്ചപ്പോൾ തനിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് റസാഖ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇപ്പോൾ ടുറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ആരോപങ്ങൾ ഉയർത്തിയിരിക്കുകയാണ് അദ്ദേഹം. ഒരാഴ്ച സമയമാണ് അദ്ദേഹം സി.പി.ഐ.എമ്മിന് നൽകിയിരിക്കുന്നത്.

മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അത് ഇപ്പോൾ രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സി.പി.ഐ.എം. അതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ഏറെ കാലമായി അദ്ദേഹം സി.പി.ഐ.എം നേതൃത്വവുമായി സ്വരചേർച്ചയിലായിരുന്നില്ല.

അദ്ദേഹം എം.എൽ.എ ആയിരുന്ന സമയത്ത് കിഫ്‌ബി പദ്ധതി വഴി 45 കോടി രൂപ ചെലവ് വരുന്ന സിറാജ് ബൈപാസ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് ശേഷം എം.എൽ.എയായ എം.കെ. മുനീർ ഈ പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനെ സമീപിച്ചു ഇത് കാരാട്ടിനെ ചൊടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ചേലക്കരയിൽ വെച്ച് അൻവറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അൻവറിന്റെ ഡി.എം.കെ പാർട്ടിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. പുതിയ പാർട്ടി രൂപീകരിക്കുന്നതിനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: CPIM has become a corrupt party, Riaz is hijacking the party: Karat Razak