NATIONALNEWS
ഗോ സംരക്ഷണത്തിനായി കോടികൾ ചെലവഴിവച്ച രാജസ്ഥാൻ തെരുവുകളിൽ നിരനിരയായി പശുക്കളുടെ ജഡങ്ങൾ; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 11, 07:42 am
Sunday, 11th August 2024, 1:12 pm

ജയ്പൂർ: ഗോ സംരക്ഷണത്തിന് വേണ്ടി എല്ലാവർഷവും കോടികൾ ചെലവഴിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. 2015 മുതൽ 2021 വരെ 1,242.56 കോടി രൂപ ഗോ സംരക്ഷണ കേന്ദ്രങ്ങൾക്കായി ചെലവഴിച്ചെന്ന് രാജസ്ഥാൻ സർക്കാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ തെരുവുകളിൽ നിരനിരയായി കിടക്കുന്ന പശുക്കളുടെ ജഡത്തിന്റെ വീഡിയോ ദൃശ്യമാണിപ്പോൾ ചർച്ചയാകുന്നത്.

ഇത്രയധികം പണം ചെലവഴിച്ച് ഗോ സംരക്ഷണ കേന്ദ്രങ്ങൾ നിർമിച്ചിട്ടും രാജസ്ഥാൻ തെരുവുകളിൽ ഇത്രത്തോളം പശുക്കളുടെ ജഡം കാണപ്പെട്ടതെങ്ങനെയെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ഉയരുന്നു.

മലയാളി വ്ലോഗെർ ആയ സനു സാൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജസ്ഥാനിലൂടെ സഞ്ചരിക്കവേ വഴിയരികിൽ മറവ് ചെയ്യപ്പെടാതെ കിടക്കുന്ന പശുക്കളുടെ ജഡങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്ത വിഡിയോയിൽ ഉള്ളത്. പുതിയതും പഴയതുമായ 50 ൽ അധികം ജഡങ്ങളാണ് മറവ് ചെയ്യപ്പെടാതെ വഴിയരികിൽ കിടക്കുന്നത്. പലതും ജീർണിച്ച അവസ്ഥയിലാണ്.

പശുക്കൾ വാഹനമിടിച്ചോ മറ്റ് അസുഖങ്ങളാലോ ചത്തതാവാമെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഗോ സംരക്ഷണത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്ന സംസ്ഥാനത്താണ് മറവ് ചെയ്യപ്പെടുക പോലും ചെയ്യാതെ പശുക്കളുടെ ജഡം വഴിയരികിൽ കിടക്കുന്നത്.

കഴിഞ്ഞ ജൂലായിലാണ് മദ്യത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ഗോസംരക്ഷണ സെസ് 20 ശതമാനത്തിൽ നിന്ന് 25 ശതമാനമായി രാജസ്ഥാൻ സർക്കാർ ഉയർത്തിയത്. ഗോശാലകളിലെ (പശു സംരക്ഷണ കേന്ദ്രങ്ങളിൽ) കാലിത്തീറ്റയ്ക്കുള്ള സബ്‌സിഡി കാലയളവ് ഒമ്പത് മാസം മുതൽ ഒരു വർഷം വരെ നീട്ടുന്നതിന് വേണ്ടിയായിരുന്നു സെസ് വർധിപ്പിച്ചത്.

 

ഗോശാലകൾക്ക് കാലിത്തീറ്റ നൽകുന്നതിനായി സർക്കാർ പ്രതിവർഷം 1,225 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നിട്ടും വീഡിയോ ദൃശ്യത്തിൽ അലഞ്ഞ് നടക്കുന്ന മറ്റ് പശുക്കൾ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കഴിക്കുന്നതും കാണാവുന്നതാണ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധിപേർ വിമർശനവുമായി മുന്നോട്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിൽ ഗോമാതാവിനോടുള്ള സ്നേഹമല്ല മറിച്ച് മുസ്‌ലിം വിഭാഗത്തിനോടുള്ള വിദ്വേഷമാണ് ഉള്ളതെന്നും അതിനാലാണ് അവർ ഗോസംരക്ഷകരെന്ന പേരിൽ ആക്രമണം നടത്തുന്നതെന്നുമുള്ള നിരവധി കമെന്റുകളാണ് വീഡിയോക്ക് കീഴിൽ വന്നിരിക്കുന്നത്.

അവർ ഗോ മാതാവിന്റെ പേര് പറയുന്നത് മുസ്‌ലിങ്ങളെ കൊല്ലാൻ വേണ്ടിയാണ് അല്ലാതെ ഗോമാതാവിനോടുള്ള സ്നേഹം കൊണ്ടല്ല. ഇത് മുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലമായിരുന്നരെങ്കിൽ വലിയ കലാപം നടന്നേനെയെന്നാണ് വീഡിയോയുടെ താഴെ വന്ന ഒരു കമെന്റ്.

‘രാജസ്ഥാനിൽ കണ്ടത് പോലെ ഒരു പശുവിന്റെ ജഡം കേരളത്തിലെ മലപ്പുറത്ത് കണ്ടിരുന്നെങ്കിൽ വിഷയം ഏത് രീതിയിലേക്ക് മാറുമെന്ന് ചിന്തിച്ച് നോക്കൂ’ എന്നാണ് മറ്റൊരു കമെന്റ് വന്നിരിക്കുന്നത്.

 

 

Content Highlight: Cow carcasses on Rajasthan streets; Video