എല്‍.ഡി.എഫിനെ പിന്തുണക്കുന്നവരെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സി.പി.ഐ.എം: തീരുമാനം മുന്നണി യോഗത്തിന് ശേഷം
Kerala
എല്‍.ഡി.എഫിനെ പിന്തുണക്കുന്നവരെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സി.പി.ഐ.എം: തീരുമാനം മുന്നണി യോഗത്തിന് ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2018, 6:57 pm

തിരുവനന്തപുരം: ഇടതുമുന്നണിയുടെ വിപുലീകരണത്തിന് സി.പി.ഐ.എം തീരുമാനം. എല്‍.ഡി.എഫിനെ പിന്തുണക്കുന്ന സംഘടനകളെക്കൂടെ മുന്നണിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫിലെ മറ്റ് കക്ഷികളെ കൂടി ഉള്‍പ്പെടുത്തിയുള്ള സര്‍വ്വകക്ഷിയോഗം 26ന് ചേരും.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് സി.പി.ഐ.എം യോഗം വിലയിരുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മുന്നണി വിട്ട സംഘടനകളേയും പുറത്ത് നിന്ന് സഹകരിക്കുന്നവരേയും ഉള്‍പ്പെടുത്തുന്ന കാര്യം മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യും.


ALSO READ: ഞങ്ങളുടെ ലോകം തകര്‍ന്നു, പാല്‍ തരുന്ന പശുവിനെ കൊണ്ട് വരുന്നതില്‍ എന്താണ് കുഴപ്പം: അല്‍വാറില്‍ കൊല്ലപ്പെട്ട അക്തറിന്റെ കുടുംബം


കാലങ്ങളായി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന ഐ.എന്‍.എലിനെ മുന്നണിയിലെടുക്കുന്ന കാര്യമാണ് കാര്യമായി പരിഗണിക്കുക. ഇതില്‍ മറ്റ് സഖ്യകക്ഷികളുടെ നിലപാട് സി.പി.ഐ.എം ആരായും.

ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ മുന്നണി പ്രവേശവും എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാവും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി ലെനിനിസ്റ്റ്, കേരള കോണ്‍ഗ്രസ് ബി എന്നീ സംഘടനകള്‍ നിലവില്‍ എല്‍.ഡി.എഫില്‍ ഇല്ല.

കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ പ്രധാനമന്ത്രി അപമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്താനും, സി.പി.ഐ.എം തീരുമാനത്തിലുണ്ട്.