ഹിജാബ് നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരം: ബൃന്ദ കാരാട്ട്
Kerala
ഹിജാബ് നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരം: ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd March 2022, 11:08 am

ന്യൂദല്‍ഹി: ഹിജാബിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മുസ്‌ലിം പെണ്‍കുട്ടികളെ ആക്രമിക്കല്‍ മാത്രമല്ല അവരുടെ പഠിക്കാനുള്ള ഭരണഘടനാ അവകാശത്തെ ഇല്ലാതാക്കലും കൂടിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കാന്‍ ആര്‍ക്കാണ് അധികാരമെന്നും അവര്‍ ചോദിച്ചു. ദേശാഭിമാനി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

‘സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കാന്‍ ആര്‍ക്കാണ് അധികാരം. എന്തുകൊണ്ടാണ് ആണുങ്ങള്‍ തലപ്പാവ് ധരിച്ച് സ്‌കൂളിലോ കോളേജിലോ വരരുതെന്ന് പറയാത്തത്. സ്ത്രീയുടെയും പുരുഷന്റെയും വിഷയത്തില്‍ ഇരട്ടനിലപാടാണ് ഭരണക്കാര്‍ക്ക്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. പ്രധാനമന്ത്രിയുടെ നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണ്. തല മറയ്ക്കുന്ന സ്‌കാര്‍ഫ് മാത്രമാണ് ഹിജാബ്. ബുര്‍ഖയല്ല. തെറ്റിദ്ധാരണ പരത്തുകയാണിവിടെ. ഹിജാബിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മുസ്‌ലിം പെണ്‍കുട്ടികളെ ആക്രമിക്കല്‍ മാത്രമല്ല, അവരുടെ പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കലുമാണ്. കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കയാണ്,’ ബൃന്ദ കാരാട്ട് പറഞ്ഞു.

‘സ്ത്രീ പുരുഷനെക്കാള്‍ ഏഴടി പിന്നില്‍ നില്‍ക്കണമെന്നാണ് മനുവാദികള്‍ പറയുന്നത്. സ്ത്രീ വീട്ടുജോലിക്കും പ്രസവിക്കാനും മാത്രമുള്ളവരാണെന്ന് മോഹന്‍ ഭാഗവതിനെപ്പോലുള്ളവരും പറയുന്നു. ആദര്‍ശകുടുംബം അങ്ങനെയായിരിക്കണമെന്ന് അവര്‍ വാദിക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്ത്രീകളെ പലതരത്തില്‍ ബാധിക്കുന്നു. പുരുഷാധിപത്യം നമ്മുടെ സാമൂഹ്യ വ്യവസ്ഥയില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. തൊഴില്‍ ലഭ്യതയിലും കൂലിയിലുമൊക്കെ സ്ത്രീകള്‍ പിന്നോട്ടടിച്ചു. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലും യുവതികള്‍ക്ക് നിഷേധിക്കുന്നു. അതിനൊപ്പം ലൗ ജിഹാദ്, ദുരഭിമാനഹത്യ തുടങ്ങി സ്ത്രീ പ്രശ്‌നങ്ങള്‍ നിരവധിയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടിയെന്നും ബി.ജെ.പിയുടെ ഏറ്റവും പ്രധാന തുറുപ്പ് ചീട്ട് വര്‍ഗീയതയാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റ ശക്തി ക്ഷയിച്ചെന്നും ബി.ജെ.പിക്ക് വഴങ്ങുന്ന നിലപാടാണ് അവരുടേത് എന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. ഒന്നിലും നിലപാടില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്. നേതാക്കള്‍ ഏതു നിമിഷവും ബി.ജെ.പിയിലേക്ക് ചാടാം. കോണ്‍ഗ്രസാണ് നവ ഉദാരവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. അദാനിക്കും അംബാനിക്കുമൊക്കെ വളംവച്ചുകൊടുത്തത് അവരാണ്. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.