തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിലവില്‍ വന്നു. രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്.
ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി 188 കോടി വാക്‌സിന്‍ ഡോസുകള്‍ വര്‍ഷാവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം പറഞ്ഞിരുന്നു.
കേന്ദ്ര ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡിന്റെ മൂന്നാം തരംഗം വൈകുമെന്ന നിഗമനത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് നീക്കം. പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
വാക്‌സിന്‍ ലഭ്യത ഉറപ്പായാല്‍ നിബന്ധനകള്‍ ഒഴിവാക്കി എല്ലാവര്‍ക്കും എളുപ്പത്തില്‍ വാക്‌സിന്‍ എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.